2 SAMUELA 15

15
ദാവീദിനെതിരെ ഗൂഢാലോന
1അബ്ശാലോം ഒരു രഥവും ഏതാനും കുതിരകളെയും അമ്പത് അകമ്പടിക്കാരെയും സമ്പാദിച്ചു. 2അതിരാവിലെ അയാൾ എഴുന്നേറ്റു വഴിയരികിലുള്ള പടിവാതില്‌ക്കൽ ചെന്നു നില്‌ക്കും. രാജാവു നേരിട്ടു പരിഹരിക്കേണ്ട ഏതെങ്കിലും പ്രശ്നവുമായി ആരെങ്കിലും വന്നാൽ അബ്ശാലോം അവനെ വിളിച്ച് നീ ഏതു പട്ടണക്കാരനാണ് എന്നു ചോദിക്കും. അവന്റെ ഗോത്രം ഏതെന്നു പറഞ്ഞു കഴിയുമ്പോൾ, 3അബ്ശാലോം അവനോടു പറയും: “നിന്റെ കാര്യം ന്യായമുള്ളതാണ്. എങ്കിലും നിന്റെ പരാതി കേൾക്കാൻ രാജാവ് ആരെയും നിയമിച്ചിട്ടില്ല. 4വഴക്കും വ്യവഹാരവും ഉള്ളവർ എന്റെ അടുക്കൽ വരികയും ഞാൻ അവ തീർത്തുകൊടുക്കുകയും ചെയ്യത്തക്കവിധം ഞാൻ ഒരു ന്യായാധിപൻ ആയിരുന്നെങ്കിൽ അവരുടെ പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചുകൊടുക്കുമായിരുന്നു.” 5ആരെങ്കിലും അബ്ശാലോമിനെ വണങ്ങാൻ ഒരുമ്പെട്ടാൽ അവനെ പിടിച്ചു ചുംബിക്കും. 6രാജാവിൽനിന്നു പ്രശ്നപരിഹാരം ആവശ്യമായി ചെന്ന എല്ലാവരോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു. അങ്ങനെ അബ്ശാലോം സകല ഇസ്രായേല്യരുടെയും ഹൃദയം കവർന്നു.
7നാലു വർഷം കഴിഞ്ഞപ്പോൾ രാജാവിനോട് അബ്ശാലോം പറഞ്ഞു: “ഞാൻ സർവേശ്വരനോടു ചെയ്തിട്ടുള്ള പ്രതിജ്ഞ നിറവേറ്റാൻ ഹെബ്രോനിലേക്കു പോകാൻ എന്നെ അനുവദിച്ചാലും; 8‘സർവേശ്വരൻ എന്നെ യെരൂശലേമിലേക്കു മടക്കിക്കൊണ്ടുവന്നാൽ ഹെബ്രോനിൽവച്ച് അവിടുത്തെ ആരാധിക്കും എന്നു ഞാൻ സിറിയായിലെ ഗെശൂരിൽ പാർത്തിരുന്നപ്പോൾ പ്രതിജ്ഞ ചെയ്തിരുന്നു.” 9“സമാധാനത്തോടെ പോകുക” എന്നു രാജാവു പറഞ്ഞു. അയാൾ ഹെബ്രോനിലേക്കു പോയി. 10അബ്ശാലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും ദൂതന്മാരെ രഹസ്യമായി അയച്ചു പറയിച്ചു: “കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറയണം.” 11യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറു പേർ അബ്ശാലോമിന്റെ കൂടെ പോയിരുന്നു; ശുദ്ധഗതിക്കാരായ അവർ കാര്യം ഒന്നും അറിയാതെയാണു പോയത്. 12യാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്ശാലോം ദാവീദിന്റെ ഉപദേഷ്ടാവായ അഹീഥോഫെലിനെ ആളയച്ചു വരുത്തി; അയാൾ ഗീലോ പട്ടണക്കാരനായിരുന്നു. അയാൾ വന്നതോടുകൂടി രാജാവിനെതിരായുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിന്റെ അനുയായികളുടെ സംഖ്യ വർധിക്കുകയും ചെയ്തു.
ദാവീദ് ഓടിപ്പോകുന്നു
13ഇസ്രായേൽജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതൻ ദാവീദിനെ അറിയിച്ചു. 14അപ്പോൾ ദാവീദ് യെരൂശലേമിലുള്ള തന്റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കിൽ നമ്മിലാരും അബ്ശാലോമിന്റെ കൈയിൽനിന്നു രക്ഷപെടുകയില്ല. അവൻ വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.” 15ഭൃത്യന്മാർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങൾ ശിരസ്സാവഹിച്ചുകൊള്ളാം.” 16പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു. 17രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്റെ അടുക്കൽ ചെന്നു നിന്നു. 18രാജാവിന്റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തിൽനിന്നു രാജാവിന്റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്റെ മുമ്പിലൂടെത്തന്നെ കടന്നുപോയി. 19ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ പാർക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ; 20ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്റെകൂടെ എന്തിന് അലയുന്നു? നിന്റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സർവേശ്വരൻ നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.” 21ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സർവേശ്വരന്റെയും അങ്ങയുടെയും നാമത്തിൽ ഞാനിതാ സത്യം ചെയ്യുന്നു.” 22“നീയും എന്റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി. 23ദാവീദിന്റെ അനുയായികൾ കടന്നുപോയപ്പോൾ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോൻതോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു. 24അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവർ പെട്ടകം താഴെവച്ചു. 25രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സർവേശ്വരന് എന്നിൽ പ്രസാദം തോന്നിയാൽ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കൽ കൂടി കാണാൻ എനിക്ക് അവസരം ലഭിക്കും. 26എന്നിൽ സർവേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കിൽ തിരുഹിതംപോലെ എന്നോടു പ്രവർത്തിക്കട്ടെ.” 27രാജാവ് പുരോഹിതനായ സാദോക്കിനോടു തുടർന്നു പറഞ്ഞു: “നിന്റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക. 28നിങ്ങളിൽനിന്നു വാർത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവിൽതന്നെ ഞാൻ താമസിക്കും.” 29അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാർത്തു.
30ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു. 31അബ്ശാലോമിന്റെ ഗൂഢാലോചനയിൽ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സർവേശ്വരനോടു പ്രാർഥിച്ചു: “സർവേശ്വരാ, അഹീഥോഫെലിന്റെ ആലോചന വ്യർഥമാക്കണമേ.” 32മലയുടെ മുകളിൽ ഉണ്ടായിരുന്ന ഒരു ആരാധനാസ്ഥലത്തു ദാവീദ് എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറുകയും തലയിൽ പൂഴി വിതറുകയും ചെയ്തിട്ട് രാജാവിനെ എതിരേറ്റു ചെന്നു. 33ദാവീദ് അയാളോടു പറഞ്ഞു: “നീ എന്റെ കൂടെ പോന്നാൽ അത് എനിക്കു ഭാരമായിരിക്കും; 34നീ പട്ടണത്തിൽ ചെന്ന് അബ്ശാലോമിനോട് ഇങ്ങനെ പറയുക. “രാജാവേ, ഞാൻ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം; ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെതന്നെ അങ്ങയെ സേവിച്ചുകൊള്ളാം.” “അങ്ങനെ ചെയ്താൽ അഹീഥോഫെലിന്റെ ആലോചന നിഷ്ഫലമാക്കാൻ നിനക്കു കഴിയും; 35പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ നീ അവരെ അറിയിക്കണം. 36സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും അവരുടെ കൂടെയുണ്ട്; നിങ്ങൾക്കു ലഭിക്കുന്ന വിവരങ്ങളെല്ലാം അവർ മുഖേന എന്നെ അറിയിക്കുക.” 37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി യെരൂശലേമിൽ ചെന്നു; തത്സമയം അബ്ശാലോമും പട്ടണത്തിൽ എത്തി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക