2 CHRONICLE 11

11
ശെമയ്യായുടെ പ്രവചനം
(1 രാജാ. 12:21-24)
1രെഹബെയാം യെരൂശലേമിൽ എത്തിയശേഷം ഇസ്രായേലിന്റെ ഉത്തരദേശത്തുള്ള ഗോത്രക്കാരോട് യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാൻ യെഹൂദാഗോത്രക്കാരെയും ബെന്യാമീൻഗോത്രക്കാരെയും വിളിച്ചുകൂട്ടി. അവരിൽനിന്ന് ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു. 2സർവേശ്വരന്റെ അരുളപ്പാട് ദൈവപുരുഷനായ ശെമയ്യായ്‍ക്കുണ്ടായി. 3അവിടുന്നു അരുളിച്ചെയ്തു: “ശലോമോന്റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദ്യയിലും ബെന്യാമീനിലുമുള്ള എല്ലാ ഇസ്രായേല്യരോടും പറയുക: 4സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്. ഓരോരുത്തൻ അവനവന്റെ വീട്ടിലേക്കു മടങ്ങിപ്പോകുക; ഇത് എന്റെ ഹിതാനുസരണം സംഭവിച്ചതാണ്.” അവർ സർവേശ്വരന്റെ അരുളപ്പാടനുസരിച്ചു യെരോബെയാമിനോടു യുദ്ധത്തിനു പോകാതെ മടങ്ങിപ്പോയി.
പട്ടണങ്ങൾ ബലപ്പെടുത്തുന്നു
5രെഹബെയാം യെരൂശലേമിൽ പാർത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായിൽ പട്ടണങ്ങൾ പണിതു. 6അദ്ദേഹം യെഹൂദാ- ബെന്യാമീൻഗോത്രക്കാരുടെ അവകാശഭൂമിയിൽ ബേത്‍ലഹേം, 7ഏതാം, തെക്കോവ, ബേത്ത്-സൂർ, 8സോഖോ, അദുല്ലാം, ഗത്ത്, മരേശാ, സീഫ്, 9അദോരയീം, ലാഖീശ്, അസേക്കാ, സോരാ, 10അയ്യാലോൻ, ഹെബ്രോൻ എന്നീ നഗരങ്ങൾ നിർമ്മിച്ച് കോട്ട കെട്ടി ഉറപ്പിച്ചു. 11കോട്ടകൾ ബലപ്പെടുത്തിയതിനു ശേഷം പടനായകന്മാരെ നിയമിച്ചു. ഭക്ഷണസാധനങ്ങൾ, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു. 12ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും ശേഖരിച്ച് അവ കൂടുതൽ സുരക്ഷിതമാക്കി; അങ്ങനെ യെഹൂദാ-ബെന്യാമീൻഗോത്രക്കാരുടെ അവകാശഭൂമി അദ്ദേഹത്തിന്റെ അധീനതയിലായി.
പുരോഹിതന്മാരും ലേവ്യരും യെഹൂദ്യയിലേക്ക്
13ഉത്തരദേശമായ ഇസ്രായേലിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ അടുക്കൽ വന്നു. 14യെരോബെയാമും പുത്രന്മാരും ലേവ്യരെ സർവേശ്വരന്റെ പുരോഹിതശുശ്രൂഷയിൽനിന്നു നീക്കിക്കളഞ്ഞതുകൊണ്ടാണ് സ്വന്തം സ്ഥലവും അവകാശവും ഉപേക്ഷിച്ച് അവർ യെഹൂദ്യയിലേക്കും യെരൂശലേമിലേക്കും വന്നത്. 15പൂജാഗിരികളിൽ ശുശ്രൂഷ ചെയ്യാനും ഭൂതങ്ങളെയും താൻ നിർമ്മിച്ച കാളക്കുട്ടികളെയും ആരാധിക്കാനുമായി സ്വന്തം പുരോഹിതന്മാരെ യെരോബെയാം നിയമിച്ചു. 16ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചവർ ഉത്തരദേശമായ ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിൽനിന്നും ലേവ്യരുടെ പിന്നാലെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനു യാഗമർപ്പിക്കാൻ യെരൂശലേമിൽ വന്നു. 17അവർ യെഹൂദാരാജ്യത്തെ സുശക്തമാക്കിക്കൊണ്ട് മൂന്നു വർഷം ദാവീദിന്റെയും ശലോമോന്റെയും പാതയിൽ നടന്നു. അക്കാലമത്രയും ശലോമോന്റെ മകനായ രെഹബെയാം സുരക്ഷിതനായിരുന്നു.
രെഹബെയാമിന്റെ കുടുംബം
18ദാവീദിന്റെ പുത്രനായ യെരീമോത്തിന്റെ പുത്രി മഹലാത്തിനെ രെഹബെയാം വിവാഹം കഴിച്ചു. അവൾ യിശ്ശായിയുടെ മകൻ എലീയാബിന്റെ പുത്രിയായ അബീഹയീലിന്റെ പുത്രി ആയിരുന്നു. 19അവർക്ക് യെയൂശ്, ശെമര്യാ, സാഹം എന്നീ പുത്രന്മാർ ജനിച്ചു. 20പിന്നീട് രെഹബെയാം അബ്ശാലോമിന്റെ പുത്രിയായ മയഖായെ വിവാഹം കഴിച്ചു; അവളിൽ രെഹബെയാമിനു ജനിച്ച മക്കളാണ് അബീയാ, അത്ഥായി, സീസ, ശെലോമീത്ത് എന്നിവർ. 21രെഹബെയാമിനു പതിനെട്ടു ഭാര്യമാരും അറുപതു ഉപഭാര്യമാരും ഉണ്ടായിരുന്നു; അവരിലെല്ലാം അധികമായി അദ്ദേഹം അബ്ശാലോമിന്റെ പുത്രിയായ മയഖായെ സ്നേഹിച്ചിരുന്നു. രാജാവിന് ആകെ ഇരുപത്തെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു. 22മയഖായുടെ മകൻ അബീയായെ രാജാവാക്കാൻ രെഹബെയാം ആഗ്രഹിച്ചിരുന്നതുകൊണ്ട് അയാളെ രാജകുമാരന്മാരിൽ മുഖ്യനാക്കി. 23തന്റെ പുത്രന്മാരെ യെഹൂദ്യായിലെയും ബെന്യാമീനിലെയും സുരക്ഷിതനഗരങ്ങളിൽ ദേശാധിപതികളായി തന്ത്രപൂർവം നിയമിച്ചു. രെഹബെയാം അവർക്കു വേണ്ട ഭക്ഷണസാധനങ്ങൾ സമൃദ്ധമായി നല്‌കി. അവർക്കു ഭാര്യമാരെയും നേടിക്കൊടുത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക