2 LALTE 8

8
ശൂനേംകാരി മടങ്ങിവരുന്നു
1താൻ പുനർജീവിപ്പിച്ച കുട്ടിയുടെ മാതാവിനോട് എലീശ പറഞ്ഞു: “നീയും കുടുംബവും കുറച്ചുകാലത്തേക്ക് ഈ സ്ഥലം വിട്ട് എവിടെയെങ്കിലും പോകണം. സർവേശ്വരൻ ഇവിടെ ക്ഷാമം വരുത്താൻ പോകുകയാണ്. അത് ഈ ദേശത്ത് ഏഴു വർഷം നീണ്ടുനില്‌ക്കും.” 2പ്രവാചകൻ പറഞ്ഞതുപോലെ അവളും കുടുംബവും കൂടി ഫെലിസ്ത്യദേശത്തു പോയി ഏഴു വർഷം പാർത്തു. 3ഏഴു വർഷം കഴിഞ്ഞപ്പോൾ അവൾ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്ന് തന്റെ വീടും നിലവും തിരികെത്തരണമെന്ന് രാജാവിനോട് അപേക്ഷിച്ചു. 4അപ്പോൾ രാജാവ്, എലീശ ചെയ്ത വൻകാര്യങ്ങളെപ്പറ്റി പ്രവാചകശിഷ്യനായ ഗേഹസിയോടു ചോദിച്ചറിയുകയായിരുന്നു. 5മരിച്ച ബാലനെ എലീശ ജീവിപ്പിച്ച കാര്യം രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ ബാലന്റെ അമ്മ രാജസന്നിധിയിൽ വന്നു വീടിനും നിലത്തിനുംവേണ്ടി അപേക്ഷിച്ചത്. അവളെ കണ്ടപ്പോൾ ഗേഹസി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ഇവളുടെ കുട്ടിയെയാണ് എലീശ പുനർജീവിപ്പിച്ചത്.” 6രാജാവ് ചോദിച്ചപ്പോൾ അവൾ അതെല്ലാം വിവരിച്ചുപറഞ്ഞു. “അവളുടെ വീടും നിലവും മാത്രമല്ല നാടു വിട്ടുപോയ നാൾമുതൽ നിലത്തിന്റെ അന്നുവരെയുള്ള ആദായവും തിരികെ കൊടുക്കണം” എന്ന് അദ്ദേഹം കല്പിച്ചു; അതിനായി ഒരു സേവകനെയും നിയോഗിച്ചു.
എലീശയും ബെൻ-ഹദദ് രാജാവും
7എലീശ ദമാസ്ക്കസിലേക്കു പോയി. അന്നു സിറിയാരാജാവായ ബെൻ-ഹദദ് രോഗഗ്രസ്തനായിരുന്നു. എലീശ അവിടെ എത്തിയിട്ടുള്ള വിവരം രാജാവ് അറിഞ്ഞു. 8രാജാവ് ഹസായേലിനോടു പറഞ്ഞു: “നീ ഒരു സമ്മാനവുമായി ദൈവപുരുഷനെ ചെന്നു കാണുക; ഈ രോഗം മാറി എനിക്കു സൗഖ്യം ലഭിക്കുമോ എന്നു സർവേശ്വരനോട് ആരായാൻ എലീശയോട് അപേക്ഷിക്കണം.” 9അതനുസരിച്ച് ഹസായേൽ ദമാസ്ക്കസിലെ വിശിഷ്ട വസ്തുക്കളിൽനിന്നു നാല്പതു ഒട്ടകങ്ങൾക്കു വഹിക്കാവുന്ന സാധനങ്ങളുമായി പ്രവാചകന്റെ അടുക്കൽ ചെന്നു. “അങ്ങയുടെ ദാസനായ ബെൻ-ഹദദ്‍രാജാവ് തന്റെ രോഗത്തിൽനിന്ന് വിമുക്തനാവുമോ എന്ന് അറിയാൻ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. 10എലീശ അവനോടു പറഞ്ഞു: “അയാൾ സൗഖ്യം പ്രാപിക്കും എന്നു നീ ചെന്നു പറയുക; എങ്കിലും അയാൾ നിശ്ചയമായും മരിക്കുമെന്നു സർവേശ്വരൻ എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.” 11അയാൾ അസ്വസ്ഥനാകുന്നതുവരെ പ്രവാചകൻ കണ്ണിമയ്‍ക്കാതെ അയാളെ നോക്കിനിന്നു. 12പിന്നീട് പ്രവാചകൻ കരഞ്ഞു. “എന്റെ യജമാനനേ, അങ്ങ് എന്തിനു കരയുന്നു” എന്നു ഹസായേൽ ചോദിച്ചു. പ്രവാചകൻ പറഞ്ഞു: “നീ ഇസ്രായേൽജനതയോടു ചെയ്യാൻ പോകുന്ന അനർഥങ്ങൾ അറിഞ്ഞിട്ടാണു ഞാൻ കരഞ്ഞത്; നീ അവരുടെ ദുർഗങ്ങൾ അഗ്നിക്കിരയാക്കും; യുവാക്കളെ വാൾകൊണ്ടു സംഹരിക്കും; കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും ഗർഭിണികളുടെ ഉദരം പിളർക്കുകയും ചെയ്യും.” 13ഹസായേൽ ചോദിച്ചു: “ഇതെല്ലാം ചെയ്യാൻ അങ്ങയുടെ ഈ ദാസൻ ആരാണ്?” വെറും ഒരു നായ് മാത്രമല്ലേ ഞാൻ.” എലീശ പറഞ്ഞു. “നീ സിറിയായുടെ രാജാവാകുമെന്ന് സർവേശ്വരൻ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” 14ഹസായേൽ അവിടെനിന്നു മടങ്ങി തന്റെ യജമാനന്റെ അടുത്ത് ചെന്നപ്പോൾ, “എലീശാ പറഞ്ഞത് എന്ത്” എന്നു ചോദിച്ചു. ഹസായേൽ പറഞ്ഞു: “അങ്ങു തീർച്ചയായും സൗഖ്യം പ്രാപിക്കുമെന്നു പ്രവാചകൻ പറഞ്ഞു.” 15“അടുത്ത ദിവസം ഹസായേൽ ഒരു പുതപ്പെടുത്ത് വെള്ളത്തിൽ മുക്കി അതുകൊണ്ട് രാജാവിന്റെ മുഖം മൂടി. അങ്ങനെ ബെൻ-ഹദദ് രാജാവ് ശ്വാസംമുട്ടി മരിച്ചു; പകരം ഹസായേൽ രാജാവായി.
