1 SAMUELA 22

22
പുരോഹിതന്മാരെ വധിക്കുന്നു
1ദാവീദ് അവിടെനിന്നു രക്ഷപെട്ട് അദുല്ലാംഗുഹയിൽ എത്തി. അദ്ദേഹത്തിന്റെ സഹോദരന്മാരും മറ്റ് എല്ലാ കുടുംബാംഗങ്ങളും ഈ വിവരം അറിഞ്ഞ് അവിടെ ചെന്നു. 2പീഡിതരും കടബാധ്യതയുള്ളവരും അസംതൃപ്തരും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി; ദാവീദ് അവരുടെയെല്ലാം നായകനായി. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഏകദേശം നാനൂറു പേർ ഉണ്ടായിരുന്നു.
3ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പായിലേക്കു പോയി; മോവാബ്‍രാജാവിനോട് അദ്ദേഹം അപേക്ഷിച്ചു: “ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ അങ്ങയുടെ അടുക്കൽ പാർക്കാൻ അനുവദിക്കുമാറാകണം.” 4അദ്ദേഹം അവരെ മോവാബ്‍രാജാവിന്റെ അടുക്കൽ പാർപ്പിച്ചു. ദാവീദ് ഗുഹയിൽ ഒളിച്ചുപാർത്തകാലം മുഴുവൻ അവർ അവിടെ ആയിരുന്നു. 5പ്രവാചകനായ ഗാദ് ദാവീദിനോട് പറഞ്ഞു: “ഇനിയും ഗുഹയിൽ പാർക്കാതെ യെഹൂദ്യയിലേക്കു പോകുക;” അങ്ങനെ ദാവീദ് ഹേരെത്ത് വനത്തിലേക്കു പോയി.
6ദാവീദിനെയും കൂട്ടരെയും കണ്ടെത്തിയിരിക്കുന്നതായി ശൗൽ കേട്ടു; ഒരു ദിവസം ശൗൽ ഗിബെയായിലെ കുന്നിന്റെ മുകളിലുള്ള പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുന്തവുമായി ഇരിക്കുകയായിരുന്നു; ഭൃത്യന്മാരെല്ലാം ചുറ്റും നിന്നിരുന്നു. 7ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീൻഗോത്രക്കാരേ, കേൾക്കുവിൻ, യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാം വയലുകളും മുന്തിരിത്തോട്ടങ്ങളും നല്‌കുമോ? നിങ്ങളെ സഹസ്രാധിപന്മാരോ ശതാധിപന്മാരോ ആയി നിയമിക്കുമോ? 8അതുകൊണ്ടാണോ നിങ്ങൾ എനിക്കെതിരായി ഗൂഢാലോചന നടത്തിയത്? എന്റെ പുത്രൻ യിശ്ശായിയുടെ പുത്രനുമായി സഖ്യം ഉണ്ടാക്കിയ വിവരം നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല; അവൻ എന്റെ ദാസനായ ദാവീദിനെ എനിക്ക് എതിരായി തിരിച്ചുവിടുകയും പതിയിരിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ട് നിങ്ങളിൽ ഒരാൾ പോലും അക്കാര്യം എന്നോടു പറയുകയോ എന്നെപ്പറ്റി സങ്കടം തോന്നുകയോ ചെയ്തില്ല.” 9അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ് പറഞ്ഞു: “യിശ്ശായിയുടെ പുത്രൻ നോബിൽ അഹീതൂബിന്റെ പുത്രനായ അഹീമേലെക്കിന്റെ അടുക്കൽ വന്നതു ഞാൻ കണ്ടു. 10അഹീമേലെക്ക് അവനുവേണ്ടി സർവേശ്വരനോടു തിരുവിഷ്ടം അപേക്ഷിക്കുകയും അവനു ഭക്ഷണവും ഫെലിസ്ത്യനായ ഗോല്യാത്തിന്റെ വാളും കൊടുക്കുകയും ചെയ്തു.” 11രാജാവ് അഹീതൂബിന്റെ പുത്രനായ അഹീമേലെക്ക് പുരോഹിതനെയും അയാളുടെ കുടുംബക്കാരായ എല്ലാവരെയും നോബിലെ സകല പുരോഹിതന്മാരെയും ആളയച്ചുവരുത്തി. 12ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക.” അവൻ പ്രതിവചിച്ചു: “പ്രഭോ, പറഞ്ഞാലും” 13ശൗൽ ചോദിച്ചു: “നീയും യിശ്ശായിയുടെ പുത്രനും കൂടി എനിക്കെതിരായി ഗൂഢാലോചന നടത്തിയത് എന്ത്? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി ദൈവഹിതം അന്വേഷിക്കുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ അവൻ ഇന്ന് എനിക്കെതിരെ എഴുന്നേല്‌ക്കുകയും പതിയിരിക്കുകയും ചെയ്യുന്നത്?” 14അഹീമേലെക്ക് പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെക്കാൾ വിശ്വസ്തനായി മറ്റാരുണ്ട്? അവൻ അങ്ങയുടെ മരുമകനും അംഗരക്ഷകപ്രമാണിയും കൊട്ടാരത്തിൽ ബഹുമാന്യനുമല്ലേ? 15അവനുവേണ്ടി ദൈവഹിതം ആരായുന്നത് ഇപ്പോൾ ആദ്യമല്ലല്ലോ. അങ്ങ് അടിയന്റെമേലും കുടുംബത്തിന്റെമേലും കുറ്റം ആരോപിക്കരുതേ. അടിയൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.” 16രാജാവു പറഞ്ഞു: “അഹീമേലെക്കേ! നീ തീർച്ചയായും മരിക്കണം; നീ മാത്രമല്ല നിന്റെ കുടുംബാംഗങ്ങളും.” 17രാജാവ് അടുത്തുനിന്ന അംഗരക്ഷകരോടു പറഞ്ഞു: “സർവേശ്വരന്റെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുവിൻ. ഇവർ ദാവീദിന്റെ വശത്തു ചേർന്നിരിക്കുന്നു; അവൻ ഒളിച്ചോടിയ വിവരം അറിഞ്ഞിട്ടും ഇവർ എന്നെ അറിയിച്ചില്ല.” എന്നാൽ രാജഭൃത്യന്മാർ സർവേശ്വരന്റെ പുരോഹിതന്മാരെ കൊല്ലാൻ സന്നദ്ധരായില്ല. 18അപ്പോൾ രാജാവ് ദോവേഗിനോട് ആ പുരോഹിതന്മാരെ കൊല്ലാൻ കല്പിച്ചു. എദോമ്യനായ ദോവേഗ് അവരെ കൊന്നു. ലിനൻകൊണ്ടുള്ള ഏഫോദു ധരിച്ചിരുന്ന എൺപത്തഞ്ചു പുരോഹിതന്മാരെ അവൻ അന്നു വധിച്ചു. 19പുരോഹിതന്മാരുടെ നഗരമായ നോബ്, ദോവേഗ് നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സ്‍ത്രീപുരുഷന്മാർ, കുഞ്ഞുകുട്ടികൾ, കഴുതകൾ, ആടുമാടുകൾ എന്നിങ്ങനെ സർവവും അവൻ വാളിനിരയാക്കി. 20എന്നാൽ അഹീതൂബിന്റെ പൗത്രനും അഹീമേലെക്കിന്റെ പുത്രനുമായ അബ്യാഥാർ രക്ഷപെട്ട് ഓടി ദാവീദിന്റെ അടുക്കൽ എത്തി. 21ശൗൽ സർവേശ്വരന്റെ പുരോഹിതന്മാരെ വധിച്ച വിവരം അവൻ ദാവീദിനെ അറിയിച്ചു. 22ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു ശൗലിനെ വിവരമറിയിക്കും എന്ന് അന്നുതന്നെ എനിക്കറിയാമായിരുന്നു; നിന്റെ കുടുംബാംഗങ്ങളുടെ എല്ലാം മരണത്തിനു കാരണക്കാരൻ ഞാൻതന്നെയാണ്. 23നീ ഭയപ്പെടേണ്ടാ, എന്റെ കൂടെ പാർക്കുക. എന്നെ കൊല്ലാൻ ശ്രമിക്കുന്നവനാണു നിന്നെയും കൊല്ലാൻ നോക്കുന്നത്. നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക