2 LALTE 15

15
ഉസ്സിയാ-യെഹൂദാരാജാവ്
(2 ദിന. 26:1-23)
1ഇസ്രായേൽരാജാവായ യെരോബെയാമിന്റെ ഇരുപത്തേഴാം ഭരണവർഷം യെഹൂദാരാജാവായ അമസ്യായുടെ പുത്രൻ ഉസ്സിയാ രാജാവായി. 2അപ്പോൾ അദ്ദേഹത്തിനു പതിനാറു വയസ്സായിരുന്നു. അമ്പത്തിരണ്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരിച്ചു. യെരൂശലേംകാരി യെഖൊല്യാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 3തന്റെ പിതാവായ അമസ്യായെപ്പോലെ അദ്ദേഹം സർവേശ്വരനു ഹിതകരമായി ജീവിച്ചു. 4എങ്കിലും പൂജാഗിരികൾ ദേശത്തുനിന്നു നീക്കിക്കളഞ്ഞില്ല; ജനം അവിടെ യാഗങ്ങളും ധൂപവും അർപ്പിച്ചുവന്നു. 5സർവേശ്വരൻ ഉസ്സിയായെ ശിക്ഷിച്ചു. തന്നിമിത്തം അദ്ദേഹം കുഷ്ഠരോഗിയായി; മരണംവരെ അദ്ദേഹം മറ്റുള്ളവരിൽനിന്നു അകന്നു പ്രത്യേക കൊട്ടാരത്തിൽ പാർക്കേണ്ടി വന്നു. പുത്രൻ യോഥാം രാജധാനിയിൽ പാർത്തുകൊണ്ട് ജനത്തിനു ന്യായപാലനം ചെയ്തു. 6ഉസ്സിയായുടെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 7ഉസ്സിയാ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു; പുത്രൻ യോഥാം പകരം രാജാവായി.
സെഖര്യാ-ഇസ്രായേൽരാജാവ്
8യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തെട്ടാം ഭരണവർഷം യെരോബെയാമിന്റെ പുത്രൻ സെഖര്യാ ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം ശമര്യയിൽ ആറു മാസം ഭരിച്ചു. 9പിതാക്കന്മാരെപ്പോലെ സർവേശ്വരന്റെ മുമ്പിൽ അദ്ദേഹവും തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല. 10യാബേശിന്റെ പുത്രൻ ശല്ലൂം സെഖര്യാക്കെതിരെ ഗൂഢാലോചന നടത്തുകയും ഇബ്ലെയാമിൽവച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇസ്രായേലിന്റെ രാജാവായി. 11സെഖര്യായുടെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12“നിന്റെ പുത്രന്മാർ ഇസ്രായേലിന്റെ സിംഹാസനത്തിൽ നാലാം തലമുറവരെ വാഴും” എന്നു സർവേശ്വരൻ യേഹൂവിനു നല്‌കിയിരുന്ന വാഗ്ദാനം അങ്ങനെ നിറവേറി.
ശല്ലൂം-ഇസ്രായേൽരാജാവ്
13യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവർഷം യാബേശിന്റെ പുത്രനായ ശല്ലൂം ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം ശമര്യയിൽ ഒരു മാസം ഭരിച്ചു. 14ഗാദിയുടെ പുത്രൻ മെനഹേം തിർസായിൽനിന്നു ശമര്യയിൽ വന്ന് യാബേശിന്റെ പുത്രൻ ശല്ലൂമിനെ വധിച്ച് രാജാവായി. 15ശല്ലൂമിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഗൂഢാലോചനകളുമെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 16തിപ്സാനിവാസികൾ കീഴടങ്ങാതെ മെനഹേമിനുവേണ്ടി നഗരവാതിൽ തുറക്കാഞ്ഞതുകൊണ്ട് ആ നഗരത്തെയും തിർസാ മുതൽ അതിനു ചുറ്റുമുള്ള അതിർത്തി പ്രദേശങ്ങളെയും മെനഹേം നശിപ്പിച്ചു; ഗർഭിണികളുടെ ഉദരങ്ങൾ പിളർക്കുകപോലും ചെയ്തു.
മെനഹേം
17യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവർഷം ഗാദിയുടെ പുത്രൻ മെനഹേം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ പത്തു വർഷം ഭരണം നടത്തി; 18സർവേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്റെ പുത്രൻ യെരൊബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം ഒരിക്കലും വിട്ടുമാറിയില്ല. 19അസ്സീറിയാരാജാവായ ‘പൂൽ’ ഇസ്രായേലിനെ ആക്രമിച്ചു. തന്റെ രാജസ്ഥാനം ഉറപ്പാക്കാനും പൂൽ തന്നെ സഹായിക്കാനും വേണ്ടി മെനഹേം അദ്ദേഹത്തിന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു. 20ഇസ്രായേലിലെ എല്ലാ ധനികരിൽനിന്നും അമ്പതു ശേക്കെൽ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയൻരാജാവ് പിന്തിരിഞ്ഞു. 21മെനഹേമിന്റെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 22മെനഹേം മരിച്ചു പിതാക്കന്മാരോടു ചേർന്നു. പുത്രൻ പെക്കഹ്യാ പിന്നീട് രാജാവായി.
പെക്കഹ്യാ
23യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പതാം ഭരണവർഷം മെനഹേമിന്റെ പുത്രൻ പെക്കഹ്യാ ഇസ്രായേൽരാജാവായി; അദ്ദേഹം ശമര്യയിൽ രണ്ടു വർഷം ഭരിച്ചു. 24സർവേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്മാറിയില്ല. 25പെക്കഹ്യായുടെ അകമ്പടിസേനാനായകനും രെമല്യായുടെ പുത്രനുമായ പേക്കഹ് അമ്പത് ഗിലെയാദ്യരോടൊത്ത് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അവർ ശമര്യാരാജധാനിയുടെ കോട്ടയിൽവച്ച് പെക്കഹ്യായെ വധിച്ചു. പിന്നീട് പേക്കഹ് രാജാവായി. 26പെക്കഹ്യായുടെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പേക്കഹ്
27യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പത്തിരണ്ടാം ഭരണവർഷം രെമല്യായുടെ പുത്രൻ പേക്കഹ് ഇസ്രായേൽരാജാവായി; അദ്ദേഹം ശമര്യയിൽ ഇരുപതു വർഷം ഭരണം നടത്തി. 28അദ്ദേഹം സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്റെ പുത്രനായ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങൾ അയാളും പിൻതുടർന്നു. 29ഇസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോൻ, ആബേൽ-ബേത്ത്-മയഖാ, യാനോവഹ്, കേദെശ്, ഹാസോർ, ഗിലെയാദ്, ഗലീല, നഫ്താലി എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി; അവിടെയുള്ള ജനങ്ങളെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. 30ഏലായുടെ പുത്രനായ ഹോശേയാ രെമല്യായുടെ പുത്രനായ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി. യെഹൂദാരാജാവായ ഉസ്സിയായുടെ പുത്രൻ യോഥാമിന്റെ ഇരുപതാം ഭരണവർഷം ഹോശേയാ പേക്കഹിനെ വധിച്ച് രാജാവായി. 31പേക്കഹിന്റെ മറ്റു പ്രവർത്തനങ്ങളെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യെഹൂദാരാജാവായ യോഥാം
(2 ദിന. 27:1-9)
32ഇസ്രായേൽരാജാവായ രെമല്യായുടെ പുത്രൻ പേക്കഹിന്റെ രണ്ടാം ഭരണവർഷം ഉസ്സിയായുടെ പുത്രൻ യോഥാം യെഹൂദ്യയിൽ രാജാവായി. 33അപ്പോൾ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു; സാദോക്കിന്റെ പുത്രി യെരൂശാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 34തന്റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹം സർവേശ്വരനു ഹിതകരമായവിധം ജീവിച്ചു. 35എങ്കിലും പൂജാഗിരികൾ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അർപ്പിച്ചു. സർവേശ്വരന്റെ ആലയത്തിന്റെ വടക്കേ പടിവാതിൽ നിർമ്മിച്ചതു യോഥാമായിരുന്നു. 36യോഥാമിന്റെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; 37അക്കാലത്ത് സർവേശ്വരൻ സിറിയാരാജാവായ രെസീനെയും രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹിനെയും യെഹൂദായ്‍ക്കെതിരെ അയച്ചു. 38യോഥാം മരിച്ചു പിതാക്കന്മാരോടു ചേർന്നു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു. തുടർന്ന് പുത്രൻ ആഹാസ് രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക