2 CHRONICLE 20
20
എദോമിനെതിരെ യുദ്ധം
1മോവാബ്യരും അമ്മോന്യരും ചില മെയൂന്യരും ഒത്തുചേർന്നു യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാൻ വന്നു. 2ചിലർ യെഹോശാഫാത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമിൽനിന്ന് അങ്ങേക്കെതിരെ വരുന്നു. അവർ ഹസസോൻ-താമാരിൽ അതായത് എൻ-ഗെദിൽ എത്തിക്കഴിഞ്ഞു.” 3യെഹോശാഫാത്ത് ഭയപ്പെട്ടു; സർവേശ്വരനിൽ ആശ്രയിക്കാൻ നിശ്ചയിച്ചു. യെഹൂദ്യയിൽ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു. 4സർവേശ്വരന്റെ സഹായം തേടാൻ യെഹൂദാനിവാസികൾ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളിൽനിന്നും അവർ സർവേശ്വരന്റെ ഹിതം അന്വേഷിക്കാൻ വന്നു. 5സർവേശ്വര ആലയത്തിലെ പുതിയ അങ്കണത്തിൽ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പിൽ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു: 6“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരാ, അവിടുന്നു സ്വർഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആർക്കും എതിർത്തു നില്‌ക്കാൻ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്. 7ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികൾക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ. 8അവർ അവിടെ പാർത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു. 9അവർ പറഞ്ഞു: ‘യുദ്ധം, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർഥങ്ങൾ ഞങ്ങളെ നേരിടുമ്പോൾ ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിൽ അവിടുത്തെ സന്നിധിയിൽ വന്നു ഞങ്ങളുടെ കഷ്ടതയിൽ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാർഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ.’ 10ഇസ്രായേൽജനം ഈജിപ്തിൽനിന്നു വന്നപ്പോൾ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാൻ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യർ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി. 11അതിനുള്ള പ്രതിഫലമായി ഇതാ, അവർ അവിടുന്നു ഞങ്ങൾക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാൻ വന്നിരിക്കുന്നു. 12ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേൽ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങൾ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.” 13യെഹൂദ്യരെല്ലാം ഭാര്യമാരോടും കുട്ടികളോടുംകൂടി സർവേശ്വരസന്നിധിയിൽ നില്‌ക്കുകയായിരുന്നു. 14അപ്പോൾ സർവേശ്വരന്റെ ആത്മാവ് അവിടെ സന്നിഹിതനായിരുന്ന ആസാഫ്‍വംശജനായ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു. അയാൾ സെഖര്യായുടെയും സെഖര്യാ ബെനായായുടെയും ബെനായാ യെയീലിന്റെയും യെയീൽ മത്ഥന്യായുടെയും പുത്രനായിരുന്നു. 15യഹസീയേൽ പറഞ്ഞു: “സർവ യെഹൂദ്യരും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും കേൾക്കട്ടെ. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ വലിയ ജനസമൂഹത്തെ കണ്ടു ഭയപ്പെടേണ്ടതില്ല; ഭ്രമിക്കയും വേണ്ടാ; യുദ്ധം ചെയ്യുന്നതു നിങ്ങളല്ല; ദൈവമാണ്. 16നാളെ അവരുടെ നേരെ ചെല്ലുക. അവർ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേൽ മരുഭൂമിയുടെ കിഴക്ക് താഴ്‌വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങൾ അവരെ കാണും. 17ഈ യുദ്ധത്തിൽ നിങ്ങൾ പൊരുതേണ്ടിവരികയില്ല; യെഹൂദാ-യെരൂശലേം നിവാസികളേ, നിങ്ങൾ നിശ്ചലരായി സ്വസ്ഥാനത്തു നിന്നുകൊണ്ടു നിങ്ങൾക്കുവേണ്ടി സർവേശ്വരൻ നേടുന്ന വിജയം കണ്ടുകൊള്ളുക. നിങ്ങൾ ഭയപ്പെടേണ്ടാ, പരിഭ്രമിക്കുകയും വേണ്ടാ, അവർക്കെതിരെ നാളെ പുറപ്പെടുക; സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്.” 18അപ്പോൾ യെഹോശാഫാത്ത്‍രാജാവും സർവയെഹൂദ്യരും യെരൂശലേംനിവാസികളും സർവേശ്വരന്റെ സന്നിധിയിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 19കെഹാത്യരും കോരഹ്യരുമായ ലേവ്യർ എഴുന്നേറ്റു ദൈവമായ സർവേശ്വരനെ ഉച്ചത്തിൽ സ്തുതിച്ചു. 20അടുത്ത ദിവസം അതിരാവിലെ അവർ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ, നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ വിശ്വസിക്കുക; നിങ്ങൾ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങൾ വിജയിക്കും.” 21വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്റെ മുമ്പേ നടന്നു സർവേശ്വരനു സ്തുതിഗീതങ്ങൾ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവർ ഇങ്ങനെ പാടി: “സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.” 22അവർ സ്തുതിഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ യെഹൂദ്യരെ ആക്രമിക്കാൻ വന്ന അമ്മോന്യർക്കും മോവാബ്യർക്കും സേയീർപർവതനിവാസികൾക്കും എതിരെ സർവേശ്വരൻ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി. 23അമ്മോന്യരും മോവാബ്യരും ചേർന്നു സേയീർപർവതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു. 24യെഹൂദ്യർ മരുഭൂമിയിലുള്ള കാവൽഗോപുരത്തിങ്കൽ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോൾ അവരുടെ മൃതശരീരങ്ങൾ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല. 25യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതൽ കൈക്കലാക്കാൻ വന്നു. അവർ ധാരാളം ആടുമാടുകൾ, വിവിധ വസ്തുക്കൾ, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങൾ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവർക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു. 26നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ സർവേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും #20:26 ബെരാഖാ = വാഴ്ത്തൽ.ബെരാഖാ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നു. 27സർവേശ്വരൻ അവർക്കു ശത്രുക്കളുടെമേൽ വിജയം നല്‌കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികൾ സന്തോഷഭരിതരായി യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ യെരൂശലേമിലേക്കു മടങ്ങി. 28വീണ, കിന്നരം, കാഹളം എന്നിവയുമായി അവർ യെരൂശലേമിൽ സർവേശ്വരാലയത്തിൽ ചെന്നു. 29സർവേശ്വരൻ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടി എന്നു കേട്ടപ്പോൾ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയിൽ പരന്നു. 30യെഹോശാഫാത്തിന്റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‌കിയതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു.
യെഹോശാഫാത്തിന്റെ അന്ത്യം
(1 രാജാ. 22:41-50)
31യെഹൂദ്യയിൽ വാഴ്ച ആരംഭിച്ചപ്പോൾ യെഹോശാഫാത്തിനു മുപ്പത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തഞ്ചു വർഷം യെരൂശലേമിൽ അദ്ദേഹം വാണു. ശിൽഹിയുടെ പുത്രി അസൂബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 32തന്റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സർവേശ്വരന്റെ മുമ്പാകെ നീതിപൂർവം വർത്തിച്ചു. 33എങ്കിലും പൂജാഗിരികൾ അദ്ദേഹം നീക്കം ചെയ്തില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിൽ ഹൃദയം ഉറപ്പിച്ചിരുന്നുമില്ല. 34യെഹോശാഫാത്തിന്റെ മറ്റു പ്രവർത്തനങ്ങൾ ആദ്യന്തം ഹനാനിയുടെ പുത്രൻ യേഹൂവിന്റെ വൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു. 35അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവായ അഹസ്യായുമായി സഖ്യത്തിൽ ഏർപ്പെട്ടു. അഹസ്യാ ദുഷ്കർമിയായിരുന്നു. 36അവർ ഒന്നിച്ചാണു തർശീശിലേക്കു പോകാനുള്ള കപ്പലുകൾ എസ്യോൻ-ഗേബെരിൽ വച്ചു നിർമ്മിച്ചത്. 37മാരേശക്കാരനായ ദോദാവയുടെ പുത്രൻ എലീയേസെർ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിർമ്മിച്ചതെല്ലാം സർവേശ്വരൻ തകർത്തുകളയും.” അങ്ങനെ തർശീശിലേക്കു പോകാൻ ഇടയാകാതെ കപ്പലുകളെല്ലാം തകർന്നുപോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 20: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.