1 SAMUELA 17

17
ദാവീദും ഗോല്യാത്തും
1ഫെലിസ്ത്യർ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവിൽ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്‍ക്കും മധ്യേയുള്ള എഫെസ്-ദമ്മീമിൽ പാളയമടിച്ചു. 2ശൗലും ഇസ്രായേല്യരും ഒത്തുചേർന്നു ഏലാതാഴ്‌വരയിൽ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവർ അണിനിരന്നു. 3താഴ്‌വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ ഇസ്രായേല്യരും നിലയുറപ്പിച്ചു. 4ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ മുമ്പോട്ടു വന്നു; അയാൾക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു. 5അവൻ തലയിൽ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെൽ ഭാരമുള്ള താമ്രകവചമാണ് അയാൾ അണിഞ്ഞിരുന്നത്. 6കാൽച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളിൽ തൂക്കിയിട്ടിരുന്നു. 7അതിന്റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുൾത്തടിയുടെ വണ്ണവും അതിന്റെ ഇരുമ്പുമുനയ്‍ക്ക് അറുനൂറു ശേക്കെൽ ഭാരവുമുണ്ടായിരുന്നു. പരിചവാഹകൻ അയാളുടെ മുമ്പിൽ നടന്നു. 8ഇസ്രായേൽപടയുടെ നേരെ തിരിഞ്ഞ് അയാൾ അട്ടഹസിച്ചു: “നിങ്ങൾ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാൻ ഒരു ഫെലിസ്ത്യനാണ്; നിങ്ങൾ ശൗലിന്റെ ദാസരല്ലേ? നിങ്ങൾ ഒരാളെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. 9അവൻ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാൻ അവനെ തോല്പിച്ചു വധിച്ചാൽ നിങ്ങൾ അടിമകളായി ഞങ്ങളെ സേവിക്കണം.” 10അയാൾ തുടർന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിൻ.” 11അയാളുടെ വാക്കുകൾ കേട്ടപ്പോൾ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു.
ദാവീദ് ശൗലിന്റെ പാളയത്തിൽ
12യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ ഒരാളായിരുന്നു ദാവീദ്. ശൗലിന്റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു. 13അയാളുടെ പുത്രന്മാരിൽ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു. 14ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ ആയിരുന്നു; 15ദാവീദ് പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നതിനു ശൗലിന്റെ അടുക്കൽനിന്നു ബേത്‍ലഹേമിൽ പോയി വരിക പതിവായിരുന്നു. 16ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
17ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം ചെന്ന് അവർക്കു കൊടുക്കുക. 18അവരുടെ സഹസ്രാധിപനു കൊടുക്കാൻ പത്തു പാൽക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.” 19അവരും ശൗൽരാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. 20ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേൽസൈന്യം പോർ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തിൽ എത്തിയത്. 21ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു. 22കൊണ്ടുവന്ന സാധനങ്ങൾ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു. 23അവർ സംസാരിച്ചുകൊണ്ടു നില്‌ക്കുമ്പോൾ ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ നിരയിൽനിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു. 24ഗോല്യാത്തിനെ കണ്ടപ്പോൾ ഇസ്രായേല്യർ ഭയപ്പെട്ട് ഓടി. 25അവർ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവൻ തീർച്ചയായും ഇസ്രായേലിനെ നിന്ദിക്കാൻ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.” 26അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?” 27“ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവർ പറഞ്ഞു. 28അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാൾ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?” 29അപ്പോൾ ദാവീദ് ചോദിച്ചു: “ഞാൻ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.” 30അവൻ അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്‌കി. 31ദാവീദിന്റെ വാക്കുകൾ കേട്ട ചിലർ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു. 32ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസൻ അവനോടു യുദ്ധം ചെയ്യാം.” 33ശൗൽ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാൻ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതൽതന്നെ ഒരു യോദ്ധാവാണ്.” 34ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസൻ പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചുകൊണ്ടുപോയാൽ 35ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അതു എന്റെ നേരെ വന്നാൽ ഞാൻ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു. 36അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും. 37സിംഹത്തിൽനിന്നും കരടിയിൽനിന്നും രക്ഷിച്ച സർവേശ്വരൻ ഈ ഫെലിസ്ത്യനിൽനിന്നും എന്നെ രക്ഷിക്കും.” ശൗൽ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.” 38ശൗൽ തന്റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ധരിപ്പിച്ചു. 39പടച്ചട്ടയിൽ വാൾ ബന്ധിച്ച് ദാവീദ് നടക്കാൻ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാൽ നടക്കാൻ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാൽ ഇവ ധരിച്ചു നടക്കാൻ എനിക്കു സാധിക്കുകയില്ല” എന്ന് അവൻ ശൗലിനോടു പറഞ്ഞു; അവൻ അവ ഊരിവച്ചു. 40പിന്നീട് അവൻ തന്റെ വടി കൈയിലെടുത്തു; തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയിൽ ഇട്ടു; കൈയിൽ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവൻ ഫെലിസ്ത്യനെ സമീപിച്ചു.
ദാവീദ് ഗോല്യാത്തിനെ നേരിടുന്നു
41ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരൻ ഫെലിസ്ത്യന്റെ മുമ്പിൽ നടന്നു. 42ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവൻ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. 43ഫെലിസ്ത്യൻ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാൻ ഞാൻ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാൾ ദാവീദിനെ ശപിച്ചു. 44ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും.” 45ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേൽസേനകളുടെ ദൈവത്തിന്റെ നാമത്തിൽ, നീ നിന്ദിച്ച സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ തന്നെ വരുന്നു. 46ഇന്നു സർവേശ്വരൻ നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. 47സർവേശ്വരൻ വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സർവേശ്വരൻറേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിക്കും.” 48ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. 49ദാവീദ് സഞ്ചിയിൽനിന്ന് കല്ലെടുത്തു കവിണയിൽ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയിൽതന്നെ തുളച്ചുകയറി; അയാൾ മുഖം കുത്തിവീണു. 50അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയിൽ വാളില്ലായിരുന്നു. 51അവൻ ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തുകയറി അയാളുടെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലൻ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യർ ഓടിപ്പോയി. 52ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങൾ ആർത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോൻ കവാടങ്ങൾ വരെ ഫെലിസ്ത്യരെ പിന്തുടർന്നു; ശയരയീംമുതൽ ഗത്തും എക്രോനുംവരെ വഴിയിൽ ഫെലിസ്ത്യർ മുറിവേറ്റു വീണു. 53ഇസ്രായേൽജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു. 54ദാവീദ് ഫെലിസ്ത്യന്റെ തല യെരൂശലേമിൽ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ ദാവീദ് സൂക്ഷിച്ചു.
ദാവീദ് ശൗലിന്റെ സന്നിധിയിൽ
55ദാവീദ് ഫെലിസ്ത്യനെ നേരിടാൻ മുമ്പോട്ടു പോകുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേർ മറുപടി നല്‌കി. 56ആ യുവാവ് ആരാണെന്ന് അന്വേഷിക്കാൻ രാജാവ് കല്പിച്ചു. 57ഫെലിസ്ത്യനെ വധിച്ചശേഷം അയാളുടെ തലയുമായി മടങ്ങിവന്ന ദാവീദിനെ, അബ്നേർ ശൗലിന്റെ അടുക്കൽ കൂട്ടിക്കൊണ്ടുചെന്നു. 58ശൗൽ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാൻ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക