2 LALTE 18

18
ഹിസ്ക്കീയാ-യെഹൂദാരാജാവ്
(2 ദിന. 29:1, 2; 31:1)
1ഇസ്രായേൽരാജാവായ ഏലായുടെ മകൻ ഹോശേയയുടെ മൂന്നാം ഭരണവർഷം യെഹൂദാരാജാവായ ആഹാസിന്റെ പുത്രൻ ഹിസ്ക്കീയാ യെഹൂദായിൽ രാജാവായി. 2അപ്പോൾ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ ഇരുപത്തൊമ്പതു വർഷം രാജ്യഭരണം നടത്തി. സെഖര്യായുടെ പുത്രി അബി ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 3പൂർവപിതാവായ ദാവീദിനെപ്പോലെ അദ്ദേഹം സർവേശ്വരനു പ്രസാദകരമായവിധം ജീവിച്ചു. 4അദ്ദേഹം പൂജാഗിരികൾ നീക്കിക്കളഞ്ഞു; സ്തംഭങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസർപ്പത്തെ അദ്ദേഹം തകർത്തുകളഞ്ഞു. ജനം അതിനു ധൂപം അർപ്പിച്ചുവന്നിരുന്നു. 5ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനിൽ അദ്ദേഹം ആശ്രയിച്ചു. യെഹൂദാരാജാക്കന്മാരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മുൻഗാമികളിലോ പിൻഗാമികളിലോ ആരുംതന്നെ അദ്ദേഹത്തിനു തുല്യനായി ഉണ്ടായിരുന്നില്ല. 6അദ്ദേഹം സർവേശ്വരനോടു ചേർന്നുനിന്നു. അവിടുന്നു മോശയ്‍ക്കു നല്‌കിയ കല്പനകളെല്ലാം അനുസരിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു. 7അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിർത്തുനിന്നു. 8ഹിസ്ക്കീയാ ഗസ്സയുടെ അതിർത്തിവരെ ഫെലിസ്ത്യരെ തോല്പിച്ചു; കാവൽഗോപുരം തൊട്ട് കോട്ട കെട്ടി ഉറപ്പിച്ച വൻനഗരംവരെ അദ്ദേഹം അവരെ പരാജയപ്പെടുത്തി. 9ഹിസ്ക്കീയാരാജാവിന്റെ വാഴ്ചയുടെ നാലാം വർഷം അസ്സീറിയാരാജാവായ ശല്മനേസെർ ശമര്യക്കെതിരെ ചെന്ന് അതിനെ ഉപരോധിച്ചു. അത് ഇസ്രായേൽരാജാവും ഏലായുടെ പുത്രനുമായ ഹോശേയയുടെ ഏഴാം ഭരണവർഷത്തിലായിരുന്നു. 10ഉപരോധത്തിന്റെ മൂന്നാം വർഷം അയാൾ അതു പിടിച്ചടക്കി. ഹിസ്ക്കീയാരാജാവിന്റെ വാഴ്ചയുടെ ആറാം വർഷത്തിൽ അതായത് ഇസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ഭരണവർഷത്തിൽ ആയിരുന്നു ശല്മനേസെർ ശമര്യ അധീനമാക്കിയത്. 11അസ്സീറിയാരാജാവ് ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോശാൻനദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും പാർപ്പിച്ചു. 12അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിച്ചില്ല. അവിടുത്തെ ഉടമ്പടിയും അവിടുത്തെ ദാസനായ മോശയുടെ കല്പനകളും അവർ ലംഘിച്ചു. അവർ അതു ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
യെരൂശലേമിനെതിരെ ഭീഷണി
(2 ദിന. 32:1-19; യെശ. 36:1-22)
13യെഹൂദാരാജാവായ ഹിസ്ക്കീയായുടെ പതിനാലാം ഭരണവർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദ്യയിലെ കോട്ടകെട്ടി ഉറപ്പിച്ച പട്ടണങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി. 14അപ്പോൾ യെഹൂദാരാജാവായ ഹിസ്ക്കീയാ ലാഖീശിൽ അസ്സീറിയാരാജാവിന് ഇപ്രകാരം ഒരു സന്ദേശമയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി. എന്നെ വിട്ടു മടങ്ങിപ്പോയാലും. അങ്ങു നിശ്ചയിക്കുന്ന ഏതു പിഴയും ഞാൻ അടച്ചുകൊള്ളാം.” അസ്സീറിയാ രാജാവ് യെഹൂദാരാജാവായ ഹിസ്ക്കീയായ്‍ക്ക് മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വർണവും പിഴ കല്പിച്ചു. 15ഹിസ്ക്കീയാ സർവേശ്വരമന്ദിരത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയെല്ലാം എടുത്ത് അസ്സീറിയാരാജാവിനു കൊടുത്തു. 16ദേവാലയത്തിന്റെ വാതിലുകളിലും കട്ടിളകളിലും താൻതന്നെ പൊതിഞ്ഞിരുന്ന സ്വർണവും ഇളക്കിയെടുത്ത് അദ്ദേഹത്തിനു നല്‌കി. 17അസ്സീറിയാരാജാവ് ലാഖീശിൽനിന്നു തന്റെ പ്രധാന ഉദ്യോഗസ്ഥരായ തർഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാൻ യെരൂശലേമിലേക്ക് അയച്ചു. അവർ യെരൂശലേമിലെത്തി അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്റെ അടുത്ത് നിലയുറപ്പിച്ചു. 18ഹിസ്ക്കീയാരാജാവിനെ കാണണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ രാജധാനിവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീമും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും അവരുടെ അടുക്കൽ ചെന്നു. 19റബ്-ശാക്കേ അവരോടു പറഞ്ഞു: “ഹിസ്ക്കീയായോടു പറയുക; നിനക്ക് ഈ ധൈര്യം എവിടെനിന്നു കിട്ടി എന്നു മഹാനായ രാജാവ് ചോദിക്കുന്നു. 20യുദ്ധതന്ത്രവും ശക്തിയും കൊണ്ട് സാധിക്കേണ്ടത് വെറും പൊള്ളവാക്കുകൾകൊണ്ടു സാധിക്കാമെന്നാണോ നീ കരുതുന്നത്? ആരിൽ ആശ്രയിച്ചാണ് നീ എന്നെ എതിർക്കുന്നത്? 21ഈജിപ്താണല്ലോ നിന്റെ ആശ്രയം? അത് ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയിൽ അതു കുത്തിക്കയറും. തന്നിൽ ആശ്രയിക്കുന്നവർക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്. 22ഞങ്ങളുടെ ദൈവമായ സർവേശ്വരനിലാണ് ഞങ്ങൾ ആശ്രയിക്കുന്നതെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തിൽ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സർവേശ്വരന്റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്. 23എന്റെ യജമാനനായ അസ്സീറിയാരാജാവിനോട് വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികൾ എങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ഞാൻ രണ്ടായിരം കുതിരകളെ തരാം. 24രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ സേവകന്മാരിൽ ഏറ്റവും ചെറിയ ഒരു പടനായകനെയെങ്കിലും തോല്പിക്കാൻ കഴിയുമോ? 25സർവേശ്വരന്റെ സഹായം കൂടാതെയാണോ ഞാൻ ഈ രാജ്യത്തെ നശിപ്പിക്കാൻ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കാൻ അവിടുന്ന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.” 26അപ്പോൾ ഹില്‌ക്കീയായുടെ പുത്രൻ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കെയോടു പറഞ്ഞു: “ഞങ്ങളോട് അരാമ്യഭാഷയിൽ സദയം സംസാരിച്ചാലും; അതു ഞങ്ങൾക്കു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം നാം പറയുന്നതു കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എബ്രായഭാഷയിൽ സംസാരിക്കാതിരുന്നാലും.” 27റബ് -ശാക്കെ പ്രതിവചിച്ചു: “സ്വന്തം വിസർജനവസ്തുക്കൾ തിന്നാനും കുടിക്കാനും വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളിൽ ഇരിക്കുന്നത്. അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്? 28റബ്-ശാക്കെ നിവർന്നു നിന്നുകൊണ്ട് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു: “അസ്സീറിയാ മഹാരാജാവിന്റെ വാക്കുകൾ കേൾക്കുവിൻ, രാജാവു കല്പിക്കുന്നു; 29ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. നിങ്ങളെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ അവനു കഴിയുകയില്ല. 30സർവേശ്വരൻ നമ്മെ നിശ്ചയമായും രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് സർവേശ്വരനിൽ ആശ്രയിക്കാൻ ഹിസ്ക്കീയാ നിങ്ങൾക്ക് ഇടയാക്കാതിരിക്കട്ടെ. 31ഹിസ്ക്കീയാ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്?” അസ്സീറിയാരാജാവു കല്പിക്കുന്നു: “നിങ്ങൾ സമാധാന ഉടമ്പടി ചെയ്ത് എന്നോടു ചേരുക. അങ്ങനെ ചെയ്താൽ നിങ്ങൾ സ്വന്തം മുന്തിരിയുടെയും അത്തിയുടെയും ഫലം അനുഭവിക്കും; നിങ്ങൾ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും. 32പിന്നീട് ഞാൻ വന്നു നിങ്ങളെ ഈ ദേശത്തിനു സദൃശമായ ഒരു നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ദേശത്തേക്കുതന്നെ. എന്നാൽ നിങ്ങൾ മരിക്കുകയില്ല; ജീവിക്കും. ‘സർവേശ്വരൻ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കുന്ന ഹിസ്ക്കീയായുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്. 33ഏതെങ്കിലും ദേവൻ അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു തന്റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ? 34ഹമാത്തിന്റെയും അർപ്പാദിന്റെയും ദേവന്മാർ എവിടെ? സെഫർവയീം, ഹേനാ, ഇവ്വാ എന്നിവയുടെ ദേവന്മാരും എവിടെ? ശമര്യയെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടോ? 35ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാൻ സർവേശ്വരനു കഴിയുമോ?” 36എന്നാൽ ജനം നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം ഒരു മറുപടിയും പറയരുതെന്നായിരുന്നു രാജകല്പന. 37അപ്പോൾ കൊട്ടാരവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീം, കൊട്ടാരം കാര്യസ്ഥനായ ശെബ്ന, ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹ് എന്നിവർ തങ്ങളുടെ വസ്ത്രം കീറി; അവർ ഹിസ്ക്കീയായുടെ അടുക്കൽ വന്നു റബ്-ശാക്കെ പറഞ്ഞതെല്ലാം അദ്ദേഹത്തെ അറിയിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 18: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക