2 CHRONICLE 1

1
ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാർഥന
(1 രാജാ. 3:1-15)
1ദാവീദിന്റെ പുത്രൻ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു. ദൈവമായ സർവേശ്വരൻ ശലോമോന്റെ കൂടെയിരുന്ന് അദ്ദേഹത്തെ അത്യന്തം പ്രതാപവാനാക്കി.
2സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ നേതാക്കന്മാർ തുടങ്ങി സമസ്ത ഇസ്രായേൽജനത്തോടും ശലോമോൻ സംസാരിച്ചു. 3പിന്നീടു ശലോമോനും അവിടെ കൂടിയിരുന്ന ജനങ്ങളും ഗിബെയോനിലെ പൂജാഗിരിയിലേക്കു പോയി. സർവേശ്വരന്റെ ദാസനായ മോശ മരുഭൂമിയിൽവച്ചു നിർമ്മിച്ച ദൈവത്തിന്റെ തിരുസാന്നിധ്യകൂടാരം അവിടെയായിരുന്നു. 4ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് യെരൂശലേമിൽ ഒരുക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു; 5സർവേശ്വരകൂടാരത്തിന്റെ മുമ്പിൽ, ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേൽ ഓടുകൊണ്ടു നിർമ്മിച്ച യാഗപീഠം ഉണ്ടായിരുന്നു. അവിടെ ശലോമോനും ജനസമൂഹവും സർവേശ്വരനെ ആരാധിച്ചു. 6ശലോമോൻ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിലുള്ള ഓട്ടുയാഗപീഠത്തെ സമീപിച്ച് അതിന്മേൽ ആയിരം ഹോമയാഗം അർപ്പിച്ചു.
7അന്നു രാത്രി ദൈവം പ്രത്യക്ഷനായി ശലോമോനോട് അരുളിച്ചെയ്തു: “ഞാൻ നിനക്ക് എന്തു നല്‌കണമെന്നു പറഞ്ഞുകൊള്ളുക?” 8ശലോമോൻ പ്രതിവചിച്ചു: “എന്റെ പിതാവായ ദാവീദിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി എന്നെ രാജാവാക്കി. 9സർവേശ്വരനായ ദൈവമേ, എന്റെ പിതാവായ ദാവീദിനോട് അവിടുന്നു ചെയ്തിരുന്ന വാഗ്ദാനം ഇപ്പോൾ നിറവേറ്റണമേ. ഭൂമിയിലെ മണൽത്തരികൾപോലെ അസംഖ്യമായ ഒരു ജനത്തെ ഭരിക്കാൻ അവിടുന്ന് എന്നെ രാജാവാക്കിയല്ലോ. 10ഈ ജനത്തെ നയിക്കുന്നതിനുവേണ്ട ജ്ഞാനവും അറിവും എനിക്കു നല്‌കണമേ. അല്ലെങ്കിൽ അവിടുത്തെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”
11ദൈവം ശലോമോനോട് അരുളിച്ചെയ്തു: “ഇതാണല്ലോ നിന്റെ ഹൃദയാഭിലാഷം! സമ്പത്തോ, ധനമോ, കീർത്തിയോ, ശത്രുസംഹാരമോ, ദീർഘായുസ്സുപോലുമോ നീ ചോദിച്ചില്ല. നേരേമറിച്ച്, നിന്നെ ഏതു ജനത്തിന്റെ രാജാവാക്കിയോ ആ ജനത്തെ ഭരിക്കാൻ വേണ്ട ജ്ഞാനവും വിവേകവും ആണല്ലോ നീ ചോദിച്ചത്. 12അതുകൊണ്ടു ജ്ഞാനവും വിവേകവും ഞാൻ നിനക്കു നല്‌കുന്നു. കൂടാതെ നിന്റെ മുൻഗാമികളായ രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ പിൻഗാമികളിൽ ആർക്കും ലഭിക്കാൻ ഇടയില്ലാത്തതുമായ ധനവും സമ്പത്തും കീർത്തിയും ഞാൻ നിനക്കു നല്‌കും.”
ശലോമോന്റെ അധികാരവും സമ്പത്തും
(1 രാജാ. 10:26-29)
13ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിലെ തിരുസാന്നിധ്യകൂടാരത്തിൽനിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന് ഇസ്രായേലിനെ ഭരിച്ചു. 14ശലോമോൻ രഥങ്ങളെയും കുതിരപ്പടയെയും സംഘടിപ്പിച്ചു. അദ്ദേഹത്തിന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. ശലോമോൻ അവരെ തന്റെ ആസ്ഥാനമായ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാർപ്പിച്ചു. 15അദ്ദേഹത്തിന്റെ ഭരണകാലത്തു യെരൂശലേമിൽ വെള്ളിയും സ്വർണവും കല്ലുപോലെയും ദേവദാരു ഷെഫേലാതാഴ്‌വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു. 16ഈജിപ്തിൽനിന്നും കുവെയിൽനിന്നും ആയിരുന്നു കുതിരകളെ ഇറക്കുമതി ചെയ്തിരുന്നത്. രാജാവിന്റെ വ്യാപാരികൾ അവയെ വിലകൊടുത്തു കുവെയിൽനിന്ന് ഏറ്റുവാങ്ങിവന്നു. 17ഒരു രഥത്തിന് അറുനൂറു ശേക്കെൽ വെള്ളിയും ഒരു കുതിരയ്‍ക്ക് നൂറ്റമ്പതു ശേക്കെൽ വെള്ളിയുമായിരുന്നു ഈജിപ്തിലെ വില. ഹിത്യയിലെയും സിറിയായിലെയും രാജാക്കന്മാർക്കും വ്യാപാരികളിലൂടെ അവയെ എത്തിച്ചു കൊടുത്തിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക