2 CHRONICLE 9

9
ശെബാരാജ്ഞിയുടെ സന്ദർശനം
(1 രാജാ. 10:1-13)
1ശെബാരാജ്ഞി ശലോമോന്റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോൾ, ഉത്തരം നല്‌കാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾകൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാൻ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങൾ, അളവറ്റ സ്വർണം, രത്നങ്ങൾ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്റെ അടുക്കൽ വന്നു തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു. 2അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി. ഉത്തരം നല്‌കാൻ കഴിയാത്തവിധം അവ ഒന്നും രാജാവിനു അജ്ഞാതമായിരുന്നില്ല.
3ശലോമോന്റെ ജ്ഞാനവും അദ്ദേഹം പണിയിച്ച കൊട്ടാരവും 4മേശയിലെ ഭക്ഷണവും ഉദ്യോഗസ്ഥന്മാരുടെ ഇരിപ്പിടങ്ങളും സേവകരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ വസ്ത്രധാരണവും സർവേശ്വരന്റെ ആലയത്തിൽ ശലോമോൻ അർപ്പിച്ച ഹോമയാഗങ്ങളും എല്ലാം രാജ്ഞിയെ വിസ്മയിപ്പിച്ചു.
5ശെബാരാജ്ഞി രാജാവിനോടു പറഞ്ഞു: “എന്റെ നാട്ടിൽവച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവംതന്നെ. 6ഞാൻ ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ അവ വിശ്വസിച്ചിരുന്നില്ല. എന്നാൽ അങ്ങയുടെ ജ്ഞാനമഹത്ത്വത്തിൽ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ടിരുന്നതിലും അങ്ങ് എത്രയോ ശ്രേഷ്ഠനാണ്. 7അങ്ങയുടെ ഭാര്യമാർ എത്ര ഭാഗ്യവതികൾ! അങ്ങയെ പരിചരിക്കുന്നവരും ഈ വിജ്ഞാനവചനങ്ങൾ സദാ കേൾക്കുന്നവരുമായ അങ്ങയുടെ ദാസന്മാരും ഭാഗ്യവാന്മാർ; 8അങ്ങയുടെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്നാണല്ലോ അങ്ങയിൽ പ്രസാദിച്ച് തന്റെ സിംഹാസനത്തിൽ അങ്ങയെ രാജാവായി വാഴിക്കാൻ തിരുമനസ്സായത്. അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അതിനെ നിത്യമായി നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവർക്ക് നീതിയും ന്യായവും നടത്തുന്നതിനുവേണ്ടി അങ്ങയെ രാജാവാക്കിയത്.” 9രാജ്ഞി കൊണ്ടുവന്നിരുന്ന നൂറ്റിരുപതു താലന്ത് സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും അമൂല്യരത്നങ്ങളും രാജാവിനു കൊടുത്തു. ശെബാരാജ്ഞി ശലോമോൻരാജാവിനു നല്‌കിയതുപോലുള്ള സുഗന്ധദ്രവ്യങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
10ഹൂരാമിന്റെയും ശലോമോന്റെയും ദാസന്മാർ ഓഫീരിൽനിന്നു സ്വർണം കൊണ്ടുവന്നതോടൊപ്പം ചന്ദനത്തടിയും വിലയേറിയ രത്നങ്ങളും കൂടി കൊണ്ടുവന്നിരുന്നു. 11രാജാവ് ചന്ദനത്തടികൊണ്ട് സർവേശ്വരന്റെ ആലയത്തിനും കൊട്ടാരത്തിനും ചവിട്ടുപടികളും ഗായകർക്കു വേണ്ട കിന്നരങ്ങളും വീണകളും നിർമ്മിച്ചു. ഇങ്ങനെയുള്ളവ മുമ്പെങ്ങും യെഹൂദാദേശത്തു കണ്ടിട്ടില്ല. 12ശെബാരാജ്ഞി ശലോമോൻരാജാവിനു സമ്മാനിച്ചതിലും കൂടുതൽ പ്രതിസമ്മാനമായി അദ്ദേഹം അവർക്കു നല്‌കിയതു കൂടാതെ രാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം കൂടി അദ്ദേഹം നല്‌കി. പിന്നീട് രാജ്ഞി സപരിവാരം സ്വദേശത്തേക്കു മടങ്ങി.
ശലോമോന്റെ സമ്പത്ത്
(1 രാജാ. 10:14-25)
13ശലോമോൻരാജാവിനു പ്രതിവർഷം അറുനൂറ്ററുപത്താറ് താലന്ത് സ്വർണം ലഭിച്ചിരുന്നു. 14ഇതു വ്യാപാരികളിൽനിന്നും വണിക്കുകളിൽനിന്നും ലഭിച്ചതിനു പുറമേയുള്ളതാണ്. ഇവ കൂടാതെ അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതികളും ശലോമോന് സ്വർണവും വെള്ളിയും കൊടുത്തുവന്നു. 15അടിച്ചുപരത്തിയ സ്വർണംകൊണ്ടു ശലോമോൻരാജാവ് ഇരുനൂറ് വലിയ പരിച ഉണ്ടാക്കി. ഓരോ പരിചയ്‍ക്കും അറുനൂറു ശേക്കെൽ സ്വർണം വേണ്ടിവന്നു. 16അടിച്ചു പരത്തിയ സ്വർണംകൊണ്ടു മുന്നൂറു ചെറിയ പരിചകളുമുണ്ടാക്കി. ഓരോന്നിനും മുന്നൂറു ശേക്കെൽ സ്വർണംവീതം വേണ്ടിവന്നു. ഇവയെല്ലാം രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. 17രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു വലിയ സിംഹാസനം പണിയിച്ച് അതു തങ്കംകൊണ്ടു പൊതിഞ്ഞു. 18സിംഹാസനത്തിന് ആറു പടികളും സ്വർണംകൊണ്ടു നിർമ്മിച്ച ഒരു പാദപീഠവുമുണ്ടായിരുന്നു. ഇവ സിംഹാസനത്തോടു ചേർത്ത് ഉറപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈത്താങ്ങുകളും അവയ്‍ക്കു സമീപം രണ്ടു സിംഹപ്രതിമകളും ഉണ്ടായിരുന്നു. 19ആറു പടികളുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹപ്രതിമകളും വച്ചിരുന്നു. ഇതുപോലൊരു സിംഹാസനം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല. 20ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണംകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തങ്കംകൊണ്ടും നിർമ്മിച്ചവയായിരുന്നു. ശലോമോന്റെ കാലത്തു വെള്ളിക്കു വിലയുണ്ടായിരുന്നില്ല. 21രാജാവിന്റെ കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരുമായി തർശീശിലേക്കു പോകും. മൂന്നു വർഷത്തിലൊരിക്കൽ ഈ കപ്പലുകൾ അവിടെനിന്നു സ്വർണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകൾ, മയിലുകൾ ഇവയുമായി മടങ്ങിവരും. 22ശലോമോൻരാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലും കൂടുതൽ സമ്പന്നനും ജ്ഞാനിയും ആയിരുന്നു. 23ശലോമോന്റെ അടുക്കൽ വന്ന് അദ്ദേഹത്തിന് നല്‌കിയിരുന്ന വിജ്ഞാനം ശ്രവിക്കുന്നതിനു ഭൂമിയിലെ രാജാക്കന്മാരെല്ലാം ആഗ്രഹിച്ചു. 24അവർ വർഷംതോറും സ്വർണവും വെള്ളിയും കൊണ്ടുള്ള ഉരുപ്പടികൾ, തുണിത്തരങ്ങൾ, ആയുധങ്ങൾ, മീറാ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ എന്നിവ ധാരാളമായി അദ്ദേഹത്തിനു സമ്മാനിച്ചു. 25കുതിരകൾക്കും രഥങ്ങൾക്കും വേണ്ടി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാർപ്പിച്ചു. 26യൂഫ്രട്ടീസ്നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള സകല രാജ്യങ്ങളിലെ രാജാക്കന്മാരെയും അദ്ദേഹം അടക്കി ഭരിച്ചു. 27അദ്ദേഹത്തിന്റെ ഭരണകാലത്ത് യെരൂശലേമിൽ വെള്ളി കല്ലുപോലെയും ദേവദാരു ഷെഫേലാ താഴ്‌വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു. 28ഈജിപ്തിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തുവന്നു.
ശലോമോന്റെ അന്ത്യം
29ശലോമോന്റെ മറ്റു പ്രവർത്തനങ്ങൾ ആദ്യവസാനം നാഥാൻപ്രവാചകന്റെ ചരിത്രത്തിലും ശീലോന്യനായ അഹീയായുടെ പ്രവചനത്തിലും നെബാത്തിന്റെ പുത്രനായ യെരോബെയാമിനെക്കുറിച്ചുള്ള ഇദ്ദോയുടെ ദർശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 30ശലോമോൻ യെരൂശലേമിൽ ഇസ്രായേൽരാജ്യം മുഴുവന്റെയും രാജാവായി നാല്പതു വർഷം വാണു. 31പിന്നീട് അദ്ദേഹം മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു; ശലോമോന് പകരം തന്റെ പുത്രനായ രെഹബെയാം രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക