2 CHRONICLE 24

24
യോവാശ്
(2 രാജാ. 12:1-16)
1ഏഴാമത്തെ വയസ്സിൽ യോവാശ് രാജാവായി. നാല്പതു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. അദ്ദേഹത്തിന്റെ മാതാവ് ബേർ-ശേബക്കാരി സിബ്യാ ആയിരുന്നു. 2യെഹോയാദപുരോഹിതന്റെ ജീവിതകാലമത്രയും യോവാശ് സർവേശ്വരനു ഹിതകരമായി വർത്തിച്ചു. 3യെഹോയാദ രണ്ടു സ്‍ത്രീകളെ തിരഞ്ഞെടുത്തു രാജാവിനു ഭാര്യമാരായി നല്‌കി. അദ്ദേഹത്തിന് അവരിൽ പുത്രന്മാരും പുത്രിമാരും ജനിച്ചു.
4ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ യോവാശ് തീരുമാനിച്ചു. 5അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽ ചെന്ന് ഇസ്രായേൽജനത്തിൽനിന്ന് നിങ്ങളുടെ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ആണ്ടുതോറും നടത്തുന്നതിന് ആവശ്യമായ പണം ശേഖരിക്കുക. ഇക്കാര്യം നിങ്ങൾ അടിയന്തരമായി ചെയ്യണം.” എന്നാൽ ലേവ്യർ അതിൽ അത്ര തിടുക്കം കാട്ടിയില്ല. 6അതുകൊണ്ടു രാജാവ് അവരുടെ നേതാവായ യെഹോയാദയെ വിളിപ്പിച്ചു ചോദിച്ചു: “തിരുസാന്നിധ്യകൂടാരത്തിനുവേണ്ടി സർവേശ്വരന്റെ ദാസനായ മോശ ഇസ്രായേൽ സമൂഹത്തിന്മേൽ ചുമത്തിയിരുന്ന നികുതി യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും പിരിച്ചെടുക്കാൻ ലേവ്യരോടു താങ്കൾ ആവശ്യപ്പെടാത്തതെന്ത്?” 7ദുഷ്ടയായ അഥല്യായുടെ പുത്രന്മാർ ദേവാലയത്തിനു നാശം വരുത്തുകയും അതിനുള്ളിലെ നിവേദിതവസ്തുക്കൾ ബാൽദേവന്റെ ആരാധനയ്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.
8രാജകല്പനയനുസരിച്ച് ഒരു പെട്ടിയുണ്ടാക്കി സർവേശ്വരന്റെ ആലയവാതില്‌ക്കൽ പുറത്തു വച്ചു. 9ദൈവത്തിന്റെ ദാസനായ മോശ മരുഭൂമിയിൽ വച്ച് ഇസ്രായേലിന്റെമേൽ ചുമത്തിയിരുന്ന നികുതി സർവേശ്വരനു നല്‌കണമെന്ന് യെഹൂദ്യയിലും യെരൂശലേമിലും വിളംബരം ചെയ്തു. 10സകല പ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ നികുതി പെട്ടി നിറയുവോളം നിക്ഷേപിച്ചു. 11രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ ലേവ്യർ പെട്ടി കൊണ്ടുവരുമ്പോൾ അതു നിറഞ്ഞിരിക്കുന്നതായി കണ്ടാൽ രാജാവിന്റെ കാര്യവിചാരകനും മുഖ്യപുരോഹിതന്റെ ഉദ്യോഗസ്ഥനും കൂടി പണമെടുത്തശേഷം പെട്ടി യഥാസ്ഥാനത്തു കൊണ്ടുചെന്നു വയ്‍ക്കും. ദിവസേന ഇങ്ങനെ അവർ ധാരാളം പണം ശേഖരിച്ചു.
12രാജാവും യെഹോയാദയും ആ പണം സർവേശ്വരന്റെ ആലയത്തിലെ പണിയുടെ ചുമതലക്കാരെ ഏല്പിച്ചു. അവർ സർവേശ്വരമന്ദിരത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനു കല്പണിക്കാരെയും മരപ്പണിക്കാരെയും ഇരുമ്പും ഓടുംകൊണ്ടു പണിയുന്നവരെയും ഏർപ്പെടുത്തി. 13അവർ അത്യധ്വാനം ചെയ്തു ദേവാലയത്തിന്റെ കേടുപാടുകൾ തീർത്തു. അങ്ങനെ ദേവാലയം പൂർവസ്ഥിതിയിൽ ബലവത്തായിത്തീർന്നു. 14പണി തീർത്തശേഷം ബാക്കിയുണ്ടായിരുന്ന പണം അവർ രാജാവിന്റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അതുപയോഗിച്ചു ദേവാലയത്തിലെ ശുശ്രൂഷയ്‍ക്കും ഹോമയാഗത്തിനും ധൂപാർപ്പണത്തിനും ആവശ്യമായ ഉപകരണങ്ങൾ, വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങൾ എന്നിവ നിർമ്മിച്ചു.
സർവേശ്വരനെ ഉപേക്ഷിക്കുന്നു
യെഹോയാദയുടെ ജീവിതകാലമത്രയും സർവേശ്വരന്റെ ആലയത്തിൽ മുടക്കം കൂടാതെ ഹോമയാഗം അർപ്പിച്ചുവന്നു. 15യെഹോയാദപുരോഹിതൻ പൂർണവാർധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു. 16ഇസ്രായേലിൽ ദൈവത്തിനും അവിടുത്തെ ആലയത്തിനുംവേണ്ടി ധാരാളം നന്മ പ്രവർത്തിച്ചതുകൊണ്ടു ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു.
17യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദാപ്രഭുക്കന്മാർ രാജാവിനെ സമീപിച്ച് അഭിവാദനങ്ങൾ അർപ്പിച്ചു. അവർ പറഞ്ഞതു രാജാവ് ശ്രദ്ധിച്ചു. 18അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന്റെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ആരാധിച്ചു. അവരുടെ ഈ ദുഷ്കൃത്യങ്ങൾ മൂലം ദൈവകോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ വന്നു. 19സർവേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാൻ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു. അവർ ജനത്തിന്റെ അകൃത്യം തുറന്നുകാട്ടി. എന്നാൽ ജനം അവർ പറഞ്ഞതു ശ്രദ്ധിച്ചില്ല. 20അപ്പോൾ ദൈവത്തിന്റെ ആത്മാവ് യെഹോയാദപുരോഹിതന്റെ പുത്രൻ സെഖര്യായിൽ വന്നു. ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്നു, നിങ്ങൾക്ക് അധഃപതനം ഉണ്ടാകത്തക്കവിധം ദൈവകല്പനകൾ ലംഘിക്കുന്നതെന്ത്? നിങ്ങൾ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ട് അവിടുന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.” 21എന്നാൽ അവർ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തിൽവച്ചു കല്ലെറിഞ്ഞു കൊന്നു. 22യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രൻ സെഖര്യായെ വധിച്ചു. മരിക്കുമ്പോൾ സെഖര്യാ പറഞ്ഞു: “സർവേശ്വരൻ ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.”
യോവാശിന്റെ അന്ത്യം
23ആ വർഷത്തിന്റെ അവസാനത്തിൽ സിറിയൻ സൈന്യം യോവാശിനെതിരെ വന്നു യെഹൂദ്യയും യെരൂശലേമും ആക്രമിച്ചു. അവർ പ്രഭുക്കന്മാരെ വധിക്കയും അവരുടെ സമ്പത്തു കൊള്ളയടിച്ചു സിറിയായിലെ രാജാവിന് അയച്ചുകൊടുക്കുകയും ചെയ്തു. 24സിറിയൻ സൈന്യം എണ്ണത്തിൽ കുറവായിരുന്നെങ്കിലും സർവേശ്വരൻ യെഹൂദായുടെ വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏല്പിച്ചു കൊടുത്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചുവല്ലോ. അങ്ങനെ അവർ യോവാശിന്റെമേൽ ന്യായവിധി നടത്തി. 25ദാരുണമായി മുറിവേറ്റു കിടന്ന രാജാവിനെ അവർ ഉപേക്ഷിച്ചുപോയി. സ്വന്തഭൃത്യന്മാർ തന്നെ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കിടക്കയിൽ വച്ചു അദ്ദേഹത്തെ വധിച്ചു. അങ്ങനെ യോവാശ് യെഹോയാദപുരോഹിതന്റെ പുത്രനെ വധിച്ചതിന് അവർ പകരം വീട്ടി. യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ല അദ്ദേഹത്തെ അടക്കം ചെയ്തത്. 26അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത് അമ്മോന്യയായ ശിമെയാത്തിന്റെ പുത്രൻ സാബാദും മോവാബ്യയായ ശിമ്രീത്തിന്റെ പുത്രൻ യെഹോസാബാദും ആയിരുന്നു. 27യോവാശിന്റെ പുത്രന്മാരുടെ പ്രവർത്തനങ്ങളും അവനെതിരെയുള്ള അരുളപ്പാടുകളും ദേവാലയം കേടുപാടുകൾ തീർത്തതിന്റെ വിവരണങ്ങളും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്റെ പുത്രൻ അമസ്യാ പകരം രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 24: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക