2 CHRONICLE 21

21
1യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെകൂടെ അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രൻ യെഹോരാം പകരം രാജാവായി.
യെഹോരാം
(2 രാജാ. 8:17-24)
2യെഹൂദാരാജാവായിരുന്ന യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാമിന്റെ സഹോദരന്മാർ: അസര്യാ, യെഹീയേൽ, സെഖര്യാ, അസര്യാ, മീഖായേൽ, ശെഫത്യാ. 3അവരുടെ പിതാവ് അവർക്ക് ധാരാളം സ്വർണവും വെള്ളിയും അമൂല്യവസ്തുക്കളും കൂടാതെ യെഹൂദ്യയിൽ കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും സമ്മാനമായി നല്‌കിയിരുന്നു. ആദ്യജാതൻ ആയിരുന്നതിനാൽ യെഹോരാമിനാണ് രാജസ്ഥാനം ലഭിച്ചത്. 4യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു. 5വാഴ്ച ആരംഭിച്ചപ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ രാജ്യഭാരം നടത്തി. 6അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ മാർഗം പിന്തുടർന്നു. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഇസ്രായേൽരാജാവായിരുന്ന ആഹാബിന്റെ പുത്രിയായിരുന്നു. സർവേശ്വരന്റെ മുമ്പിൽ അദ്ദേഹം തിന്മയായതു പ്രവർത്തിച്ചു. 7എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്റെ സന്താനപരമ്പരകൾക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാൻ സർവേശ്വരനു മനസ്സുവന്നില്ല. 8യെഹോരാമിന്റെ ഭരണകാലത്ത് എദോമ്യർ യെഹൂദായുടെ മേൽക്കോയ്മയ്‍ക്ക് എതിരെ മത്സരിച്ചു; തങ്ങൾക്കുവേണ്ടി അവർ സ്വന്തമായി ഒരു രാജാവിനെ വാഴിക്കുകയും ചെയ്തു. 9യെഹോരാം സൈന്യാധിപന്മാരോടും രഥങ്ങളോടുംകൂടി രാത്രിയിൽ അവർക്കെതിരെ ചെന്ന് തങ്ങളെ വളഞ്ഞ എദോമ്യരെ തകർത്തു. 10എദോമ്യർ ഇന്നും യെഹൂദായുടെ മേൽക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്റെ മേലധികാരത്തെ എതിർത്തു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം. 11അദ്ദേഹം യെഹൂദ്യ മലമ്പ്രദേശങ്ങളിൽ പൂജാഗിരികൾ സ്ഥാപിച്ചു. അങ്ങനെ യെരൂശലേംനിവാസികളെ അവിശ്വസ്തതയിലേക്ക് നയിച്ച് യെഹൂദ്യയെ വഴിതെറ്റിച്ചു. 12ഏലിയാപ്രവാചകനിൽനിന്നു യെഹോരാമിന് ഒരു കത്തു ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: താങ്കളുടെ പിതാവായ ദാവീദിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ, യെഹൂദാരാജാവായ ആസയുടെയോ ജീവിതമാതൃക കൈക്കൊണ്ടില്ല. 13പ്രത്യുത, ഇസ്രായേൽരാജാക്കന്മാരുടെ പാതയിലൂടെയാണു ചരിച്ചത്; ആഹാബ്‍രാജാവും അദ്ദേഹത്തിന്റെ കുടുംബവും ഇസ്രായേലിനെ നയിച്ചതുപോലെ നീ യെഹൂദായെയും യെരൂശലേം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു. നിന്റെ പിതൃഭവനത്തിൽ ഉൾപ്പെട്ടവരും നിന്നെക്കാൾ ശ്രേഷ്ഠരും ആയിരുന്ന നിന്റെ സഹോദരന്മാരെ നീ വധിച്ചു. 14അതുകൊണ്ടു നിന്റെ ജനം, നിന്റെ മക്കൾ, ഭാര്യമാർ, വസ്തുവകകൾ എന്നിവയുടെമേൽ സർവേശ്വരൻ മഹാമാരി വരുത്തും. 15നിന്റെ കുടലിൽ കഠിനരോഗം ബാധിക്കും. അതു ദിനംപ്രതി വർധിച്ചു കുടൽ പുറത്തുവരും. 16യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാർത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സർവേശ്വരൻ ഉണർത്തി. 17അവർ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്റെ പുത്രന്മാരെയും ഭാര്യമാരെയും അവർ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രൻ #21:17 അഹസ്യാ = യെഹോവാഹാസ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല. 18അതിനുശേഷം സർവേശ്വരൻ അദ്ദേഹത്തിന്റെ കുടലിൽ ഒരു തീരാവ്യാധി വരുത്തി. 19ക്രമേണ അദ്ദേഹത്തിന്റെ രോഗം വർധിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, കുടൽ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല. 20വാഴ്ച ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരിച്ചു; അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 21: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

2 CHRONICLE 21 - നുള്ള വീഡിയോ