2 CHRONICLE 23
23
അഥല്യാക്കെതിരെ വിപ്ലവം
(2 രാജാ. 11:4-16)
1ഏഴാം വർഷം യെഹോയാദ ധൈര്യമവലംബിച്ച് യെഹോരാമിന്റെ പുത്രൻ അസര്യാ, യെഹോഹാനാന്റെ പുത്രൻ ഇശ്മായേൽ, ഓബേദിന്റെ പുത്രൻ അസര്യാ, അദായായുടെ പുത്രൻ മയശേയാ, സിക്രിയുടെ പുത്രൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി ഉടമ്പടി ചെയ്തു. 2അവർ യെഹൂദ്യയിൽ ചുറ്റി സഞ്ചരിച്ചു; സകല യെഹൂദാനഗരങ്ങളിൽനിന്നും ലേവ്യരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ വിളിച്ചുകൂട്ടി.
3സർവസഭയും ദേവാലയത്തിൽവച്ചു രാജകുമാരനായ യോവാശുമായി ഉടമ്പടി ചെയ്തു. യെഹോയാദ അവരോടു പറഞ്ഞു: “ഇതാ, രാജാവിന്റെ പുത്രൻ. ദാവീദിന്റെ സന്തതികളെപ്പറ്റി സർവേശ്വരൻ അരുളിച്ചെയ്തിട്ടുള്ളതുപോലെ രാജകുമാരൻ രാജ്യം ഭരിക്കട്ടെ. 4നിങ്ങൾ ഇതു ചെയ്യുക. ശബത്തിൽ തവണമാറി വരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം ദേവാലയ വാതിൽകാവല്‌ക്കാരായിരിക്കണം. 5മൂന്നിൽ ഒരു ഭാഗം രാജകൊട്ടാരത്തിലും മൂന്നിൽ ഒരു ഭാഗം അടിത്തറവാതില്‌ക്കലും നിലയുറപ്പിക്കണം. ജനമെല്ലാം സർവേശ്വരമന്ദിരത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം. 6പുരോഹിതന്മാരും ശുശ്രൂഷയ്‍ക്കുള്ള ലേവ്യരും മാത്രമേ ദേവാലയത്തിൽ പ്രവേശിക്കാവൂ; അവർ വിശുദ്ധിയുള്ളവരാണല്ലോ. ജനമെല്ലാം സർവേശ്വരന്റെ നിർദ്ദേശങ്ങൾ പാലിക്കണം.
7“ലേവ്യർ തങ്ങളുടെ ആയുധവുമേന്തി രാജാവിനു ചുറ്റും നില്‌ക്കണം. മറ്റാരെങ്കിലും അകത്തുകടന്നാൽ അവനെ വധിക്കണം. രാജാവിനോടൊത്തു നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം.” 8ലേവ്യരും യെഹൂദാനിവാസികളും പുരോഹിതനായ യെഹോയാദ കല്പിച്ചതുപോലെ ചെയ്തു; ശബത്ത് ദിവസത്തെ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ തങ്ങളുടെ ആളുകളെ തിരിച്ചയച്ചില്ല. യെഹോയാദപുരോഹിതൻ ഒരു ഗണത്തെയും വിട്ടയച്ചിരുന്നില്ല. 9ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന ദാവീദിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും യെഹോയാദപുരോഹിതൻ സേനാനായകന്മാരെ ഏല്പിച്ചു. 10അദ്ദേഹം ആയുധധാരികളായ ജനത്തെ ആലയത്തിന്റെ തെക്കുവശം മുതൽ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റുമായി രാജാവിന്റെ സംരക്ഷണത്തിനു നിർത്തി. 11പിന്നീട് അദ്ദേഹം രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; രാജ്യഭരണസംബന്ധമായ നിർദ്ദേശങ്ങൾ അടങ്ങിയ പുസ്‍തകം രാജകുമാരനു നല്‌കി; അദ്ദേഹത്തെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. യെഹോയാദയും പുത്രന്മാരും ചേർന്നു യോവാശിനെ രാജാവായി അഭിഷേകം ചെയ്തതിനു ശേഷം ആർത്തുവിളിച്ചു: “രാജാവ് നീണാൾ വാഴട്ടെ.”
12ജനം ഓടുന്നതിന്റെയും രാജാവിനെ പ്രകീർത്തിക്കുന്നതിന്റെയും ശബ്ദകോലാഹലം കേട്ട് അഥല്യാ സർവേശ്വരന്റെ ആലയത്തിൽ ജനങ്ങളുടെ അടുക്കൽ വന്നു. 13ദേവാലയവാതില്‌ക്കലുള്ള സ്തംഭത്തിനരികെ രാജാവു നില്‌ക്കുന്നത് അഥല്യാ കണ്ടു. സൈന്യാധിപന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുക്കലുണ്ടായിരുന്നു. ജനമെല്ലാം ആഹ്ലാദഭരിതരായി കാഹളം മുഴക്കുന്നതും പാട്ടുകാർ വാദ്യോപകരണങ്ങളുമായി ആഘോഷങ്ങൾക്കു നേതൃത്വം നല്‌കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി; “രാജദ്രോഹം രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.
14യെഹോയാദപുരോഹിതൻ സൈന്യാധിപന്മാരായ ശതാധിപന്മാരെ പുറത്തേക്കു വിളിപ്പിച്ച് അവരോട് കല്പിച്ചു: “അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടു പോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവനെ വാളിന് ഇരയാക്കണം. സർവേശ്വരന്റെ ആലയത്തിൽവച്ച് അവളെ വധിക്കരുത്.” 15അവർ രാജ്ഞിയെ പിടികൂടി കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കൽ കൊണ്ടുവന്നു വധിച്ചു.
യെഹോയാദയുടെ പരിഷ്കാരങ്ങൾ
(2 രാജാ. 11:17-20)
16തങ്ങൾ സർവേശ്വരന്റെ ജനമായിരിക്കുമെന്നു യെഹോയാദയും ജനങ്ങളും രാജാവും ചേർന്ന് ഒരു ഉടമ്പടി ചെയ്തു. 17പിന്നീടു സർവജനവും ചേർന്ന് ബാലിന്റെ ക്ഷേത്രം ഇടിച്ചു നിരത്തി; ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തകർത്തുകളഞ്ഞു. ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചു വധിച്ചു. 18പുരോഹിതന്മാരുടെയും ലേവ്യരുടെയും മേൽനോട്ടത്തിൽ സർവേശ്വരന്റെ ആലയത്തിനു കാവല്‌ക്കാരെ യെഹോയാദ നിയമിച്ചു. തന്റെ കല്പനപ്രകാരവും മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതുപോലെയും ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി ഹോമയാഗം അർപ്പിക്കുന്നതിനും സർവേശ്വരന്റെ ആലയത്തിലെ ചുമതലകൾ നിർവഹിക്കുന്നതിനും ദാവീദുരാജാവ് ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയമിച്ചിരുന്നു. 19ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ സർവേശ്വരന്റെ ആലയത്തിൽ പ്രവേശിക്കാതിരിക്കാൻ യെഹോയാദ വാതിൽകാവല്‌ക്കാരെയും നിയമിച്ചു.
20സൈന്യാധിപന്മാർ, പ്രഭുക്കന്മാർ, ദേശാധിപന്മാർ എന്നിവരുടെയും സമസ്ത ദേശവാസികളുടെയും സാന്നിധ്യത്തിൽ അദ്ദേഹം രാജാവിനെ സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്തു കൊണ്ടുവന്നു മുകളിലത്തെ വാതിലിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു രാജസിംഹാസനത്തിൽ ഇരുത്തി. 21ദേശവാസികളെല്ലാം സന്തോഷിച്ചു; അഥല്യായെ വധിച്ചതോടെ നഗരം ശാന്തമായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 23: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.