യെഹൂദാരാജാവായ യെഹോരാം
(2 ദിന. 21:1-20)
16ഇസ്രായേൽരാജാവായ ആഹാബിന്റെ പുത്രൻ യോരാമിന്റെ അഞ്ചാം ഭരണവർഷം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രൻ യെഹോരാം രാജ്യഭാരമേറ്റു. 17അപ്പോൾ അയാൾക്ക് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അയാൾ എട്ടു വർഷം യെരൂശലേമിൽ ഭരണം നടത്തി. 18ആഹാബിന്റെ പുത്രി ആയിരുന്നു അയാളുടെ ഭാര്യ; അതുകൊണ്ട് ആഹാബിന്റെ കുടുംബക്കാരെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ ദുർമാർഗങ്ങളിൽത്തന്നെ അയാളും ചരിച്ചു. സർവേശ്വരനു ഹിതകരമല്ലാത്തത് പ്രവർത്തിച്ചു; 19എങ്കിലും അവിടുന്നു തന്റെ ദാസനായ ദാവീദിനെ ഓർത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ഒരു പിൻഗാമി ഇല്ലാതെ പോകുകയില്ല” എന്നു സർവേശ്വരൻ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ. 20യെഹോരാമിന്റെ ഭരണകാലത്ത് എദോം യെഹൂദായ്‍ക്കെതിരെ കലാപമുണ്ടാക്കി സ്വാതന്ത്ര്യം നേടി സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു. 21അതുകൊണ്ട് യെഹോരാം തന്റെ രഥങ്ങളോടുകൂടി സയീരിലേക്കു തിരിച്ചു; എദോമ്യസൈന്യം അവരെ വളഞ്ഞു. എന്നാൽ യെഹോരാമും രഥസൈന്യാധിപന്മാരും കൂടി രാത്രിയിൽ എഴുന്നേറ്റ് തങ്ങളെ വളഞ്ഞിരുന്ന എദോമ്യരെ ആക്രമിച്ചു; എന്നാൽ യെഹൂദാസൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടിവന്നു. അവർ തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. 22അങ്ങനെ എദോമ്യർ യെഹൂദായുടെ ഭരണത്തിൽനിന്നു സ്വതന്ത്രരായി ഇന്നോളം നില്‌ക്കുന്നു. ആ കാലത്തുതന്നെ ലിബ്നയും പ്രക്ഷോഭമുണ്ടാക്കി. 23യെഹോരാമിന്റെ മറ്റു പ്രവൃത്തികളെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; 24യെഹോരാം മരിച്ച് പിതാക്കന്മാരോട് ചേർന്നു. ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു; പുത്രൻ അഹസ്യാ അവനു പകരം രാജാവായി.
യെഹൂദാരാജാവായ അഹസ്യാ
(2 ദിന. 22:1-6)
25ഇസ്രായേൽരാജാവായ ആഹാബിന്റെ പുത്രൻ യോരാമിന്റെ പന്ത്രണ്ടാം ഭരണവർഷം യെഹൂദാരാജാവായ യെഹോരാമിന്റെ പുത്രൻ അഹസ്യാ ഭരണമാരംഭിച്ചു. 26അപ്പോൾ അഹസ്യായ്‍ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാൾ ഇസ്രായേലിൽ ഒരു വർഷം ഭരിച്ചു; അഥല്യാ ആയിരുന്നു അയാളുടെ മാതാവ്. അവർ ഇസ്രായേൽരാജാവായിരുന്ന ഒമ്രിയുടെ പൗത്രി ആയിരുന്നു. 27അഹസ്യാ വിവാഹം മൂലം ആഹാബ്ഗൃഹത്തോട് ബന്ധപ്പെട്ടിരുന്നു; അങ്ങനെ ആഹാബ്ഗൃഹക്കാരെപ്പോലെ അയാളും സർവേശ്വരന് ഹിതകരമല്ലാത്തതു പ്രവർത്തിച്ചു. 28സിറിയാരാജാവായ ഹസായേലിനോട് യുദ്ധം ചെയ്യാൻ അഹസ്യാരാജാവ് ആഹാബിന്റെ പുത്രൻ യോരാമിനോടുകൂടെ രാമോത്ത്-ഗിലെയാദിലേക്കു പോയി. യുദ്ധത്തിൽ യോരാമിനു മുറിവേറ്റു; 29മുറിവുകൾ സുഖപ്പെടുത്താൻ യോരാം ജെസ്രീലിലേക്കു പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ പുത്രനായ അഹസ്യാ അയാളെ സന്ദർശിക്കാൻ ജെസ്രീലിൽ ചെന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക