1 SAMUELA 9
9
ശൗലും ശമൂവേലും
1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നൊരു ധനികനുണ്ടായിരുന്നു. അയാളുടെ പിതാവ് അബീയേലും അബീയേലിന്റെ പിതാവ് സെരോറും സെരോറിന്റെ പിതാവ് ബെഖോറത്തും ബെഖോറത്തിന്റെ പിതാവ് അഫീയാഹും ആയിരുന്നു. 2കീശിനു ശൗൽ എന്നൊരു പുത്രൻ ഉണ്ടായിരുന്നു. അവൻ സുന്ദരനായ യുവാവായിരുന്നു; അവനെക്കാൾ കോമളനായ മറ്റൊരു യുവാവ് ഇസ്രായേലിൽ ഉണ്ടായിരുന്നില്ല. അവന്റെ തോളൊപ്പത്തിൽ കവിഞ്ഞ ഉയരമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. 3ഒരിക്കൽ ശൗലിന്റെ പിതാവായ കീശിന്റെ കഴുതകൾ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാൻ അയാൾ ശൗലിനോടു പറഞ്ഞു. 4അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല. 5സൂഫ്ദേശത്തെത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.” 6അപ്പോൾ ഭൃത്യൻ പറഞ്ഞു: “ഈ പട്ടണത്തിൽ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാൾ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.” 7ശൗൽ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീർന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാൻ നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ.” 8ഭൃത്യൻ പറഞ്ഞു: “എന്റെ കൈവശം കാൽ ശേക്കെൽ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.” 9(“പണ്ട് ഇസ്രായേലിൽ സർവേശ്വരഹിതം അറിയാൻ പോകുമ്പോൾ ‘നമുക്കു ദർശകന്റെ അടുക്കൽ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദർശകൻ എന്നാണു വിളിച്ചിരുന്നത്.”) 10ശൗൽ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവർ ദൈവപുരുഷന്മാർ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി. 11പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരാൻ പോകുന്ന യുവതികളെ കണ്ട് അവരോടു “ദർശകൻ അവിടെയുണ്ടോ” എന്ന് അവർ ചോദിച്ചു. 12“ഉണ്ട്” എന്ന് അവർ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിൻ; അദ്ദേഹം പട്ടണത്തിൽ എത്തിയതേയുള്ളൂ. പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗമുണ്ട്. 13പട്ടണത്തിൽ പ്രവേശിച്ചാലുടൻ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങൾക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാം.” 14അവർ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവർ അവിടെ കണ്ടു.
15ശൗൽ വരുന്നതിന്റെ തലേദിവസം സർവേശ്വരൻ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി: 16“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ നിന്റെ അടുക്കൽ ഞാൻ അയയ്‍ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു.” 17ശമൂവേൽ ശൗലിനെ കണ്ടപ്പോൾ സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ നിന്നോടു പറഞ്ഞ ആൾ ഇവനാകുന്നു; എന്റെ ജനത്തെ ഭരിക്കേണ്ടവൻ ഇവൻതന്നെ.” 18അപ്പോൾ ശൗൽ പട്ടണവാതില്‌ക്കൽ ശമൂവേലിന്റെ അടുക്കൽ ചെന്നു “ദർശകന്റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു; 19ശമൂവേൽ പറഞ്ഞു: “ഞാൻ തന്നെയാണു ദർശകൻ; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങൾ ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങൾക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം. 20മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?” 21അപ്പോൾ ശൗൽ മറുപടി പറഞ്ഞു: “ഞാൻ ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനാകുന്നു; അതിൽത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എൻറേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?” 22പിന്നീട് ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി മുപ്പതോളം വരുന്ന അതിഥികളുടെ ഇടയിൽ പ്രധാന സ്ഥാനത്ത് ഇരുത്തി. 23ശമൂവേൽ പാചകക്കാരനോട്: “പ്രത്യേകം മാറ്റി വയ്‍ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരിക” എന്നു പറഞ്ഞു. 24പാചകക്കാരൻ കാൽക്കുറകു കൊണ്ടുവന്നു ശൗലിന്റെ മുമ്പിൽ വച്ചു; അപ്പോൾ ശമൂവേൽ പറഞ്ഞു: “ഇതു നിനക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്; ഭക്ഷിച്ചുകൊള്ളുക. ക്ഷണിച്ചിട്ടുള്ള അതിഥികളുടെ കൂടെ നിനക്കു ഭക്ഷിക്കുന്നതിനു മാറ്റി വച്ചിരുന്നതാണ്.” അന്നു ശൗൽ ശമൂവേലിന്റെ കൂടെ ഭക്ഷണം കഴിച്ചു. 25അവർ പൂജാഗിരിയിൽനിന്നു നഗരത്തിലേക്കു മടങ്ങിവന്നു; മട്ടുപ്പാവിൽ ശൗലിനു കിടക്ക വിരിച്ചിരുന്നു; അയാൾ ഉറങ്ങാൻ കിടന്നു.
ശൗലിനെ അഭിഷേകം ചെയ്യുന്നു
26പ്രഭാതമായപ്പോൾ ശമൂവേൽ വീടിന്റെ മട്ടുപ്പാവിൽ ചെന്നു ശൗലിനെ വിളിച്ചു പറഞ്ഞു: “എഴുന്നേല്‌ക്കുക, ഞാൻ നിന്നെ യാത്രയാക്കും.” ശൗൽ എഴുന്നേറ്റു; അവർ വെളിയിലേക്ക് ഇറങ്ങി. 27നഗരാതിർത്തിയിലെത്തിയപ്പോൾ ശമൂവേൽ ശൗലിനോടു പറഞ്ഞു: “നമുക്കുമുമ്പേ പോകാൻ ഭൃത്യനോടു പറയുക.” അവൻ പോയപ്പോൾ “സർവേശ്വരന്റെ അരുളപ്പാട് അറിയിക്കാൻ നീ അല്പസമയം നില്‌ക്കുക” എന്നു ശമൂവേൽ ആവശ്യപ്പെട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 SAMUELA 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.