2 SAMUELA 4

4
ഈശ്-ബോശെത്ത് വധിക്കപ്പെടുന്നു
1അബ്നേർ ഹെബ്രോനിൽവച്ചു മരിച്ചു എന്നു കേട്ടപ്പോൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിന്റെ ആത്മധൈര്യം നഷ്ടപ്പെട്ടു. ഇസ്രായേൽജനം എല്ലാവരും അമ്പരന്നു. 2ആക്രമണങ്ങൾക്കു നേതൃത്വം നല്‌കുന്ന ബാനാ, രേഖാബ് എന്നീ രണ്ടു പേർ ഈശ്-ബോശെത്തിനുണ്ടായിരുന്നു; ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനും ബെരോത്ത്നിവാസിയുമായ രിമ്മോന്റെ പുത്രന്മാരായിരുന്നു അവർ. ബെരോത്ത്നിവാസികൾ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവരായിട്ടാണ് കരുതപ്പെടുന്നത്. 3ഗിത്ഥയീമിലേക്ക് ഓടിപ്പോയ ബെരോത്യർ ഇന്നും പരദേശികളായി അവിടെ പാർക്കുന്നു.
4ശൗലിന്റെ പുത്രനായ യോനാഥാനു മുടന്തനായ ഒരു പുത്രൻ ഉണ്ടായിരുന്നു. ജെസ്രീലിൽനിന്നു ശൗലിന്റെയും യോനാഥാന്റെയും മരണവാർത്ത കേട്ടപ്പോൾ അഞ്ചു വയസ്സുള്ള അവനെ എടുത്തുകൊണ്ട് അവന്റെ വളർത്തമ്മ ഓടി. അവൾ തിടുക്കത്തിൽ ഓടുമ്പോൾ അവൻ നിലത്തുവീണു; ആ വീഴ്ച അവനെ മുടന്തനാക്കി. മെഫീബോശെത്ത് എന്നായിരുന്നു അവന്റെ പേര്.
5ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും ഈശ്-ബോശെത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. മധ്യാഹ്നമായപ്പോൾ അവർ അയാളുടെ വീട്ടിലെത്തി. 6അപ്പോൾ അയാൾ വിശ്രമിക്കുകയായിരുന്നു. വീട്ടുവാതില്‌ക്കൽ കോതമ്പു പാറ്റിക്കൊണ്ടിരുന്ന വാതിൽകാവൽക്കാരിയായ സ്‍ത്രീ മയങ്ങിപ്പോയിരുന്നതുകൊണ്ട് രേഖാബും അവന്റെ സഹോദരൻ ബാനായും പതുങ്ങിപ്പതുങ്ങി ഉള്ളിൽ കടന്നു. 7അവർ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഈശ്-ബോശെത്ത് കിടപ്പറയിൽ ഉറങ്ങുകയായിരുന്നു. അവർ അയാളെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത തലയുമായി അവർ അരാബായിൽകൂടി രാത്രി മുഴുവൻ യാത്ര ചെയ്തു. 8അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പിൽ കൊണ്ടുവന്നു പറഞ്ഞു: “അങ്ങയെ വധിക്കാൻ ശ്രമിച്ച അങ്ങയുടെ ശത്രുവായ ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ തലയാണിത്. എന്റെ യജമാനനായ രാജാവിനുവേണ്ടി സർവേശ്വരൻ ശൗലിനോടും അവന്റെ സന്തതിയോടും ഇന്നും പ്രതികാരം ചെയ്തിരിക്കുന്നു.” 9ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും ബാനായോടും പറഞ്ഞു: “സകല വിപത്തുകളിൽനിന്നും എന്നെ രക്ഷിച്ച സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു: 10ഞാൻ സിക്ലാഗിലായിരുന്നപ്പോൾ ശൗലിന്റെ മരണവാർത്തയുമായി എന്റെ അടുക്കൽ വന്ന ദൂതൻ അതൊരു സദ്‍വാർത്ത ആയിരിക്കുമെന്നു വിചാരിച്ചു. എന്നാൽ ഞാൻ അവനെ കൊന്നുകളഞ്ഞു. അവന്റെ സദ്‍വാർത്തയ്‍ക്കു ഞാൻ നല്‌കിയ പ്രതിഫലം അതായിരുന്നു. 11അങ്ങനെയെങ്കിൽ സ്വഭവനത്തിൽ കിടക്കയിൽ ഉറങ്ങിക്കിടന്നിരുന്ന നീതിമാനായ ഒരു മനുഷ്യനെ വധിച്ച ദുഷ്ടന്മാർക്ക് നല്‌കേണ്ട ശിക്ഷ എത്ര കഠിനമായിരിക്കണം. അവന്റെ രക്തത്തിനു പകരമായി ഭൂമിയിൽനിന്ന് അവരെ നശിപ്പിച്ചുകളയാതിരിക്കുമോ?” 12ദാവീദു കല്പിച്ചതനുസരിച്ചു സേവകർ അവരെ കൊന്നു കൈകാലുകൾ വെട്ടിനീക്കി ഹെബ്രോനിലെ കുളത്തിനരികെ തൂക്കിയിട്ടു; ഈശ്-ബോശെത്തിന്റെ തല എടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ കല്ലറയിൽ അടക്കം ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക