2 CHRONICLE 2

2
ദേവാലയ നിർമ്മാണത്തിനുള്ള ഒരുക്കം
(1 രാജാ. 5:1-18)
1സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയവും തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാൻ ശലോമോൻ തീരുമാനിച്ചു. 2എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേൽനോട്ടം വഹിക്കാൻ മൂവായിരത്തറുനൂറു പേരെയും ശലോമോൻ നിയമിച്ചു. 3സോർരാജാവായ ഹൂരാമിന് അദ്ദേഹം ഈ സന്ദേശം കൊടുത്തയച്ചു: “എന്റെ പിതാവായ ദാവീദ് കൊട്ടാരം പണിതപ്പോൾ അതിനുവേണ്ട ദേവദാരു നല്‌കിയത് അങ്ങായിരുന്നല്ലോ. അതുപോലെ എന്നോടും വർത്തിച്ചാലും. 4ദൈവം ഇസ്രായേലിനോടു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ സന്നിധിയിൽ ധൂപാർപ്പണം നടത്താനും കാഴ്ചയപ്പം അർപ്പിക്കാനും കാലത്തും വൈകിട്ടും ശബത്തുകളിലും അമാവാസികളിലും ദൈവമായ സർവേശ്വരന്റെ ഉത്സവദിനങ്ങളിലും ഹോമയാഗം അർപ്പിക്കാനുമായി ഞാൻ എന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയം നിർമ്മിച്ചു സമർപ്പിക്കും. 5ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്; അതുകൊണ്ട് ഞാൻ പണിയാൻ പോകുന്ന ദേവാലയവും വലുതായിരിക്കും. 6സ്വർഗത്തിനോ ഉന്നത സ്വർഗത്തിനു തന്നെയോ ഉൾക്കൊള്ളാൻ കഴിയാത്ത അവിടുത്തേക്ക് ഒരു ആലയം പണിയാൻ ആർക്കു കഴിയും? അവിടുത്തെ മുമ്പാകെ ധൂപം അർപ്പിക്കുന്നതിനുള്ള ഇടമല്ലാതെ ഒരു ആലയം പണിയാൻ ഞാൻ ആരാണ്? 7എന്റെ പിതാവായ ദാവീദ് തിരഞ്ഞെടുത്തു നിയമിച്ചിട്ടുള്ളവരും യെഹൂദ്യയിലും യെരൂശലേമിലും ഉള്ളവരുമായ വിദഗ്ദ്ധതൊഴിലാളികളുടെ കൂടെ ജോലി ചെയ്യാൻ ഒരാളെ ഇപ്പോൾ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ടും നീല, ധൂമ്രം, കടുംചുവപ്പ് നൂലുകൾകൊണ്ടുള്ള പണികളിലും കൊത്തുപണിയിലും സമർഥനായിരിക്കണം. 8ദേവദാരുവും സരളമരവും ചന്ദനവും കൂടി ലെബാനോനിൽനിന്ന് അയച്ചുതരണം. അങ്ങയുടെ അവിടെയുള്ള മരംവെട്ടുകാർ സമർഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാർ അങ്ങയുടെ ജോലിക്കാരോടൊപ്പം പണിചെയ്യും. 9ഞാൻ ആഗ്രഹിക്കുന്നവിധം വലിപ്പമേറിയതും വിസ്മയകരവുമായ ഒരു ആലയം പണിയാൻ വളരെ തടി ആവശ്യമുണ്ട്. 10അങ്ങയുടെ മരംവെട്ടുകാർക്ക് ഉമി കളഞ്ഞ ഇരുപതിനായിരം കോർ കോതമ്പും ഇരുപതിനായിരം കോർ ബാർലിയും ഇരുപതിനായിരം #2:10 ബത്ത് = നാല്പത്തഞ്ചു ലിറ്റർ.ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും തന്നുകൊള്ളാം.”
11സോർരാജാവായ ഹൂരാം ശലോമോന് ഇങ്ങനെ മറുപടി അയച്ചു: “സർവേശ്വരൻ തന്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്. 12സർവേശ്വരന് ഒരു ആലയവും രാജാവിനു കൊട്ടാരവും പണിയാൻ തക്ക ജ്ഞാനവും വിവേകവുമുള്ള സമർഥനായ ഒരു പുത്രനെ ദാവീദുരാജാവിനു നല്‌കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ച ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. 13വിവേകിയും വിദഗ്ദ്ധശില്പിയുമായ ഹൂരാം-ആബിയെ ഞാൻ അയയ്‍ക്കുന്നു. 14അവന്റെ മാതാവ് ദാൻഗോത്രത്തിൽപ്പെട്ടവളും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, കല്ല്, മരം എന്നിവ കൊണ്ടുള്ള പണിയിലും നീല, ധൂമ്രം, കടുംചുവപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടും ലിനൻനൂലുകൊണ്ടുമുള്ള പണികളിലും എല്ലാവിധ കൊത്തുപണികളിലും അവന് സാമർഥ്യം ഉണ്ട്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്റെയും കരകൗശലപ്പണിക്കാരോടു ചേർന്ന് അവനെ ഏല്പിക്കുന്ന ഏതു മാതൃക അനുസരിച്ചും പണിചെയ്യാൻ അവനു കഴിയും. 15അങ്ങ് അറിയിച്ചിരുന്നതുപോലെ കോതമ്പും ബാർലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാർക്കുവേണ്ടി കൊടുത്തയയ്‍ക്കുമല്ലോ. 16അങ്ങേക്ക് ആവശ്യമുള്ള തടി ലെബാനോനിൽനിന്നു മുറിച്ച് ചങ്ങാടം കെട്ടി കടൽ വഴി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അവ യെരൂശലേമിലേക്കു കൊണ്ടുപോകാമല്ലോ.”
ദേവാലയനിർമ്മാണം ആരംഭിക്കുന്നു
(1 രാജാ. 6:1-38)
17പിന്നീട് ശലോമോൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഇസ്രായേൽദേശത്തു പാർക്കുന്ന പരദേശികളുടെ ജനസംഖ്യയെടുത്തു; അവരുടെ എണ്ണം ഒരുലക്ഷത്തിഅമ്പത്തിമൂവായിരത്തറുനൂറ് ആയിരുന്നു. 18അവരിൽ എഴുപതിനായിരം പേരെ ചുമട്ടുകാരും എൺപതിനായിരം പേരെ കല്ലുവെട്ടുകാരും മൂവായിരത്തറുനൂറു പേരെ പണിക്കാരുടെ മേൽനോട്ടക്കാരുമായി നിയമിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക