2 LALTE 9

9
യേഹൂ രാജാവാകുന്നു
1എലീശാപ്രവാചകൻ പ്രവാചകശിഷ്യന്മാരിൽ ഒരാളെ വിളിച്ചുപറഞ്ഞു: “നീ യാത്രയ്‍ക്കു തയ്യാറായി തൈലപ്പാത്രവുമെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോകുക. 2അവിടെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂവിനെ അന്വേഷിക്കണം. അവനെ കൂട്ടാളികളിൽനിന്നു മാറ്റി തനിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോകണം. 3അവന്റെ തലയിൽ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേൽരാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതിൽതുറന്ന് വേഗം ഓടിപ്പോരുക.” 4അതനുസരിച്ച് ആ പ്രവാചകശിഷ്യൻ രാമോത്ത്-ഗിലെയാദിലേക്കു പോയി. 5അവിടെ ചെന്നപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാൾ മറുപടി നല്‌കി. 6അവർ രണ്ടുപേരും ഉൾമുറിയിലേക്കു കടന്നു; പ്രവാചകശിഷ്യൻ തൈലം യേഹൂവിന്റെ തലയിൽ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ എന്റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു. 7നീ നിന്റെ യജമാനന്റെ ഭവനത്തെ, ആഹാസിന്റെ ഗൃഹത്തെത്തന്നെ നശിപ്പിക്കണം. അങ്ങനെ ഞാൻ എന്റെ പ്രവാചകന്മാരുടെയും ദാസന്മാരുടെയും രക്തത്തിന് ഈസേബെലിനോടു പകരം ചോദിക്കും. 8ആഹാബിന്റെ വംശം നശിക്കും; ആഹാബ്ഗൃഹത്തിന് ഇസ്രായേലിലുള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷപ്രജകളെയും ഞാൻ നശിപ്പിക്കും. 9ആഹാബിന്റെ കുടുംബത്തെ നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെയും അഹീയായുടെ പുത്രനായ ബയെശയുടെയും കുടുംബങ്ങളെപ്പോലെ ആക്കും. 10ജെസ്രീലിന്റെ അതിർത്തിക്കുള്ളിൽ വച്ചുതന്നെ ഈസേബെലിന്റെ ശരീരം നായ്‍ക്കൾ ഭക്ഷിക്കും. അത് ആരും സംസ്കരിക്കുകയില്ല.” ഇത്രയും പറഞ്ഞിട്ട് അയാൾ വാതിൽ തുറന്ന് ഓടിപ്പോന്നു. 11യേഹൂ തന്റെ സഹപ്രവർത്തകരുടെ അടുക്കൽ വന്നപ്പോൾ ഒരാൾ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തൻ എന്തിനാണ് നിന്റെ അടുക്കൽ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാൾ പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാമല്ലോ.” 12അവർ പറഞ്ഞു: “അതു ശരിയല്ല; നീ കാര്യം ഞങ്ങളോടു പറയുക.” യേഹൂ പറഞ്ഞു: “നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു” എന്ന് അയാൾ എന്നോട് പറഞ്ഞു. 13അവർ ഉടൻതന്നെ തങ്ങളുടെ മേലങ്കികൾ അവന്റെ കാല്‌ക്കൽ പടികളിൽ വിരിച്ചിട്ടു കാഹളം ഊതി; “യേഹൂ രാജാവായിരിക്കുന്നു” എന്ന് അവർ വിളിച്ചുപറഞ്ഞു.
യോരാം രാജാവ് വധിക്കപ്പെടുന്നു
14നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരെ യോരാമും ഇസ്രായേൽസൈന്യവും രാമോത്ത്-ഗിലെയാദിൽ പാളയമടിച്ചിരിക്കുകയായിരുന്നു. 15രാമോത്ത്-ഗിലെയാദിൽ വച്ച് സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ സുഖമാക്കുന്നതിനു യോരാം ജെസ്രീലിലേക്ക് മടങ്ങിപ്പോയിരുന്നു. അതുകൊണ്ട് യേഹൂ സഹപ്രവർത്തകരോടു പറഞ്ഞു: “നിങ്ങൾ എന്റെ കൂടെ നില്‌ക്കുമെങ്കിൽ ഇവിടെനിന്ന് ആരും പോയി ജെസ്രീലിൽ വിവരമറിയിക്കാതിരിക്കാൻ ശ്രദ്ധിക്കുക.” 16പിന്നീട് യേഹൂ രഥത്തിൽ കയറി ജെസ്രീലിലേക്ക് പുറപ്പെട്ടു. യോരാം അവിടെ അപ്പോഴും രോഗിയായി കഴിയുകയായിരുന്നു. യെഹൂദാരാജാവായ അഹസ്യാ യോരാമിനെ സന്ദർശിക്കാൻ അവിടെ എത്തിയിരുന്നു. 17യേഹൂവും കൂട്ടരും വരുന്നത് ജെസ്രീൽ ഗോപുരത്തിൽനിന്ന് കാവല്‌ക്കാരൻ കണ്ടു. “ഇതാ, ഒരു സംഘം ആളുകൾ വരുന്നു” എന്ന് അയാൾ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവർ വരുന്നത്” എന്നു ചോദിക്കാൻ അയച്ചു. 18അങ്ങനെ അയാൾ അവരുടെ അടുക്കൽ ചെന്നു ആരാഞ്ഞു: “സമാധാനദൗത്യവുമായിട്ടാണോ നിങ്ങൾ വരുന്നത് എന്നു രാജാവ് ചോദിക്കുന്നു.” “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക” യേഹൂ പറഞ്ഞു. ദൂതൻ അവരുടെ അടുക്കൽ പോയിട്ടു മടങ്ങിവന്നില്ല എന്ന വിവരം കാവല്‌ക്കാരൻ യോരാമിനെ അറിയിച്ചു. 19അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കൽ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങൾ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക.” 20രണ്ടാമത് അയച്ചവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നില്ലെന്നു കാവല്‌ക്കാരൻ പറഞ്ഞു. “രഥം ഓടിക്കുന്നവൻ നിംശിയുടെ മകൻ യേഹൂവിനെപ്പോലെയിരിക്കുന്നു; ഭ്രാന്തനെപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്നും അയാൾ പറഞ്ഞു. 21രഥം ഒരുക്കാൻ യോരാം കല്പിച്ചു; ഇസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യായും തങ്ങളുടെ രഥങ്ങളിൽ കയറി യേഹൂവിന്റെ നേരേ പുറപ്പെട്ടു. ജെസ്രീൽക്കാരനായ നാബോത്തിന്റെ വയലിൽ വച്ചു യേഹൂവിനെ കണ്ടുമുട്ടി. 22“സമാധാനദൗത്യവുമായിട്ടാണോ വരുന്നത്” എന്നു യോരാം യേഹൂവിനോടു ചോദിച്ചു. യേഹൂ പറഞ്ഞു: “നിന്റെ അമ്മ ഈസേബെലിന്റെ വിഗ്രഹാരാധനയും ആഭിചാരവും വർധിച്ചിരിക്കെ സമാധാനം എവിടെ?” 23അപ്പോൾ യോരാം രഥം തിരിച്ചോടിച്ചുകൊണ്ട് അഹസ്യായോട്: “ഇതു ചതിയാണല്ലോ” എന്നു വിളിച്ചുപറഞ്ഞു. 24യേഹൂ വില്ലു കുലച്ച് സർവശക്തിയോടുംകൂടി യോരാമിന്റെ തോളുകൾക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളർന്നു. യോരാം തേരിൽ മരിച്ചുവീണു. 25യേഹൂ തന്റെ അംഗരക്ഷകൻ ബിദ്കാരിനോടു പറഞ്ഞു: “അയാളെ എടുത്ത് ജെസ്രീല്യനായ നാബോത്തിന്റെ വയലിൽ എറിയുക. ഞാനും നീയും കുതിരപ്പുറത്തു കയറി ആഹാബിന്റെ പിന്നാലെ പോയപ്പോൾ സർവേശ്വരൻ അയാൾക്കെതിരായി അരുളിച്ചെയ്ത വചനങ്ങൾ ഓർക്കുക. 26അവിടുന്ന് അരുളിച്ചെയ്തു: ‘നാബോത്തിനെയും അവന്റെ പുത്രന്മാരെയും കൊല ചെയ്തത് ഇന്നലെ ഞാൻ കണ്ടു; ഇവിടെ വച്ചുതന്നെ ഞാൻ അതിനു പ്രതികാരം ചെയ്യുമെന്നു സത്യം ചെയ്യുന്നു.’ സർവേശ്വരൻ കല്പിച്ചതുപോലെ അവനെ എടുത്തുകൊണ്ട് പോയി അവിടെ എറിയുക.”
അഹസ്യാരാജാവ് കൊല്ലപ്പെടുന്നു
27സംഭവിച്ചതെല്ലാം അഹസ്യാ കണ്ടപ്പോൾ രഥത്തിൽ കയറി ബെത്ത്-ഹഗാൻ ലക്ഷ്യമാക്കി പലായനം ചെയ്തു. യേഹൂ അയാളെ പിന്തുടർന്നു. “അവനെയും കൊല്ലുക” യേഹൂ കല്പിച്ചു. യിബ്ലെയാമിനു സമീപത്തുള്ള ഗൂർ കയറ്റത്തിൽ വച്ച് അവർ അവനെ എയ്തു മുറിവേല്പിച്ചു. എങ്കിലും മെഗിദ്ദോവിലേക്ക് അയാൾ ഓടിപ്പോയി; അവിടെവച്ച് അയാൾ മരിച്ചു. 28രണ്ടു സേവകന്മാർ അയാളുടെ ശരീരമെടുത്ത് ദാവീദിന്റെ നഗരമായ യെരൂശലേമിൽ കൊണ്ടുചെന്നു പിതാക്കന്മാരുടെ കല്ലറയിൽ അടക്കം ചെയ്തു. 29ആഹാബിന്റെ പുത്രനായ യോരാമിന്റെ പതിനൊന്നാം ഭരണവർഷത്തിലായിരുന്നു അഹസ്യാ യെഹൂദായിൽ രാജാവായത്.
ഈസേബെൽ വധിക്കപ്പെടുന്നു
30യേഹൂ ജെസ്രീലിൽ എത്തിയ വിവരം അറിഞ്ഞ് ഈസേബെൽ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. 31യേഹൂ പടി കടന്നപ്പോൾ ഈസേബെൽ ചോദിച്ചു: “യജമാനനെ വധിച്ച ഘാതകാ, സിമ്രീ, നീ സമാധാനത്തിനാണോ ഇവിടെ വന്നിരിക്കുന്നത്?” 32യേഹൂ കിളിവാതില്‌ക്കലേക്ക് മുഖം ഉയർത്തി ചോദിച്ചു: “ആരുണ്ട്? എന്റെ പക്ഷത്ത് ആരുണ്ട്?” രണ്ടോ മൂന്നോ ഷണ്ഡന്മാരായ അന്തഃപുരസേവകർ അയാളെ നോക്കി. 33“അവളെ താഴേക്ക് എറിയുക” എന്നു യേഹൂ പറഞ്ഞു. അവർ അവളെ താഴേക്ക് എറിഞ്ഞു. അവളുടെ രക്തം ചുവരിന്മേലും കുതിരപ്പുറത്തും തെറിച്ചുവീണു. കുതിരകൾ അവളെ ചവുട്ടിമെതിച്ചു. 34യേഹൂ കൊട്ടാരത്തിൽ പ്രവേശിച്ചു; ഭക്ഷണപാനീയങ്ങൾ കഴിച്ചു. പിന്നീട് അയാൾ പറഞ്ഞു: “ആ ശപിക്കപ്പെട്ടവളെ എടുത്ത് അടക്കം ചെയ്യുക; അവൾ രാജകുമാരിയാണല്ലോ.” 35അവളെ സംസ്കരിക്കാൻ ചെന്നവർ അവളുടെ തലയോടും കാലുകളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും കണ്ടില്ല. 36അവർ വിവരം അറിയിച്ചപ്പോൾ യേഹൂ പറഞ്ഞു: “തിശ്ബ്യനായ ഏലിയായിലൂടെ സർവേശ്വരൻ അരുളിച്ചെയ്ത വാക്കുകൾ ഇതാണല്ലോ: ജെസ്രീലിന്റെ അതിർത്തിക്കുള്ളിൽവച്ചുതന്നെ ഈസേബെലിന്റെ മാംസം നായ്‍ക്കൾ ഭക്ഷിക്കും. 37അവളുടെ ജഡം തിരിച്ചറിയാൻ പാടില്ലാത്തവിധം ജെസ്രീലിലെ വയലിൽ ചാണകംപോലെ കിടക്കും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക