2 LALTE 16

16
ആഹാസ്
(2 ദിന. 28:1-27)
1രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹിന്റെ പതിനേഴാം ഭരണവർഷം യോഥാമിന്റെ പുത്രൻ ആഹാസ് യെഹൂദ്യയിൽ രാജാവായി. 2ഭരണമാരംഭിച്ചപ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ പതിനാറു വർഷം ഭരണം നടത്തി. എന്നാൽ തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമായി അദ്ദേഹം പ്രവർത്തിച്ചില്ല. 3അദ്ദേഹം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു. ഇസ്രായേൽജനങ്ങളുടെ ഇടയിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ സ്വന്തം പുത്രനെപ്പോലും അഗ്നിയിൽ ഹോമിച്ചു. 4പൂജാഗിരികളിലും കുന്നുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അദ്ദേഹം ബലികളും ധൂപവും അർപ്പിച്ചു. 5രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേർന്നു യെരൂശലേമിനെ വളഞ്ഞ് ആക്രമിച്ചു; എങ്കിലും യെഹൂദാരാജാവായ ആഹാസിനെ പരാജയപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. 6അക്കാലത്ത് എദോംരാജാവ് ഏലാത്ത് വീണ്ടെടുത്ത് എദോമിനോടു ചേർത്തു. ഏലാത്തിൽ ഉണ്ടായിരുന്ന യെഹൂദ്യരെ അവിടെനിന്ന് ഓടിച്ചുകളഞ്ഞു; എദോമ്യർ ഏലാത്തിൽ ഇപ്പോഴും പാർക്കുന്നു. 7അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ ദൂതന്മാർ മുഖേന ആഹാസ് ഇങ്ങനെ അറിയിച്ചു: “ഞാൻ അങ്ങയുടെ വിനീതദാസൻ. അങ്ങു വന്ന് എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈകളിൽനിന്ന് എന്നെ രക്ഷിച്ചാലും.” 8സർവേശ്വരന്റെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും സംഭരിച്ചുവച്ചിരുന്ന വെള്ളിയും സ്വർണവും ആഹാസ് അസ്സീറിയാരാജാവിനു സമ്മാനമായി കൊടുത്തയച്ചു. 9അസ്സീറിയാരാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു; അദ്ദേഹം ദമാസ്കസിലേക്കു പോയി, പട്ടണം പിടിച്ചടക്കി. അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കീറിലേക്കു കൊണ്ടുപോയി. രെസീൻരാജാവിനെ വധിക്കുകയും ചെയ്തു. 10അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ സന്ദർശിക്കാൻ ആഹാസ് ദമാസ്കസിൽ ചെന്നപ്പോൾ അവിടത്തെ ബലിപീഠം കണ്ടു. ബലിപീഠത്തിന്റെ മാതൃകയും ഘടനയും അതിന്റെ എല്ലാ വിശദാംശങ്ങളോടും കൂടി അദ്ദേഹം ഊരിയാപുരോഹിതനു കൊടുത്തയച്ചു. 11ആഹാസ്‍രാജാവ് തിരിച്ചെത്തുന്നതിനു മുമ്പ്, അദ്ദേഹം കൊടുത്തയച്ച മാതൃകയനുസരിച്ച് ഊരിയാപുരോഹിതൻ യാഗപീഠം പണിതു. 12രാജാവ് ദമാസ്കസിൽനിന്ന് വന്നപ്പോൾ ആ യാഗപീഠം കാണുകയും 13അതിൽ ഹോമയാഗവും ധാന്യയാഗവും പാനീയയാഗവും അർപ്പിക്കുകയും സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും ചെയ്തു. 14അദ്ദേഹം സർവേശ്വരന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഓടുകൊണ്ടുള്ള യാഗപീഠം ദേവാലയത്തിന്റെയും യാഗപീഠത്തിന്റെയും മധ്യേനിന്നു മാറ്റി യാഗപീഠത്തിന്റെ വടക്കുവശത്തു സ്ഥാപിച്ചു. 15ആഹാസ്‍രാജാവ് ഊരിയാപുരോഹിതനോട് കല്പിച്ചു: “വലിയ യാഗപീഠത്തിന്മേൽ പ്രഭാതഹോമയാഗവും സായാഹ്നധാന്യയാഗവും രാജാവിന്റെയും ജനങ്ങളുടെയും ഹോമയാഗവും പാനീയയാഗവും അർപ്പിക്കണം. ഹോമയാഗത്തിന്റെയും മറ്റു യാഗങ്ങളുടെയും രക്തം അതിന്മേൽ തളിക്കണം. ഓടുകൊണ്ടുള്ള യാഗപീഠം എനിക്കു ദൈവഹിതം ആരായുന്നതിനുവേണ്ടി മാറ്റി വയ്‍ക്കണം.” 16ആഹാസ് കല്പിച്ചതുപോലെ ഊരിയാപുരോഹിതൻ പ്രവർത്തിച്ചു. 17ആഹാസ്‍രാജാവ് പീഠങ്ങളുടെ ചട്ടപ്പലകകൾ വേർപെടുത്തി, തൊട്ടി നീക്കംചെയ്തു. ജലസംഭരണികൾ അവയെ താങ്ങിനിർത്തുന്ന ഓട്ടുകാളകളുടെമേൽനിന്നു മാറ്റി അതിനുവേണ്ടി നിർമ്മിച്ച കൽത്തളത്തിന്മേൽ വച്ചു. 18ശബത്തു ദിവസം കൊട്ടാരത്തിൽനിന്നു ദേവാലയത്തിലേക്കു പോകുന്നതിനുള്ള മേൽപ്പുരയോടുകൂടിയ പാതയും രാജാവിനു പ്രവേശിക്കാനുള്ള കവാടവും അസ്സീറിയാരാജാവിനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ആഹാസ് നീക്കം ചെയ്തു. 19ആഹാസിന്റെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 20ആഹാസ് മരിച്ചു പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. പിന്നീട് പുത്രനായ ഹിസ്കീയാ രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 16: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക