2 CHRONICLE 10

10
രാജ്യം പിളരുന്നു
(1 രാജാ. 12:1-20)
1രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തെ രാജാവാക്കാൻ ഒരുമിച്ചുകൂടിയിരുന്നു. 2ശലോമോൻരാജാവിന്റെ അടുക്കൽനിന്ന് ഓടി ഒളിച്ച് ഈജിപ്തിൽ പാർത്തിരുന്ന നെബാത്തിന്റെ പുത്രൻ യെരോബെയാം ഈ വിവരം അറിഞ്ഞപ്പോൾ അവിടെനിന്നു മടങ്ങിവന്നു. 3ഇസ്രായേലിന്റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാർ യെരോബെയാമിനെ ആളയച്ചു വരുത്തി. അവർ അയാളോടൊപ്പം രെഹബെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു: 4“അങ്ങയുടെ പിതാവ് ഭാരമുള്ള നുകമായിരുന്നു ഞങ്ങളുടെമേൽ വച്ചിരുന്നത്. ആ ഭാരിച്ച നുകവും കഠിനാധ്വാനവും ഞങ്ങൾക്കു ലഘൂകരിച്ചുതരണം. അങ്ങനെ ചെയ്താൽ ഞങ്ങൾ അങ്ങയെ സേവിക്കാം.”
5മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരാൻ രെഹബെയാം അവരോടു പറഞ്ഞു. അതനുസരിച്ച് അവർ പിരിഞ്ഞുപോയി. 6തന്റെ പിതാവായ ശലോമോന്റെ ഉപദേശകരായിരുന്ന വൃദ്ധജനത്തോടു രെഹബെയാം രാജാവ് ആലോചിച്ചു. “ഇവരോട് എന്തു മറുപടിയാണ് പറയേണ്ടത്?” എന്ന് അദ്ദേഹം അവരോട് ആരാഞ്ഞു. 7അവർ പറഞ്ഞു: “അങ്ങ് ജനത്തോടു നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയാപൂർവം വർത്തിക്കുകയും ചെയ്താൽ അവർ എന്നും അങ്ങയെ സേവിച്ചുകൊള്ളും.” 8എന്നാൽ രാജാവ് പക്വമതികളായ അവരുടെ ഉപദേശം തിരസ്കരിച്ചു; പിന്നീട് തന്റെ കൂടെ വളർന്നവരും ഇപ്പോൾ പാർശ്വവർത്തികളുമായ യുവാക്കന്മാരോട് ആലോചിച്ചു. 9“അങ്ങയുടെ പിതാവ് ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചുതരണം എന്നാവശ്യപ്പെടുന്ന ജനത്തിന് എന്ത് ഉത്തരമാണ് നല്‌കേണ്ടത്; എന്താണു നിങ്ങളുടെ അഭിപ്രായം” അവരോട് ചോദിച്ചു. 10അദ്ദേഹത്തിന്റെകൂടെ വളർന്ന യുവാക്കൾ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകം ഭാരമുള്ളതാക്കി; അതു ലഘുവാക്കിത്തരണം എന്നാവശ്യപ്പെട്ട ജനത്തോട് ഇപ്രകാരം പറയുക. എന്റെ ചെറുവിരൽ പിതാവിന്റെ അരക്കെട്ടിനെക്കാൾ വലുതാണ്. 11എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. അദ്ദേഹം നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് അടിക്കും.” 12രാജാവു പറഞ്ഞതനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് യെരോബെയാമും ജനങ്ങളും രെഹബെയാമിന്റെ അടുക്കൽ വന്നു. 13പക്വമതികളായ വൃദ്ധജനം നല്‌കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു. 14യുവാക്കൾ നല്‌കിയ ഉപദേശമനുസരിച്ചു രാജാവ് പറഞ്ഞു: “എന്റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ പിതാവു നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് അടിക്കും.” 15അങ്ങനെ രാജാവ് ജനങ്ങളുടെ അപേക്ഷ നിരസിച്ചു. സർവേശ്വരൻ ശീലോഹ്യനായ അഹീയായിലൂടെ നെബാത്തിന്റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുന്നതിന് ദൈവഹിതത്താൽ ഇപ്രകാരം സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോൾ വന്നുകൂടിയ ഇസ്രായേൽജനം പറഞ്ഞു: “ദാവീദുമായി ഞങ്ങൾക്കെന്തു ബന്ധം? യിശ്ശായിയുടെ പുത്രനിൽ ഞങ്ങൾക്ക് എന്തവകാശം? ഇസ്രായേൽജനമേ, നിങ്ങൾ സ്വന്തം കൂടാരങ്ങളിലേക്കു പൊയ്‍ക്കൊള്ളുക; ദാവീദേ, ഇനി സ്വന്തം ഭവനം നോക്കിക്കൊള്ളുക, അങ്ങനെ ഇസ്രായേൽജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി. 17രെഹബെയാം യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന ഇസ്രായേല്യരുടെ രാജാവായി വാണു. 18രെഹബെയാംരാജാവ് അടിമവേലക്കാരുടെ ചുമതല വഹിക്കുന്ന ഹദോരാമിനെ ഉത്തരദേശത്തു പാർത്തിരുന്ന ഇസ്രായേൽജനത്തിന്റെ അടുക്കലേക്കയച്ചു. അവർ അയാളെ കല്ലെറിഞ്ഞു കൊന്നു. ഇതറിഞ്ഞ ഉടൻ രെഹബെയാംരാജാവ് രഥത്തിൽ കയറി യെരൂശലേമിലേക്കു പോയി. 19അങ്ങനെ ഉത്തരദേശത്തുള്ള ഇസ്രായേല്യർ ഇന്നും ദാവീദിന്റെ ഭവനവുമായി മത്സരിച്ചു നില്‌ക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക