2 LALTE 17
17
ഹോശേയ-ഇസ്രായേൽരാജാവ്
1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവർഷം ഏലായുടെ പുത്രനായ ഹോശേയ ഇസ്രായേൽരാജാവായി. ശമര്യയിൽ അദ്ദേഹം ഒമ്പതു വർഷം ഭരിച്ചു. 2സർവേശ്വരന് അഹിതമായ പ്രവൃത്തികൾ അദ്ദേഹം ചെയ്തു. എങ്കിലും അദ്ദേഹം തന്റെ മുൻഗാമികളായ ഇസ്രായേൽരാജാക്കന്മാരെപ്പോലെ ആയിരുന്നില്ല. 3അസ്സീറിയാരാജാവായ ശൽമനേസെർ അദ്ദേഹത്തിനെതിരെ വന്നു; ഹോശേയ കപ്പം കൊടുത്ത് അയാളുടെ സാമന്തനായിത്തീർന്നു. 4പിന്നീട് ഹോശേയ ഈജിപ്തുരാജാവായ സോയുടെ അടുക്കൽ സഹായത്തിനായി ദൂതന്മാരെ അയയ്‍ക്കുകയും അസ്സീറിയാരാജാവിനു വർഷംതോറും കൊടുത്തുവന്ന കപ്പം നിർത്തലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ദുഷ്ടത ഗ്രഹിച്ച അസ്സീറിയാരാജാവ് അയാളെ ബന്ധിച്ചു കാരാഗൃഹത്തിലാക്കി.
ശമര്യയുടെ പതനം
5പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേൽ ആക്രമിച്ചു ശമര്യയിൽ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വർഷം നീണ്ടുനിന്നു. 6ഹോശേയരാജാവിന്റെ വാഴ്ചയുടെ ഒമ്പതാം വർഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേൽജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോർനദീതീരത്തും മേദ്യപട്ടണങ്ങളിലും പാർപ്പിച്ചു. 7ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്റെ അടിമത്തത്തിൽനിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഇസ്രായേൽജനം പാപംചെയ്തു. അന്യദേവന്മാരെ അവർ ആരാധിച്ചു. 8സർവേശ്വരൻ ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ ഏർപ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവർ നടന്നു. 9ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്തു. കാവൽഗോപുരംമുതൽ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവർ പൂജാഗിരികൾ നിർമ്മിച്ചു. 10അവർ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. 11ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തിരുന്നതുപോലെ അവർ പൂജാഗിരികളിലെല്ലാം ധൂപാർപ്പണം നടത്തി. അവർ ദുഷ്കൃത്യങ്ങൾ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു. 12ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ആരാധിച്ചു. 13സർവേശ്വരൻ തന്റെ ദീർഘദർശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുർമാർഗങ്ങളിൽനിന്ന് വിട്ടുതിരിയുകയും ചെയ്യണം. 14എന്നാൽ അവർ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സർവേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂർവപിതാക്കന്മാരെപ്പോലെ അവർ ദുശ്ശാഠ്യക്കാരായിരുന്നു. 15അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങൾ അവർ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവർ അവഗണിച്ചു. വ്യർഥവിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ഫലമായി അവരും വ്യർഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സർവേശ്വരൻ കല്പിച്ചിരുന്നെങ്കിലും അവർ അവരെപ്പോലെ വർത്തിച്ചു. 16അവർ തങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങൾക്ക് ആരാധിക്കാൻവേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങൾ വാർത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവർ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാൽദേവനെയും അവർ ആരാധിച്ചു. 17അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഹോമിച്ചു. അവർ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സർവേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികൾ ചെയ്ത് അവർ അവിടുത്തെ പ്രകോപിപ്പിച്ചു. 18അതുകൊണ്ട് അവിടുന്ന് ഇസ്രായേൽജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു. 19യെഹൂദാഗോത്രക്കാരും അവരുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കാതെ ഇസ്രായേൽജനത്തിന്റെ ആചാരങ്ങളെ അനുകരിച്ചു. 20ഇസ്രായേലിന്റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവർച്ചക്കാരുടെ കൈയിൽ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. 21സർവേശ്വരൻ ഇസ്രായേലിനെ യെഹൂദായിൽനിന്ന് വേർതിരിച്ചപ്പോൾ, ഇസ്രായേൽ നെബാത്തിന്റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാൾ ഇസ്രായേലിനെ സർവേശ്വരന്റെ വഴിയിൽനിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു. 22ഇസ്രായേൽജനം യെരോബെയാമിന്റെ പാപങ്ങളിൽ വ്യാപരിച്ചു; അവർ അതിൽനിന്നു പിന്തിരിഞ്ഞില്ല. 23സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതുവരെ അവർ ആ പാപപ്രവൃത്തികൾ പിന്തുടർന്നു. അവർ ഇന്നും അസ്സീറിയായിൽ പ്രവാസികളായി കഴിയുന്നു.
അസ്സീറിയാക്കാർ ഇസ്രായേലിൽ
24അസ്സീറിയാരാജാവ് ബാബിലോൺ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ കൊണ്ടുവന്ന് ഇസ്രായേൽജനങ്ങൾക്കു പകരം ശമര്യപട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യപട്ടണങ്ങൾ കൈവശമാക്കി അവിടെ പാർത്തു; 25അവർ സർവേശ്വരനെ ആരാധിച്ചിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു. അവ അവരിൽ ഏതാനും പേരെ കൊന്നുകളഞ്ഞു. 26ശമര്യപട്ടണങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ച ജനം ഇസ്രായേലിലെ ദൈവത്തിന്റെ നിയമം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ ഇടയിലേക്ക് ദൈവം സിംഹങ്ങളെ അയയ്‍ക്കുകയും അവ അവരെ കൊന്നുകളയുകയും ചെയ്യുന്നു എന്ന വിവരം അസ്സീറിയാ രാജാവ് കേട്ടു. 27അദ്ദേഹം കല്പിച്ചു: “അവിടെനിന്നു പിടിച്ചുകൊണ്ടുപോന്ന പുരോഹിതന്മാരിൽ ഒരാളെ അവിടേക്കു കൊണ്ടുചെല്ലുക. അയാൾ ആ ദേശത്തിലെ ദൈവത്തിന്റെ നിയമം അവരെ പഠിപ്പിക്കട്ടെ.” 28അങ്ങനെ ശമര്യയിൽനിന്നു പിടിച്ചുകൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരാൾ ബേഥേലിൽ ചെന്നു പാർത്തു. സർവേശ്വരനെ എങ്ങനെ ആരാധിക്കണമെന്ന് അയാൾ അവരെ പഠിപ്പിച്ചു. 29എന്നാൽ ഓരോ ജനതയും തങ്ങളുടെ സ്വന്തം വിഗ്രഹങ്ങൾ നിർമ്മിച്ച് തങ്ങൾ പാർത്തിരുന്ന പട്ടണങ്ങളിൽ ശമര്യക്കാർ പണിതിരുന്ന പൂജാഗിരികളിൽ പ്രതിഷ്ഠിച്ചു. 30ബാബിലോണ്യർ സുക്കോത്ത്-ബെനോത്തിനെയും കൂഥാക്കാർ നേർഗാലിനെയും ഹമാത്തുകാർ അശീമയെയും 31അവ്വക്കാർ നിബ്ഹസ്, തർത്തക്ക് എന്നീ ദേവന്മാരെയുമാണ് പ്രതിഷ്ഠിച്ചത്. സെഫർവക്കാർ തങ്ങളുടെ ദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും സ്വന്തം മക്കളെ അഗ്നിയിൽ ഹോമിച്ചു. 32ഈ ജനതകളെല്ലാം സർവേശ്വരനെയും ആരാധിച്ചു. പൂജാഗിരികളിൽ ശുശ്രൂഷ ചെയ്യുന്നതിനു തങ്ങളുടെ ഇടയിൽനിന്ന് എല്ലാത്തരത്തിൽപ്പെട്ടവരെയും പുരോഹിതന്മാരായി നിയമിച്ചു. അവർ അവിടങ്ങളിൽ ബലിയർപ്പിക്കുകയും ചെയ്തു. 33അങ്ങനെ അവർ സർവേശ്വരനെ ആരാധിച്ചു; അതോടൊപ്പം തങ്ങൾ വിട്ടുപോന്ന ദേശങ്ങളിലെ ദേവന്മാരെയും സേവിച്ചു. 34അവർ ഇന്നും അങ്ങനെതന്നെ തുടരുന്നു. അവർ സർവേശ്വരനെ ഭയപ്പെടുന്നില്ല. ഇസ്രായേൽ എന്ന് അവിടുന്നു പേരു വിളിച്ച യാക്കോബിന്റെ സന്താനങ്ങൾക്ക് നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും വിധികളും കല്പനകളുമൊന്നും അവർ പാലിക്കുന്നുമില്ല. 35സർവേശ്വരൻ അവരോട് ഒരു ഉടമ്പടി ചെയ്ത് ഇങ്ങനെ കല്പിച്ചിരുന്നു: “അന്യദേവന്മാരെ നിങ്ങൾ ആരാധിക്കരുത്; അവരെ നമസ്കരിക്കുകയോ, സേവിക്കുകയോ, അവയ്‍ക്കു ബലിയർപ്പിക്കുകയോ അരുത്. 36ഈജിപ്തിൽനിന്ന് തന്റെ ശക്തമായ കരങ്ങൾ നീട്ടി നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനെ മാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്. അവിടുത്തെ നമസ്കരിക്കുകയും അവിടുത്തേക്ക് യാഗമർപ്പിക്കുകയും വേണം. 37അവിടുന്നു നിങ്ങൾക്ക് എഴുതിത്തന്ന ചട്ടങ്ങളും നിയമങ്ങളും വിധികളും കല്പനകളും നിങ്ങൾ എന്നും പാലിക്കണം. അന്യദേവന്മാരെ നിങ്ങൾ ആരാധിക്കരുത്. 38ഞാൻ നിങ്ങളുമായി ചെയ്ത ഉടമ്പടി മറക്കരുത്. അന്യദേവന്മാരെ നിങ്ങൾ ആരാധിക്കരുത്. 39നിങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കുക; എന്നാൽ അവിടുന്നു നിങ്ങളെ സകല ശത്രുക്കളിൽനിന്നും വിടുവിക്കും. അവർ അതു ശ്രദ്ധിച്ചില്ല. 40അവർ പഴയ രീതിയിൽത്തന്നെ ജീവിച്ചു. 41അങ്ങനെ ഈ ജനതകൾ സർവേശ്വരനെയും അതോടൊപ്പം അവരുടെ വിഗ്രഹങ്ങളെയും ആരാധിച്ചു. അവരും അവരുടെ പിൻതലമുറകളും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇന്നും അങ്ങനെ ചെയ്തുവരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 LALTE 17: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.