2 SAMUELA 14
14
അബ്ശാലോമിന്റെ തിരിച്ചുവരവ്
1അബ്ശാലോമിനെക്കുറിച്ച് രാജാവ് ഉൽക്കണ്ഠാകുലനായിരിക്കുന്നു എന്നു സെരൂയായുടെ പുത്രനായ യോവാബ് ഗ്രഹിച്ചു. 2അയാൾ തെക്കോവയിലേക്ക് ആളയച്ചു സമർഥയായ ഒരു സ്‍ത്രീയെ വരുത്തി അവളോടു പറഞ്ഞു: ” നീ വിലാപവസ്ത്രം ധരിച്ചു തലയിൽ എണ്ണപുരട്ടാതെ മരിച്ചവനെക്കുറിച്ച് ഏറെനാളായി ദുഃഖിക്കുന്നതുപോലെ വിലാപഭാവം നടിക്കണം.” 3രാജസന്നിധിയിൽ ചെന്നു പറയേണ്ട കാര്യങ്ങളും അയാൾ അവളോടു പറഞ്ഞു. 4ആ സ്‍ത്രീ രാജസന്നിധിയിൽ ചെന്നു സാഷ്ടാംഗം വീണു വണങ്ങി: “അങ്ങ് എന്നെ രക്ഷിക്കണമേ” എന്നു പറഞ്ഞു. 5“നിന്റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “അടിയൻ ഒരു വിധവയാണ്; ഭർത്താവു മരിച്ചുപോയി. 6അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവർ വയലിൽ വച്ചു ശണ്ഠകൂടി, അവരെ പിടിച്ചുമാറ്റാൻ മറ്റാരുമില്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു. 7എന്റെ ചാർച്ചക്കാരെല്ലാം എനിക്കെതിരായി തിരിഞ്ഞു എന്നോടു പറയുന്നു: സഹോദരഘാതകനെ വിട്ടുതരിക; മരിച്ചവനുവേണ്ടി ഞങ്ങൾ അവനോടു പ്രതികാരം ചെയ്യട്ടെ; അവന്റെ വംശം കൂടി ഞങ്ങൾ നശിപ്പിക്കും. ശേഷിച്ചിരിക്കുന്ന കനൽകൂടി അവർ കെടുത്താൻ പോകുന്നു. അങ്ങനെ എന്റെ ഭർത്താവിന്റെ പേരു നിലനിർത്താൻ ഭൂമുഖത്ത് ആരും ഇല്ലാതെവരും.” 8അപ്പോൾ രാജാവു പറഞ്ഞു: “നീ പൊയ്‍ക്കൊള്ളുക; നിന്റെ കാര്യത്തിൽ ഞാൻ വേണ്ട നടപടി എടുത്തുകൊള്ളാം.” 9തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “കുറ്റം അടിയന്റെയും അടിയന്റെ പിതൃഭവനത്തിന്റെയും മേൽ ആയിരിക്കട്ടെ; രാജാവും അവിടുത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.” 10രാജാവു പറഞ്ഞു: “നിന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ അവനെ എന്റെ അടുക്കൽ കൊണ്ടുവരിക. അവൻ നിനക്ക് ഒരു ഉപദ്രവവും പിന്നീടു ചെയ്യുകയില്ല.” 11അപ്പോൾ അവൾ പറഞ്ഞു: “രക്തപ്പക പുലർത്തുന്നവർ എന്റെ മകനെ നശിപ്പിക്കാതിരിക്കാൻ അവിടുത്തെ ദൈവമായ സർവേശ്വരനോട് അങ്ങു പ്രാർഥിക്കണമേ.” രാജാവു പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നിന്റെ മകന്റെ ഒരു രോമത്തിനുപോലും കേടുവരികയില്ല.” 12“ഒരു കാര്യം കൂടി ഞാൻ ബോധിപ്പിച്ചുകൊള്ളട്ടെ” എന്ന് അവൾ രാജാവിനോടു പറഞ്ഞു. “പറയൂ” രാജാവ് അനുവദിച്ചു. 13അവൾ പറഞ്ഞു: “ദൈവജനത്തിനെതിരെ അങ്ങ് ഈ തെറ്റു ചെയ്തത് എന്ത്? പുറന്തള്ളിയ സ്വന്തം പുത്രനെ തിരിച്ചു കൊണ്ടുവരാത്തതിനാൽ അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുകയല്ലേ? 14നമ്മൾ എല്ലാം മരിക്കും. നിലത്തുവീണു ചിതറിയ വെള്ളം വീണ്ടും ഒന്നിച്ചുകൂടുകയില്ലല്ലോ. പുറന്തള്ളിയവനെ തിരിച്ചെടുക്കാൻ ഒരുങ്ങുന്നവന്റെ ജീവൻ ദൈവം എടുത്തുകളയുകയില്ല; 15ജനങ്ങൾ എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയാൻ അടിയൻ വന്നത്. ഞാൻ അങ്ങയോട് അപേക്ഷിക്കുന്നതു നിറവേറ്റിത്തരും എന്ന പ്രത്യാശ അടിയനുണ്ട്. അതുകൊണ്ടാണ് അടിയൻ ഇക്കാര്യം പറയുന്നത്. 16അടിയൻ ഇങ്ങനെ ചിന്തിച്ചു: ദൈവം തന്റെ ജനത്തിനു നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് എന്നെയും എന്റെ പുത്രനെയും കൊന്നുനീക്കാൻ ശ്രമിക്കുന്നവരുടെ കൈയിൽനിന്ന് അങ്ങ് എന്നെ രക്ഷിക്കും. 17എന്റെ യജമാനനായ അങ്ങയുടെ വാഗ്ദാനം എനിക്കു സമാധാനം നല്‌കും. നന്മയും തിന്മയും വിവേചിച്ചറിയുന്നതിൽ അങ്ങ് ഒരു ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ സർവേശ്വരൻ അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ.” 18രാജാവ് അവളോടു പറഞ്ഞു: “ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ. നീ ഒന്നും മറച്ചുവയ്‍ക്കാതെ സത്യം പറയണം.” “യജമാനനേ, കല്പിച്ചാലും” അവൾ പറഞ്ഞു. 19“ഇതിന്റെയെല്ലാം പിമ്പിലുള്ളതു യോവാബല്ലേ” എന്നു രാജാവു ചോദിച്ചു. അവൾ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങയുടെ ചോദ്യത്തിന് ഉത്തരം നല്‌കാതെയിരിക്കാൻ ആർക്കും സാധ്യമല്ല. അങ്ങയുടെ ഭൃത്യനായ യോവാബു തന്നെയാണ് ഇതെല്ലാം അടിയനോടു പറഞ്ഞത്. 20പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുവേണ്ടിയാണു യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകല കാര്യങ്ങളും അറിയത്തക്കവിധം അങ്ങ് ദൈവദൂതനെപ്പോലെ ജ്ഞാനിയാണ്.” 21പിന്നീട് രാജാവ് യോവാബിനോടു പറഞ്ഞു: “നിന്റെ ആഗ്രഹംപോലെ പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു; നീ പോയി അബ്ശാലോമിനെ കൂട്ടിക്കൊണ്ടുവരിക.” 22യോവാബു രാജസന്നിധിയിൽ വീണു വണങ്ങി “ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു. യോവാബു തുടർന്നു: “അങ്ങേക്ക് അടിയനോടുള്ള പ്രീതി അടിയൻ ഇപ്പോൾ അറിയുന്നു. അങ്ങ് അടിയന്റെ അപേക്ഷ സ്വീകരിച്ചുവല്ലോ.” 23യോവാബ് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു. 24എങ്കിലും രാജാവു കല്പിച്ചു: “അവൻ സ്വന്തം ഭവനത്തിൽ പാർക്കട്ടെ; കൊട്ടാരത്തിൽ എന്റെ അടുത്തു വരരുത്. അവൻ കൊട്ടാരത്തിൽ ചെല്ലാതെ സ്വന്തം ഭവനത്തിൽ തന്നെ പാർത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല.
അബ്ശാലോമും ദാവീദും രഞ്ജിപ്പിലെത്തുന്നു
25അബ്ശാലോമിനോളം സൗന്ദര്യമുള്ള മറ്റാരും ഇസ്രായേലിൽ ഉണ്ടായിരുന്നില്ല. അടിതൊട്ടു മുടിവരെ കുറ്റമറ്റവനായിരുന്നു അയാൾ. 26അയാളുടെ മുടി വളർന്നു ഭാരമാകുമ്പോൾ ആണ്ടിലൊരിക്കൽ അതു കത്രിച്ചു വന്നു. ഒരിക്കൽ കളയുന്ന മുടിക്ക് ഇരുനൂറു ശേക്കെൽ ഭാരം കാണുമായിരുന്നു. 27അബ്ശാലോമിനു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചു; അവൾ അതീവസുന്ദരി ആയിരുന്നു. 28അബ്ശാലോം രണ്ടു വർഷം മുഴുവൻ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമിൽ പാർത്തു. 29പിന്നീട് അയാൾ രാജാവിന്റെ അടുക്കൽ യോവാബിനെ അയയ്‍ക്കുന്നതിനുവേണ്ടി അയാളെ വരുത്താൻ ആളയച്ചു. എന്നാൽ യോവാബ് അയാളുടെ അടുക്കൽ ചെന്നില്ല. രണ്ടാമതും ആളയച്ചു; എന്നിട്ടും യോവാബ് ചെന്നില്ല; 30ഉടനെ അബ്ശാലോം തന്റെ ദാസന്മാരോടു പറഞ്ഞു: “എന്റെ നിലത്തിനടുത്തു യോവാബിന് ഒരു നിലം ഉണ്ടല്ലോ. അതിൽ ബാർലി വിളഞ്ഞു കിടക്കുകയാണ്; നിങ്ങൾ ചെന്ന് അതിനു തീ വയ്‍ക്കുക.” അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വയലിനു തീ വച്ചു. 31അപ്പോൾ യോവാബ് അബ്ശാലോമിന്റെ അടുക്കൽ ചെന്നു ചോദിച്ചു: “നിന്റെ ഭൃത്യന്മാർ എന്റെ വയൽ കത്തിച്ചുകളഞ്ഞതെന്ത്?” 32അബ്ശാലോം യോവാബിനോടു പറഞ്ഞു: “ഞാൻ ആളയച്ചിട്ടു നീ വരാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്കുവേണ്ടി നീ രാജാവിനെ കാണണമെന്നു ഞാൻ ആഗ്രഹിച്ചു. ഞാൻ എന്തിനു ഗെശൂരിൽനിന്ന് ഇവിടെവന്നു? അവിടെ താമസിക്കുകയായിരുന്നു കൂടുതൽ നല്ലത് എന്ന വിവരം നിന്നിൽകൂടി രാജാവിനെ അറിയിക്കണം എന്നാണ് എന്റെ ആഗ്രഹം.” അബ്ശാലോം തുടർന്നു: “എനിക്കു രാജാവിനെ കാണണം. ഞാൻ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം എന്നെ കൊല്ലട്ടെ.” 33പിന്നീട് യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു; അയാൾ രാജാവിന്റെ മുമ്പിൽ ചെന്നു താണുവീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 SAMUELA 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.