2 LALTE 10

10
ആഹാബിന്റെ പിൻതലമുറക്കാർ വധിക്കപ്പെടുന്നു
1ആഹാബ്‍രാജാവിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അവർ ശമര്യയിലാണ് പാർത്തിരുന്നത്. യേഹൂ ശമര്യയിലെ നഗരാധിപന്മാർക്കും ജനപ്രമാണികൾക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷിതാക്കൾക്കും ഇപ്രകാരം കത്തുകളെഴുതി: 2“നിങ്ങളുടെ യജമാനന്റെ പുത്രന്മാർ നിങ്ങളുടെ കൂടെയാണല്ലോ; 3നിങ്ങൾക്കു രഥങ്ങളും കുതിരകളും ആയുധങ്ങളും സുരക്ഷിതനഗരങ്ങളുമുണ്ട്. ഈ എഴുത്ത് കിട്ടുമ്പോൾ രാജകുമാരന്മാരിൽ ഏറ്റവും യോഗ്യനായ പുത്രനെ പിതാവിന്റെ സിംഹാസനത്തിൽ അവരോധിച്ച് ആ രാജകുടുംബത്തിനുവേണ്ടി പോരാടുവിൻ. 4ഭയവിഹ്വലരായിത്തീർന്ന അവർ തമ്മിൽ പറഞ്ഞു: “രണ്ട് രാജാക്കന്മാർക്ക് അയാളെ എതിർത്തു നില്‌ക്കാൻ കഴിഞ്ഞില്ല; പിന്നെ ഞങ്ങൾക്കെങ്ങനെ കഴിയും. 5അതുകൊണ്ട് കൊട്ടാരം വിചാരിപ്പുകാരനും നഗരാധിപനും ജനപ്രമാണികളും രാജകുമാരന്മാരുടെ രക്ഷിതാക്കളും ചേർന്ന് യേഹൂവിന് ഈ സന്ദേശമയച്ചു: “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്; അങ്ങയുടെ ഇഷ്ടമനുസരിച്ച് ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം. ഞങ്ങൾ ആരെയും രാജാവായി വാഴിക്കുകയില്ല; അങ്ങയുടെ യുക്തംപോലെ പ്രവർത്തിച്ചാലും.” 6അപ്പോൾ യേഹൂ അവർക്കു വീണ്ടുമെഴുതി: “നിങ്ങൾ ഞാൻ പറയുന്നതു അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത് ജെസ്രീലിൽ എന്റെ അടുക്കൽ വരിക.” എഴുപതു രാജകുമാരന്മാരും നഗരപ്രമാണികളായ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. 7എഴുത്തു കിട്ടിയപ്പോൾ ആ എഴുപതു രാജകുമാരന്മാരെയും വധിച്ച് അവരുടെ ശിരസ്സുകൾ കുട്ടകളിലാക്കി ജെസ്രീലിൽ യേഹൂവിന്റെ അടുക്കൽ എത്തിച്ചു. 8രാജകുമാരന്മാരുടെ ശിരസ്സുകൾ കൊണ്ടുവന്നിരിക്കുന്ന വിവരം അറിയിച്ചപ്പോൾ: “അവ രണ്ടു കൂമ്പാരമായി കൂട്ടി പ്രഭാതംവരെ പടിവാതിൽക്കൽ വയ്‍ക്കുക” എന്നു യേഹൂ കല്പിച്ചു. 9പ്രഭാതമായപ്പോൾ അയാൾ പുറത്തുവന്നു ജനങ്ങളോടു പറഞ്ഞു: “നിങ്ങൾ കുറ്റക്കാരല്ല; എന്റെ യജമാനനെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചതു ഞാൻ തന്നെയാണ്.” “എന്നാൽ ആരാണ് ഇവരെയെല്ലാം വധിച്ചത്? 10തന്റെ ദാസനായ ഏലിയായിലൂടെ സർവേശ്വരൻ ആഹാബിന്റെ കുടുംബത്തിനെതിരെ അരുളിച്ചെയ്ത വചനങ്ങൾ ഒന്നൊഴിയാതെ സത്യമായിരിക്കുന്നു” എന്നു നിങ്ങൾ അറിഞ്ഞുകൊള്ളുക. 11ആഹാബിന്റെ ജെസ്രീലിലുള്ള എല്ലാ ചാർച്ചക്കാരെയും അയാളുടെ സുഹൃത്തുക്കളെയും പുരോഹിതന്മാരെയും പ്രമുഖന്മാരെയുമെല്ലാം യേഹൂ സംഹരിച്ചു.
അഹസ്യായുടെ ചാർച്ചക്കാർ കൊല്ലപ്പെടുന്നു
12യേഹൂ അവിടെനിന്നു ശമര്യയിലേക്കു പുറപ്പെട്ടു: 13മാർഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോൾ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാർച്ചക്കാരെ കണ്ടു. “നിങ്ങൾ ആരാണ്” എന്ന് അയാൾ ചോദിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യായുടെ ചാർച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദർശിക്കാൻ പോകുകയാണ്.” 14“അവരെ ജീവനോടെ പിടിക്കുക” യേഹൂ കല്പിച്ചു. അനുചരന്മാർ അവരെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും ബെത്ത്-ഖേദിലെ കിണറ്റിനരികിൽവച്ചു വധിച്ചു; ഒരാൾ പോലും ശേഷിച്ചില്ല.
ആഹാബിന്റെ ചാർച്ചക്കാർ വധിക്കപ്പെടുന്നു
15യേഹൂ അവിടെനിന്നു പുറപ്പെട്ടു; വഴിയിൽവച്ചു രേഖാബിന്റെ പുത്രനായ യോനാദാബിനെ കണ്ടു. യേഹൂ അയാളെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: “ഞാൻ നിന്നോട് ആത്മാർഥത പുലർത്തുന്നതുപോലെ എന്നോട് ആത്മാർഥമായി വർത്തിക്കുമോ?” “ഉവ്വ്, ഞാൻ അങ്ങനെ വർത്തിക്കും” യോനാദാബ് പ്രതിവചിച്ചു. “അങ്ങനെയെങ്കിൽ എനിക്കു കൈ തരിക” യേഹൂ പറഞ്ഞു. അയാൾ കൈ കൊടുത്തു. യേഹൂ അയാളെ തന്റെ രഥത്തിൽ കയറ്റി. 16“എന്റെ കൂടെ വന്ന് സർവേശ്വരനോടുള്ള എന്റെ ഭക്തിയുടെ തീവ്രത കാണുക” എന്നു പറഞ്ഞു. അവർ ഒന്നിച്ചു രഥത്തിൽ യാത്ര തുടർന്നു. 17ശമര്യയിലെത്തിയപ്പോൾ ആഹാബിന്റെ വംശത്തിൽ അവിടെ ശേഷിച്ചിരുന്നവരെയെല്ലാം യേഹൂ വധിച്ചു. ഇങ്ങനെ സംഭവിക്കും എന്ന് സർവേശ്വരൻ ഏലിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നു.
ബാലിന്റെ ആരാധകർ കൊല്ലപ്പെടുന്നു
18യേഹൂ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അല്പം മാത്രം സേവിച്ചു; എന്നാൽ ഞാനാകട്ടെ അധികം സേവിക്കും. 19അതുകൊണ്ട് ബാലിന്റെ സകല പ്രവാചകന്മാരെയും ആരാധകരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടുക; ആരും വരാതിരിക്കരുത്. ഞാൻ ബാലിന് ഒരു മഹായാഗം അർപ്പിക്കാൻ പോകുകയാണ്; പങ്കെടുക്കാതിരിക്കുന്നവർ ജീവനോടെ ശേഷിക്കയില്ല.” ബാലിന്റെ ആരാധകരെയെല്ലാം വധിക്കാൻ യേഹൂ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്. 20“ബാലിന് ഒരു പെരുന്നാൾ ആഘോഷിക്കാം” എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ വിളംബരം ചെയ്തു. 21ഇസ്രായേലിലെല്ലാം യേഹൂ ദൂതന്മാരെ അയച്ചു. ബാലിന്റെ ആരാധകരെല്ലാം ഒന്നൊഴിയാതെ അവിടെവന്നു. അവർ ബാലിന്റെ ആലയത്തിൽ പ്രവേശിച്ചു; ആലയം ആരാധകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. 22“ബാലിന്റെ ആരാധകർക്ക് ആരാധനയ്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങൾ കൊണ്ടുവരിക” യേഹൂ വസ്ത്രം സൂക്ഷിപ്പുകാരനോടു പറഞ്ഞു. അയാൾ അവ കൊണ്ടുവന്നു. 23പിന്നീട് രേഖാബിനെ പുത്രനായ യോനാദാബിനോടുകൂടി യേഹൂ ബാലിന്റെ ദേവാലയത്തിൽ പ്രവേശിച്ചു. അവൻ അവിടെയുള്ളവരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ സർവേശ്വരന്റെ ആരാധകരാരും ഇവിടെയില്ല എന്ന് ഉറപ്പുവരുത്തുക.” 24പിന്നീട് ബാലിന് ഹോമയാഗങ്ങളും മറ്റു ബലികളും അർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. എൺപതു പേരെ യേഹൂ പുറത്തു കാവൽ നിർത്തിയിരുന്നു. അവരോടു പറഞ്ഞിരുന്നു: “ഞാൻ ഏല്പിച്ചുതരുന്നവരിൽ ആരെങ്കിലും രക്ഷപെടാൻ അനുവദിച്ചാൽ അവൻ തന്റെ സ്വന്തം ജീവൻ പകരം നല്‌കേണ്ടിവരും.” 25യാഗം തീർന്നപ്പോൾ അകമ്പടിസേവകരോടും കാവല്‌ക്കാരോടും യേഹൂ കല്പിച്ചു: “നിങ്ങൾ അകത്തു പ്രവേശിച്ച് അവരെ കൊല്ലുക; ഒരാൾപോലും രക്ഷപെടരുത്.” അവർ ബാലിന്റെ ആരാധകരെയെല്ലാം സംഹരിച്ചശേഷം അവരെ പുറത്തേക്കു വലിച്ചെറിഞ്ഞു. 26പിന്നീട് ബാൽക്ഷേത്രത്തിന്റെ അന്തർമന്ദിരത്തിൽ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന സ്തംഭം പുറത്തെടുത്ത് അഗ്നിക്കിരയാക്കി. 27ബാലിന്റെ ക്ഷേത്രവും സ്തംഭവും തകർത്തശേഷം അത് ഒരു വിസർജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയിൽ കിടക്കുന്നു. 28അങ്ങനെ യേഹൂ ബാലിന്റെ ആരാധനയെ ഇസ്രായേലിൽനിന്നു നീക്കിക്കളഞ്ഞു. 29എന്നാൽ നെബാത്തിന്റെ പുത്രനായ യെരോബെയാം ഇസ്രായേൽജനങ്ങളെക്കൊണ്ടു ചെയ്യിച്ച പാപത്തിൽനിന്നു യേഹൂ പിന്മാറിയില്ല. ബേഥേലിലും ദാനിലുമുണ്ടായിരുന്ന സ്വർണകാളക്കുട്ടികളെ അയാൾ ആരാധിച്ചു. 30സർവേശ്വരൻ യേഹൂവിനോടു പറഞ്ഞു: “നീ എന്റെ ഹിതാനുസരണം പ്രവർത്തിച്ചു; ആഹാബിന്റെ ഗൃഹത്തെ സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം നീ ചെയ്തു. അതുകൊണ്ട് നിന്റെ പുത്രന്മാർ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ നാലാം തലമുറവരെ വാഴും.” 31എന്നാൽ യേഹൂ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ ധർമശാസനങ്ങൾ പൂർണഹൃദയത്തോടെ അനുസരിച്ചുനടന്നില്ല. ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യെരോബെയാമിന്റെ വഴികളിൽനിന്ന് അയാൾ പിന്മാറിയതുമില്ല.
യേഹൂവിന്റെ മരണം
32ആ കാലത്ത് സർവേശ്വരൻ ഇസ്രായേൽദേശത്തിന്റെ ചില ഭാഗങ്ങൾ നീക്കിക്കളയാൻ തുടങ്ങി. സിറിയാരാജാവായ ഹസായേൽ ഇസ്രായേലിന്റെ അതിർത്തി പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി. 33യോർദ്ദാന്റെ കിഴക്കുവശം മുതൽ അർന്നോൻനദിയുടെ താഴ്‌വരയിലുള്ള അരോവേർ പട്ടണംവരെയുള്ള പ്രദേശങ്ങൾ അതായത് ഗാദ്, രൂബേൻ, മനശ്ശെ എന്നീ ഗോത്രക്കാർ പാർത്തിരുന്ന ഗിലെയാദ്, ബാശാൻ പ്രദേശങ്ങൾ അവൻ പിടിച്ചടക്കി. 34യേഹൂ ചെയ്ത മറ്റെല്ലാ പ്രവൃത്തികളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 35യേഹൂ മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു; ശമര്യയിൽ അയാളെ സംസ്കരിച്ചു. അയാളുടെ പുത്രനായ യെഹോവാഹാസ് പകരം രാജാവായി; 36യേഹൂ ഇസ്രായേല്യരുടെ രാജാവായി ഇരുപത്തെട്ടു വർഷം ശമര്യയിൽ വാണു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക