2 CHRONICLE 25

25
അമസ്യാ
(2 രാജാ. 14:2-6)
1വാഴ്ച ആരംഭിച്ചപ്പോൾ അമസ്യാക്ക് ഇരുപത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തൊമ്പതു വർഷം അദ്ദേഹം യെരൂശലേമിൽ വാണു. യെരൂശലേംകാരി യെഹോവദ്ദാൻ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 2പൂർണമനസ്സോടെയല്ലെങ്കിലും സർവേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവർത്തിച്ചു. 3രാജത്വം തനിക്ക് ഉറച്ചുകഴിഞ്ഞപ്പോൾ തന്റെ പിതാവിനെ വധിച്ച ഭൃത്യന്മാർക്കു വധശിക്ഷ നല്‌കി. 4മോശയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അവരുടെ മക്കളെ വധിച്ചില്ല. പിതാക്കന്മാർ പുത്രന്മാർ നിമിത്തമോ പുത്രന്മാർ പിതാക്കന്മാർ നിമിത്തമോ വധിക്കപ്പെടരുത്; ഓരോരുത്തൻ സ്വന്തം പാപം നിമിത്തമേ മരിക്കാവൂ എന്നുള്ള സർവേശ്വരന്റെ കല്പന അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
എദോമിന് എതിരെയുള്ള യുദ്ധം
(2 രാജാ. 14:7)
5അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തിൽ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാൻ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു. 6കൂടാതെ നൂറുതാലന്തു വെള്ളി കൊടുത്ത് ശൂരന്മാരായ ഒരു ലക്ഷം പേരെ ഇസ്രായേലിൽനിന്നു കൂലിക്കെടുത്തു. 7എന്നാൽ ഒരു പ്രവാചകൻ രാജാവിന്റെ അടുത്തു വന്നു പറഞ്ഞു: “രാജാവേ, ഇസ്രായേൽസൈന്യത്തെ അങ്ങയുടെ കൂടെ കൊണ്ടുപോകരുത്. സർവേശ്വരൻ എഫ്രയീമ്യരായ ഇസ്രായേല്യരുടെ കൂടെ ഇല്ല. 8യുദ്ധത്തിൽ ഇവരുടെ സാന്നിധ്യം അങ്ങേക്കു ശക്തി നല്‌കും എന്നു വിചാരിക്കുന്നെങ്കിൽ അങ്ങ് ശത്രുവിന്റെ മുമ്പിൽ വീഴാൻ ദൈവം ഇടയാക്കും. വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ദൈവത്തിനു കഴിയുമല്ലോ.” 9രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേൽസൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തിൽ ഞാൻ എന്തു ചെയ്യും?” പ്രവാചകൻ പറഞ്ഞു: “അതിനെക്കാൾ അധികം നല്‌കാൻ സർവേശ്വരനു കഴിയുമല്ലോ.” 10അങ്ങനെ അമസ്യാ എഫ്രയീമിൽനിന്നു വന്ന സൈന്യത്തെ അവരുടെ ദേശത്തേക്കു മടങ്ങിപ്പോകാൻ അനുവദിച്ചു. യെഹൂദ്യരോട് അവർക്ക് അതിയായ അമർഷം തോന്നി. അവർ കുപിതരായി മടങ്ങിപ്പോയി. 11പിന്നീട് അമസ്യാ ധൈര്യം അവലംബിച്ചു തന്റെ സൈന്യത്തെയും കൂട്ടി ഉപ്പു താഴ്‌വരയിലേക്കു പോയി, സെയീരിൽ പാർത്തിരുന്ന എദോമ്യരിൽ പതിനായിരം പേരെ വധിച്ചു. 12യെഹൂദ്യർ വേറെ പതിനായിരം പേരെ പിടിച്ചു പാറയുടെ മുകളിൽ കൊണ്ടുപോയി അവിടെനിന്നു താഴേക്കു തള്ളിയിട്ടു. അങ്ങനെ വീണവരുടെ ശരീരങ്ങൾ തകർന്നു ചിതറി. 13യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യാ മടക്കി അയച്ച ഇസ്രായേൽ പടയാളികൾ ശമര്യക്കും ബേത്ത്-ഹോരോനും ഇടയ്‍ക്കുള്ള യെഹൂദാനഗരങ്ങൾ ആക്രമിച്ചു മൂവായിരം പേരെ വധിക്കുകയും വളരെയധികം വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.
14അമസ്യാ സെയീരിൽ പാർത്തിരുന്ന എദോമ്യരെ സംഹരിച്ചു മടങ്ങി വന്നശേഷം അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങൾ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അവയ്‍ക്ക് കാഴ്ചകൾ അർപ്പിക്കുകയും നമസ്കരിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്തു. 15സർവേശ്വരന്റെ കോപം അമസ്യായുടെ നേരെ ജ്വലിച്ചു; അവിടുന്ന് അദ്ദേഹത്തിന്റെ അടുക്കൽ ഒരു പ്രവാചകനെ അയച്ചു. പ്രവാചകൻ ചോദിച്ചു: “അങ്ങയുടെ കൈയിൽനിന്നു സ്വന്തം ജനത്തെപോലും വിടുവിക്കാൻ പ്രാപ്തിയില്ലാത്ത ദേവന്മാരിലേക്ക് അങ്ങു തിരിഞ്ഞതെന്ത്?” 16അപ്പോൾ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു” എന്നു പ്രവാചകൻ പറഞ്ഞു.
ഇസ്രായേലിനെതിരെ യുദ്ധം
(2 രാജാ. 14:8-20)
17യെഹൂദാരാജാവായ അമസ്യാ കൂടിയാലോചനകൾക്കു ശേഷം ഇസ്രായേൽരാജാവായ യേഹൂവിന്റെ പൗത്രനും യെഹോവാഹാസിന്റെ പുത്രനുമായ യെഹോവാശിന്റെ അടുക്കൽ ആളയച്ചു പറയിച്ചു: “വരിക, നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം.” 18അതിന് ഇസ്രായേൽരാജാവായ യെഹോവാശ് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുൾച്ചെടി അവിടെയുള്ള ദേവദാരുവിനോടു നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി തരിക എന്നാവശ്യപ്പെട്ടു. ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുൾച്ചെടി ചവിട്ടിക്കളഞ്ഞു. 19എദോമിനെ തകർത്തു എന്നു വിചാരിച്ചു നീ അഹങ്കരിക്കുന്നു. നീ അടങ്ങിയിരിക്കുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിന് അനർഥം വിളിച്ചു വരുത്തുന്നു?” 20എന്നാൽ അമസ്യാ അതു ശ്രദ്ധിച്ചില്ല. എദോമ്യദേവന്മാരെ ആശ്രയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെയും ജനങ്ങളെയും ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു കൊടുക്കാൻ ദൈവം നിശ്ചയിച്ചിരുന്നു. 21അങ്ങനെ ഇസ്രായേൽരാജാവായ യെഹോവാശ് ചെന്ന് യെഹൂദ്യയിലുള്ള ബേത്ത്-ശേമെശിൽ വച്ച് യെഹൂദാരാജാവായ അമസ്യായുമായി ഏറ്റുമുട്ടി. 22യെഹൂദാ ഇസ്രായേലിനോടു പരാജയപ്പെട്ടു. അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോയി. 23യെഹോവാഹാസിന്റെ പൗത്രനും യോവാശിന്റെ പുത്രനും യെഹൂദാരാജാവുമായ അമസ്യായെ ഇസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽ വച്ചു പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു. ഇസ്രായേൽരാജാവ് എഫ്രയീം പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം നീളത്തിൽ യെരൂശലേമിന്റെ മതിൽ ഇടിച്ചു നിരത്തി. 24ദേവാലയത്തിൽ കണ്ട സ്വർണവും വെള്ളിയും സകല പാത്രങ്ങളും കൈവശപ്പെടുത്തുകയും അവയുടെ സൂക്ഷിപ്പുകാരായ ഓബേദ്-എദോമിന്റെ പിൻതലമുറക്കാരെ തടവുകാരാക്കുകയും ചെയ്തു. കൂടാതെ രാജകൊട്ടാരത്തിലുണ്ടായിരുന്ന നിക്ഷേപങ്ങളും കൊള്ളയടിച്ചു. അവയോടൊപ്പം തടവുകാരുമായി ഇസ്രായേൽരാജാവ് ശമര്യയിലേക്കു മടങ്ങി.
25ഇസ്രായേൽരാജാവും യെഹോവാഹാസിന്റെ പുത്രനും ആയ യെഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷം കൂടി യെഹൂദാരാജാവും യോവാശിന്റെ പുത്രനും ആയ അമസ്യാ ജീവിച്ചിരുന്നു. 26അമസ്യായുടെ മറ്റു പ്രവർത്തനങ്ങൾ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 27സർവേശ്വരനിൽനിന്ന് അകന്നുപോയ നാൾമുതൽ അദ്ദേഹത്തിനെതിരെ യെരൂശലേമിൽ ഗൂഢാലോചന നടന്നുകൊണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ ശത്രുക്കൾ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ വധിച്ചു. 28മൃതശരീരം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ കല്ലറകളിൽ സംസ്കരിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 25: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക