1 SAMUELA 21

21
ദാവീദ് ഓടിപ്പോകുന്നു
1ദാവീദ് നോബ് എന്ന സ്ഥലത്തു പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ എത്തി. അഹീമേലെക്ക് സംഭ്രമത്തോടെ അവനെ സ്വാഗതം ചെയ്തു ചോദിച്ചു: “നീ തനിച്ചുവന്നത് എന്ത്? ആരും നിന്റെ കൂടെയില്ലേ?” 2ദാവീദ് മറുപടി നല്‌കി: “രാജാവ് ഒരു ചുമതല എന്നെ ഏല്പിച്ചിരിക്കുകയാണ്; അവിടുന്ന് എന്നെ ഏല്പിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്നു കല്പിച്ചിട്ടുണ്ട്; എന്റെ ഭൃത്യന്മാരോട് ഒരു പ്രത്യേകസ്ഥലത്തു വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കയാണ്. 3അങ്ങയുടെ കൈവശം എന്തെങ്കിലും ഉണ്ടോ? അഞ്ചപ്പം എനിക്കു തരാമോ? ഇല്ലെങ്കിൽ ഉള്ളതു തന്നാലും.” 4പുരോഹിതൻ ദാവീദിനോടു പറഞ്ഞു: “എന്റെ കൈവശം സാധാരണ അപ്പമില്ല; വിശുദ്ധഅപ്പമേ ഉള്ളൂ. നിന്റെ ഭൃത്യന്മാർ സ്‍ത്രീകളിൽനിന്ന് അകന്നു നില്‌ക്കുന്നവരാണെങ്കിലേ അതു തരികയുള്ളൂ.” 5ദാവീദ് പുരോഹിതനോട് പറഞ്ഞു: “യാത്ര പോകുമ്പോഴെല്ലാം ഞങ്ങൾ സ്‍ത്രീസമ്പർക്കം ഒഴിവാക്കും; സാധാരണ യാത്രയിൽപോലും എന്റെ ഭൃത്യന്മാർ ആചാരപരമായി ശുദ്ധി ആചരിക്കുമെങ്കിൽ ഇന്ന് അവർ എത്ര ശുദ്ധരായിരിക്കും?” 6പുരോഹിതൻ അവനു വിശുദ്ധഅപ്പം കൊടുത്തു; അപ്പം മാറ്റി വയ്‍ക്കുന്ന ദിവസം ചൂടുള്ള പുതിയ അപ്പം സമർപ്പിക്കാൻവേണ്ടി സർവേശ്വരന്റെ സന്നിധിയിൽനിന്നു എടുത്തുമാറ്റിയ കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെ ഉണ്ടായിരുന്നില്ല; 7ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യൻ അവിടെ സർവേശ്വരന്റെ സന്നിധിയിൽ #21:7 അന്നുണ്ടായിരുന്നു = തടഞ്ഞുവച്ചിരുന്നു എന്നു മൂലഭാഷയിൽ. മതപരമായ ബാധ്യതകൾ നിറവേറ്റാൻ ആകണം അയാൾ അവിടെ വന്നത്.അന്നുണ്ടായിരുന്നു; അയാൾ ശൗലിന്റെ ഇടയരിൽ പ്രമാണി ആയിരുന്നു. 8ദാവീദ് അഹീമെലെക്കിനോട് “അങ്ങയുടെ പക്കൽ കുന്തമോ വാളോ ഉണ്ടോ” എന്നു ചോദിച്ചു. “രാജാവ് ഏല്പിച്ച കാര്യം നിർവഹിക്കാനുള്ള തിടുക്കത്തിൽ തന്റെ വാളും ആയുധങ്ങളും എടുക്കാൻ ഇടയായില്ലെന്ന്” അയാൾ പറഞ്ഞു. 9പുരോഹിതൻ പറഞ്ഞു: “ഏലാ താഴ്‌വരയിൽവച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗോല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്; അതു വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറൊന്നുമില്ല.” ദാവീദ് പറഞ്ഞു: “അതിനു തുല്യമായി മറ്റൊന്നില്ല; അത് എനിക്കു തരിക.” 10ശൗലിന്റെ അടുക്കൽനിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്തിലെ ആഖീശ്‍രാജാവിന്റെ അടുക്കലെത്തി. 11ആഖീശിന്റെ ദാസന്മാർ ചോദിച്ചു: “ഇയാൾ ദേശത്തിലെ രാജാവായ ദാവീദല്ലേ?
‘ശൗൽ ആയിരങ്ങളെ കൊന്നു;
ദാവീദ് പതിനായിരങ്ങളെയും’
എന്നു പാടിക്കൊണ്ട് സ്‍ത്രീകൾ നൃത്തം ചെയ്തത് ഇയാളെക്കുറിച്ചല്ലേ?” 12ഈ വാക്കുകൾ ദാവീദിന്റെ ഉള്ളിൽ തറച്ചു; ഗത്തിലെ രാജാവായ ആഖീശിനെ അദ്ദേഹം വല്ലാതെ ഭയപ്പെട്ടു. 13അവരുടെ മുമ്പിൽ ദാവീദ് തന്റെ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്റെ കതകുകളിൽ കുത്തിവരയ്‍ക്കുകയും താടിയിലൂടെ തുപ്പൽ ഒലിപ്പിക്കുകയും ചെയ്തു. 14ആഖീശ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു. “ഇവൻ ഭ്രാന്തനല്ലേ? ഇവനെ എന്തിന് എന്റെ അടുക്കൽ കൊണ്ടുവന്നു? 15ഇവിടെ ഭ്രാന്തന്മാരില്ലാഞ്ഞിട്ടാണോ എന്റെ മുമ്പിൽ ഭ്രാന്തു കളിപ്പിക്കുന്നതിന് ഇവനെ എന്റെ കൊട്ടാരത്തിൽ കൊണ്ടുവന്നത്.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 21: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക