2 PETERA 1

1
1നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിയിലൂടെ, ഞങ്ങളോടൊപ്പം അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് യേശുക്രിസ്തുവിന്റെ ദാസനും അപ്പോസ്തോലനുമായ ശിമോൻപത്രോസ് എഴുതുന്നത്.
2ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങൾക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ.
ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും
3തന്റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികൾ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂർവം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. 4അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയിൽനിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരായിത്തീരുവാനും ഈ വരങ്ങൾ ഇടയാക്കുന്നു.
5-7ഇക്കാരണത്താൽ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേർക്കുവാൻ സർവാത്മനാ ശ്രമിക്കുക. 8ഇവ നിങ്ങൾക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും. 9ഇവ ഇല്ലാത്തവൻ പഴയ പാപങ്ങളിൽനിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവൻ ഹ്രസ്വദൃഷ്‍ടി ആയതിനാൽ ഒന്നും ശരിയായി കാണുന്നില്ല.
10അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാർഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്യുന്നതായാൽ നിങ്ങൾ ഒരിക്കലും വീണുപോകുകയില്ല. 11നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും.
12ഇക്കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിവുള്ളതാണ്. നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾ ഉറച്ചു നില്‌ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാൻ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും. 13ഈ ശരീരത്തിൽ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങൾ ഓർമിപ്പിച്ച് നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്നു ഞാൻ കരുതുന്നു. 14എന്തെന്നാൽ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാൻ അറിയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്. 15ഇക്കാര്യങ്ങൾ എന്റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങൾ ഓർമിക്കുവാൻ തക്കവണ്ണം ഞാൻ പരിശ്രമിക്കും.
ക്രിസ്തുവിന്റെ തേജസ്സിനു ദൃക്സാക്ഷികൾ
16ഞങ്ങൾ ബുദ്ധിപൂർവം കെട്ടിച്ചമച്ച കല്പിത കഥകളിലൂടെയല്ല നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് നിങ്ങളെ അറിയിച്ചത്; പ്രത്യുത ഞങ്ങൾ അവിടുത്തെ തേജസ്സിനു ദൃക്സാക്ഷികളാണ്. 17അവിടുന്നു പിതാവായ ദൈവത്തിൽനിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോൾ ‘ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സിൽനിന്നു പുറപ്പെട്ടു. 18തത്സമയം ഞങ്ങൾ അവിടുത്തോടുകൂടി ആ വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്നതിനാൽ സ്വർഗത്തിൽനിന്നുണ്ടായ ആ ശബ്ദം ഞങ്ങൾ കേട്ടു.
19കൂടുതൽ ഉറപ്പു നല്‌കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുന്ന പുലർകാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്. 20വേദഗ്രന്ഥത്തിലുള്ള ഒരു പ്രവചനവും ആർക്കും സ്വയം വ്യാഖ്യാനിക്കാവുന്നതല്ലെന്ന് ഒന്നാമതു മനസ്സിലാക്കണം. 21എന്തെന്നാൽ ഒരു പ്രവചനവും ഒരിക്കലും മനുഷ്യബുദ്ധിയുടെ പ്രചോദനത്താൽ ഉണ്ടായിട്ടുള്ളതല്ല. പിന്നെയോ, ദൈവത്തിൽനിന്നുള്ള പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരം മനുഷ്യർ പ്രവചിച്ചിട്ടുള്ളതാണ്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 PETERA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക