2 CHRONICLE 3
3
1ശലോമോൻ യെരൂശലേമിൽ തന്റെ പിതാവായ ദാവീദിനു സർവേശ്വരൻ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ആലയം പണിയാൻ തുടങ്ങി. മോറിയാമലയിൽ യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് നിശ്ചയിച്ചിരുന്ന സ്ഥലത്തുതന്നെയാണു പണി തുടങ്ങിയത്. 2തന്റെ വാഴ്ചയുടെ നാലാം വർഷം രണ്ടാം മാസം രണ്ടാം ദിവസം ശലോമോൻ ദേവാലയത്തിന്റെ പണി ആരംഭിച്ചു. 3ദേവാലയത്തിനുവേണ്ടി ശലോമോൻ നിശ്ചയിച്ച അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം, 4മുഖമണ്ഡപത്തിന് ആലയത്തിന്റെ വീതിയായ ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ആയിരുന്നു. അതിന്റെ അകം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു. 5സരളമരംകൊണ്ടു ആലയത്തിന്റെ മച്ചിട്ടു; പിന്നീട് അതു തങ്കംകൊണ്ടു പൊതിഞ്ഞു. അതിന്മേൽ പനകളുടെയും ചങ്ങലകളുടെയും രൂപങ്ങൾ കൊത്തിവച്ചു. 6ആലയം രത്നങ്ങൾകൊണ്ടും പർവയീമിൽനിന്നു കൊണ്ടുവന്ന സ്വർണംകൊണ്ടും മോടിപിടിപ്പിച്ചു. 7തുലാങ്ങൾ, വാതിൽപ്പടികൾ, ചുമരുകൾ, കതകുകൾ ഇങ്ങനെ ആലയം മുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. ചുവരുകളിൽ കെരൂബുകളുടെ രൂപങ്ങൾ കൊത്തിവച്ചു. 8അതിവിശുദ്ധസ്ഥലവും ശലോമോൻ നിർമ്മിച്ചു. അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്ക് അനുസൃതമായ ഇരുപതു മുഴം വീതമായിരുന്നു. അതിവിശുദ്ധസ്ഥലത്തിന്റെ ചുവരുകൾ അറുനൂറു താലന്ത് തങ്കംകൊണ്ടു പൊതിഞ്ഞു. 9അതിന്റെ ആണികൾക്ക് അമ്പതു ശേക്കെൽ സ്വർണം തൂക്കം ഉണ്ടായിരുന്നു. മാളികമുറികളും സ്വർണംകൊണ്ടു പൊതിഞ്ഞു.
10അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളുടെ രൂപങ്ങളുണ്ടാക്കിവച്ചു; അവയും സ്വർണംകൊണ്ടു പൊതിഞ്ഞു. 11കെരൂബുകളുടെ ചിറകുകൾക്ക് ആകെ ഇരുപതുമുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും നീളം അഞ്ചു മുഴം ആയിരുന്നു. 12മധ്യത്തിൽ ഒന്നോടൊന്നു ചിറകുകൾകൊണ്ടു തൊട്ടിരുന്ന കെരൂബുകളുടെ എതിർവശത്തെ ചിറകുകൾ ആലയത്തിന്റെ ഇരുവശവുമുള്ള ഭിത്തികളെ സ്പർശിച്ചിരുന്നു. 13അങ്ങനെ ഇരുപതു മുഴം നീളത്തിൽ ഇവയുടെ ചിറകുകൾ വിടർന്നിരുന്നു. കാലുകൾ നിലത്തുറപ്പിച്ച് ആലയത്തിന്റെ മുഖമണ്ഡപത്തിന് അഭിമുഖമായാണു കെരൂബുകൾ നിലയുറപ്പിച്ചിരുന്നത്. 14നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലുകളും നേരിയ ലിനൻ നൂലും ഉപയോഗിച്ച് കെരൂബുകളുടെ ചിത്രപ്പണികളുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.
രണ്ട് ഓട്ടുതൂണുകൾ
15ആലയത്തിനു മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങൾ പണിത് അവയുടെ മുകളിൽ അഞ്ചു മുഴം ഉയരത്തിൽ മകുടങ്ങളും നിർമ്മിച്ചു. 16കണ്ഠാഭരണം പോലെയുള്ള ചങ്ങലകൾകൊണ്ട് സ്തംഭങ്ങളുടെ മുകൾഭാഗം അലങ്കരിച്ചു. നൂറു മാതളപ്പഴരൂപങ്ങൾ ഉണ്ടാക്കി അവ ചങ്ങലകളിൽ പിടിപ്പിച്ചു. 17ഈ സ്തംഭങ്ങൾ ദേവാലയത്തിന്റെ മുൻഭാഗത്ത് ഇടത്തും വലത്തുമായി സ്ഥാപിച്ചു. വലത്തേതിന് യാഖീൻ എന്നും ഇടത്തേതിനു ബോവസ് എന്നും പേരു വിളിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.