2 SAMUELA 13

13
അമ്നോനും താമാറും
1ദാവീദിന്റെ മകനായ അബ്ശാലോമിന് താമാർ എന്ന സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അദ്ദേഹത്തിനു മറ്റൊരു ഭാര്യയിൽ പിറന്ന മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. 2കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്ന് അമ്നോനു തോന്നി. അവളോടുള്ള പ്രേമാതിരേകത്താൽ അവൻ രോഗിയായിത്തീർന്നു. 3അമ്നോന് ദാവീദിന്റെ ജ്യേഷ്ഠസഹോദരനായ ശിമെയയുടെ പുത്രൻ യോനാദാബ് എന്നൊരു സ്നേഹിതൻ ഉണ്ടായിരുന്നു. അവൻ വലിയ സൂത്രശാലി ആയിരുന്നു. 4അവൻ അമ്നോനോടു ചോദിച്ചു: “നീ രാജപുത്രനായിട്ടും ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചു വരുന്നതെന്ത്? എന്നോടു പറഞ്ഞുകൂടേ?” അമ്നോൻ അയാളോടു പറഞ്ഞു: “അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് എനിക്കു പ്രേമം ആണ്.” 5യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്റെ പിതാവു നിന്നെ കാണാൻ വരുമ്പോൾ ‘എന്റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്റെ അടുക്കൽ അയയ്‍ക്കണം; ഞാൻ കാൺകെ എന്റെ മുമ്പിൽ വച്ചുതന്നെ അവൾ ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.”
6അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാൻ വന്നപ്പോൾ അവൻ പറഞ്ഞു: “എനിക്കു ഭക്ഷണം നല്‌കാൻ എന്റെ സഹോദരിയായ താമാറിനെ അയയ്‍ക്കണം. അവൾ എന്റെ മുമ്പിൽവച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.” 7അതനുസരിച്ച് ദാവീദ് താമാറിന്റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.” 8അങ്ങനെ താമാർ അവളുടെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു. അവൻ കിടക്കുകയായിരുന്നു. അവൾ മാവെടുത്തു കുഴച്ച് അവൻ കാൺകെത്തന്നെ അടയുണ്ടാക്കി. 9അവൾ അട വറചട്ടിയിൽ നിന്നെടുത്ത് അവനു കൊടുത്തു. എന്നാൽ അവൻ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാൻ പറയുക” എന്ന് അമ്നോൻ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി. 10അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “നിന്റെ കൈയിൽനിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.” 11താമാർ അടയുമായി തന്റെ സഹോദരൻ അമ്നോന്റെ മുറിയിൽ ചെന്നു. അവൾ അതു കൊണ്ടുചെന്നപ്പോൾ അവൻ അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്റെ കൂടെ കിടക്കുക” എന്ന് അവൻ പറഞ്ഞു. 12അവൾ മറുപടി നല്‌കി “അരുതേ, സഹോദരാ, എന്നെ അപമാനിക്കരുതേ; ഇതു ഇസ്രായേലിൽ നിഷിദ്ധമാണല്ലോ. ഈ വഷളത്തം പ്രവർത്തിക്കരുതേ. 13ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തി നടക്കും. നീ ഇസ്രായേലിലെ വഷളന്മാരിൽ ഒരുവനായിത്തീരുമല്ലോ. അതുകൊണ്ട് രാജാവിനോടു പറയുക; അവിടുന്ന് എന്നെ അങ്ങേക്ക് നല്‌കാതിരിക്കുകയില്ല.” എന്നാൽ അവൻ അവളുടെ വാക്കു ശ്രദ്ധിച്ചില്ല. 14അവളെക്കാൾ ശക്തിയുണ്ടായിരുന്നതുകൊണ്ട് അവൻ ബലം പ്രയോഗിച്ച് അവളെ പ്രാപിച്ചു. 15ഇതു കഴിഞ്ഞപ്പോൾ അമ്നോൻ അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാൾ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോൻ അവളോടു പറഞ്ഞു. 16അവൾ അവനോട് പറഞ്ഞു: “അങ്ങനെയരുത്. നീ എന്നോട് ചെയ്ത തെറ്റിനെക്കാൾ ഭയങ്കരമാണ് എന്നെ പറഞ്ഞയയ്‍ക്കുന്നത്.” എന്നാൽ അവൻ അത് അവഗണിച്ചു. 17അവൻ തന്റെ ഭൃത്യനെ വിളിച്ചു പറഞ്ഞു: “ഇവളെ എന്റെ മുമ്പിൽനിന്നു പുറത്തിറക്കി വാതിൽ അടയ്‍ക്കൂ.” 18അവിവാഹിതകളായ രാജകുമാരിമാർ ധരിക്കുന്ന നീണ്ടകൈയുള്ള ഉടുപ്പായിരുന്നു താമാർ ധരിച്ചിരുന്നത്. ഭൃത്യൻ അവളെ പുറത്തിറക്കി വാതിൽ അടച്ചു. 19താമാർ തലയിൽ ചാരം വിതറി; താൻ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയിൽ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി. 20അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോൾ: “അമ്നോൻ നിന്നെ അപമാനപ്പെടുത്തിയോ? എന്റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവൻ നിന്റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ താമാർ ദുഃഖിച്ച് ഏകാകിനിയായി പാർത്തു. 21ദാവീദുരാജാവ് ഈ വിവരം അറിഞ്ഞപ്പോൾ അത്യന്തം കോപിഷ്ഠനായി. 22അബ്ശാലോം ഗുണമാകട്ടെ ദോഷമാകട്ടെ യാതൊന്നും അമ്നോനോടു പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനപ്പെടുത്തിയതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു.
അബ്ശാലോമിന്റെ പ്രതികാരം
23രണ്ടു വർഷങ്ങൾ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാൽ-ഹാസോരിൽ വച്ച് തന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു. 24അദ്ദേഹം രാജസന്നിധിൽ ചെന്നു പറഞ്ഞു: “എന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിൽ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.” 25രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാൽ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിർബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേർന്നു. 26അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കിൽ എന്റെ സഹോദരൻ അമ്നോൻ വരാൻ അനുവദിച്ചാലും.” “അവൻ എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു. 27എങ്കിലും അബ്ശാലോം നിർബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാൻ രാജാവ് അനുവദിച്ചു. 28“അമ്നോൻ വീഞ്ഞു കുടിച്ചു മത്തനാകുമ്പോൾ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാൻ പറയും; അപ്പോൾ അവനെ നിങ്ങൾ കൊല്ലണം. നിങ്ങൾ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങൾ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു. 29അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാർ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവർകഴുതപ്പുറത്തു കയറി അതിശീഘ്രം പോയി. 30അവർ ഓടിപ്പോകുമ്പോൾതന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാർത്ത ദാവീദ് കേട്ടു. 31അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി. 32എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രൻ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതൽ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്. 33അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാർത്ത അങ്ങു വിശ്വസിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.” 34ഇതിനിടയ്‍ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവൽഭടന്മാരിൽ ഒരാൾ കണ്ടു. 35അപ്പോൾ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാൻ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാർ വരുന്നുണ്ട്.” 36അയാൾ പറഞ്ഞുതീർന്നപ്പോഴേക്കും രാജകുമാരന്മാർ സ്ഥലത്തെത്തി. അവർ ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു. 37അബ്ശാലോമാകട്ടെ അവിടെനിന്ന് ഓടി അമ്മീഹൂദിന്റെ പുത്രനും ഗെശൂരിലെ രാജാവുമായ തല്മായിയുടെ അടുക്കൽ ചെന്നു. ദാവീദ് അമ്നോനെ ഓർത്തു ദിവസങ്ങളോളം ദുഃഖിച്ചുകൊണ്ടിരുന്നു.
38ഗെശൂരിലേക്ക് ഓടിപ്പോയ അബ്ശാലോം മൂന്നു വർഷം അവിടെ പാർത്തു. 39അമ്നോൻ മരിച്ചതിലുള്ള ദുഃഖം അടങ്ങിയപ്പോൾ ദാവീദുരാജാവ് അബ്ശാലോമിനെ കാണാൻ അതിയായി ആഗ്രഹിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക