1 SAMUELA 14

14
യോനാഥാന്റെ സാഹസിക പ്രവൃത്തി
1ഒരു ദിവസം ശൗലിന്റെ പുത്രനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാൽ ആ വിവരം പിതാവിനോടു പറഞ്ഞില്ല. 2ശൗൽ ഗിബെയായുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകച്ചുവട്ടിൽ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കൂടെ ഏകദേശം അറുനൂറു പടയാളികൾ ഉണ്ടായിരുന്നു. 3അഹീതൂബിന്റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്റെ പുത്രനും ശീലോവിൽ സർവേശ്വരന്റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാൻ പോയ വിവരം ജനം അറിഞ്ഞില്ല. 4ഫെലിസ്ത്യസൈന്യത്തെ നേരിടാൻ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്. 5ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു. 6യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സർവേശ്വരൻ നമുക്കുവേണ്ടി പ്രവർത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവർ ഏറിയാലും കുറഞ്ഞാലും സർവേശ്വരനു രക്ഷിക്കാൻ തടസ്സമില്ലല്ലോ.” 7ആയുധവാഹകൻ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവർത്തിച്ചാലും; ഇതാ, ഞാൻ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എൻറേതും.” 8അപ്പോൾ യോനാഥാൻ പറഞ്ഞു: “നമുക്കു നേരെ ചെന്ന് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാം. 9“ഞങ്ങൾ വരുന്നതുവരെ അവിടെ നില്‌ക്കുവിൻ എന്ന് അവർ പറഞ്ഞാൽ നില്‌ക്കുന്നിടത്തുതന്നെ നമുക്കു നില്‌ക്കാം. 10ഇങ്ങോട്ടു കയറി വരുവിൻ എന്നു പറഞ്ഞാൽ നമുക്കു കയറിച്ചെല്ലാം. കാരണം സർവേശ്വരൻ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് അടയാളമായിരിക്കും.” 11അങ്ങനെ അവർ രണ്ടു പേരും ഫെലിസ്ത്യസൈന്യത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു; അവരെ കണ്ടപ്പോൾ “ഇതാ, ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് എബ്രായർ പുറത്തു വരുന്നു” എന്നു ഫെലിസ്ത്യർ പറഞ്ഞു. 12ഫെലിസ്ത്യസൈനികർ യോനാഥാനോടും കൂടെയുണ്ടായിരുന്ന യുവാവിനോടും വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം.” യോനാഥാൻ ആയുധവാഹകനോടു പറഞ്ഞു: ” എന്റെ പിന്നാലെ വരിക. സർവേശ്വരൻ അവരെ ഇസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” 13യോനാഥാനും അദ്ദേഹത്തിന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളിൽ കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്റെ പിന്നാലെ ചെന്നു. 14യോനാഥാനും ആയുധവാഹകനും കൂടി നടത്തിയ ആദ്യസംഹാരത്തിൽ ഏകദേശം ഒരു ഏക്കർ സ്ഥലത്ത് ഇരുപതു പേർ വധിക്കപ്പെട്ടു. 15പാളയത്തിലും പോർക്കളത്തിലും സർവജനത്തിനും ഇടയിൽ അമ്പരപ്പുണ്ടായി; കാവൽസൈന്യവും കവർച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സർവത്ര ഭീതി പരന്നു.
ഫെലിസ്ത്യരുടെ പരാജയം
16ഫെലിസ്ത്യർ നാലുപാടും ചിതറിയോടുന്നത് ബെന്യാമീൻദേശത്തെ ഗിബെയായിലുണ്ടായിരുന്ന ശൗലിന്റെ കാവല്‌ക്കാർ കണ്ടു. 17ശൗൽ കൂടെയുള്ളവരോടു പറഞ്ഞു: “എണ്ണിനോക്കി നമ്മുടെ കൂട്ടത്തിൽനിന്ന് ആരെല്ലാം പോയി എന്നറിയുവിൻ;” അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അയാളുടെ ആയുധവാഹകനും അവിടെ ഉണ്ടായിരുന്നില്ല. 18ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ശൗൽ അഹീയാവിനോടു പറഞ്ഞു; ദൈവത്തിന്റെ പെട്ടകം അന്ന് ഇസ്രായേല്യരോടു കൂടെ ഉണ്ടായിരുന്നു. 19ശൗൽ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിൽ ബഹളം മേല്‌ക്കുമേൽ വർധിച്ചു. ശൗൽ പുരോഹിതനോടു കൈ പിൻവലിക്കാൻ പറഞ്ഞു. 20പിന്നീട് ശൗലും കൂടെയുള്ള ജനവും അണിനിരന്നു യുദ്ധത്തിനു ചെന്നു. അപ്പോൾ ഫെലിസ്ത്യർ പരസ്പരം വാൾകൊണ്ട് വെട്ടി നശിക്കുന്നത് അവർ കണ്ടു. അവിടെ ആകെ സംഭ്രാന്തി ഉണ്ടായി. 21മുൻപേതന്നെ ഫെലിസ്ത്യരോടു ചേർന്നിരുന്നവരും അവരുടെ പാളയത്തിൽ ഉണ്ടായിരുന്നവരുമായ എബ്രായർ പോലും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേർന്നു. 22ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടപ്പോൾ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും പടയിൽ ചേർന്ന് ഫെലിസ്ത്യരെ പിന്തുടർന്നു. 23അങ്ങനെ സർവേശ്വരൻ അന്ന് ഇസ്രായേൽജനതയെ രക്ഷിച്ചു; യുദ്ധം ബേത്ത്-ആവെന് അപ്പുറം വരെ വ്യാപിച്ചു.
യുദ്ധത്തിനു ശേഷം
24“ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗൽ പറഞ്ഞു; അതിൻപ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാൽ ഇസ്രായേൽ ജനം വിഷമത്തിലായി; അങ്ങനെ അവരിൽ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല. 25ഇസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോൾ അവിടെ നിലത്തു തേൻകട്ടകൾ കിടക്കുന്നതു കണ്ടു. 26കാട്ടിൽ പ്രവേശിച്ചപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതും അവർ കണ്ടു. എന്നാൽ പ്രതിജ്ഞയോർത്ത് അവരിൽ ആരും ഒരു തുള്ളി തേൻപോലും കഴിച്ചില്ല. 27തന്റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാൻ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേൻകട്ടയിൽ മുക്കിയെടുത്ത് തേൻ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി. 28അപ്പോൾ ജനത്തിൽ ഒരാൾ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്റെ പിതാവ് ഞങ്ങളെക്കൊണ്ട് കർശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു. 29യോനാഥാൻ പറഞ്ഞു: “എന്റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേൻ ഭക്ഷിച്ചപ്പോൾ ഞാൻ ഉന്മേഷവാനായതു കണ്ടില്ലേ? 30ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആഹാരപദാർഥങ്ങൾ അവർ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവർ സംഹരിക്കുമായിരുന്നു.” 31ഇസ്രായേല്യർ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതൽ അയ്യാലോൻവരെ പിന്തുടർന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു. 32അതുകൊണ്ട് അവർ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു. 33ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സർവേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗൽ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിൻ. 34ഓരോരുത്തനും ചെന്ന് അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സർവേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയിൽ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു. 35ശൗൽ സർവേശ്വരന് ഒരു യാഗപീഠം പണിതു. അതായിരുന്നു ശൗൽ പണിയിച്ച ആദ്യത്തെ യാഗപീഠം. 36പിന്നീട് ശൗൽ പറഞ്ഞു: “നമുക്കു രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് അവരെ നിശ്ശേഷം സംഹരിക്കുകയും നേരം വെളുക്കുംവരെ അവരുടെ വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്യാം.” അവർ പ്രതിവചിച്ചു: “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്തുകൊള്ളുക.” അപ്പോൾ പുരോഹിതൻ പറഞ്ഞു: “നമുക്കു ദൈവഹിതം ആരായാം.” 37“ഞാൻ ഫെലിസ്ത്യരെ പിന്തുടരണമോ? അവരെ ഇസ്രായേല്യരുടെ കൈയിൽ ഏല്പിക്കുമോ” എന്നു ശൗൽ ദൈവത്തോടു ചോദിച്ചു. ദൈവം അന്ന് അതിനു മറുപടി നല്‌കിയില്ല. 38ശൗൽ പറഞ്ഞു: “ജനനേതാക്കന്മാരെല്ലാം ഇവിടെ അടുത്തു വരിക; ഈ പാപം ഇന്ന് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചറിയാം. 39ഇസ്രായേലിന്റെ രക്ഷകനായ ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്യുന്നു; “പാപം ചെയ്തവൻ എന്റെ മകൻ യോനാഥാൻ ആയിരുന്നാലും നിശ്ചയമായും മരിക്കണം.” എന്നാൽ അതിന് ആരും ഒരുത്തരവും പറഞ്ഞില്ല. 40ശൗൽ സകല ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങൾ ഒരു വശത്തു നില്‌ക്കുവിൻ; ഞാനും എന്റെ മകൻ യോനാഥാനും മറുവശത്തു നില്‌ക്കാം.” “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു ജനം പറഞ്ഞു. 41ശൗൽ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്റെ മകൻ യോനാഥാനോ ആണെങ്കിൽ ദൈവമായ സർവേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേൽജനമാണെങ്കിൽ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു. 42അപ്പോൾ “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക” എന്നു ശൗൽ പറഞ്ഞു. നറുക്കു യോനാഥാനു വീണു; 43ശൗൽ യോനാഥാനോടു ചോദിച്ചു: “നീ എന്താണ് ചെയ്തത്?” “എന്റെ കൈയിൽ ഉണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി ഞാൻ അല്പം തേൻ ഭക്ഷിച്ചു; ഇതാ ഞാൻ മരിക്കാൻ ഒരുക്കമാണ്.” 44ശൗൽ അവനോടു പറഞ്ഞു: “യോനാഥാനേ, നീ വധിക്കപ്പെടുന്നില്ലെങ്കിൽ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”
45ഉടനെ ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ വിജയം നേടിത്തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും പാടില്ല; അദ്ദേഹത്തിന്റെ തലയിലെ ഒരു മുടിയിഴപോലും നിലത്തുവീഴുകയില്ല; യോനാഥാൻ ഇന്നു പ്രവർത്തിച്ചതെല്ലാം ദൈവത്തോട് ചേർന്നായിരുന്നു.” അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ വധിക്കപ്പെട്ടില്ല. 46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങി; ഫെലിസ്ത്യർ തങ്ങളുടെ സ്ഥലത്തേക്കു പോയി.
ശൗലിന്റെ ഭരണം
47ശൗൽ ഇസ്രായേൽരാജാവായതിനു ശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം പടവെട്ടി ജയം നേടി. 48ശൗൽ അമാലേക്യരോടും ധീരമായി പോരാടി അവരെ തോല്പിച്ചു; ഇസ്രായേലിനെ കവർച്ചക്കാരുടെ കൈയിൽനിന്നു രക്ഷിച്ചു.
ശൗലിന്റെ കുടുംബം
49യോനാഥാൻ, ഇശ്വി, മൽക്കീശുവ എന്നിവരായിരുന്നു ശൗലിന്റെ പുത്രന്മാർ; അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ മൂത്തവൾ മേരബും ഇളയവൾ മീഖളും ആയിരുന്നു. 50അഹീമാസിന്റെ മകൾ അഹീനോവം ആയിരുന്നു ശൗലിന്റെ ഭാര്യ. പിതൃസഹോദരനായ നേരിന്റെ പുത്രൻ അബ്നേർ ആയിരുന്നു സൈന്യാധിപൻ. 51ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബീയേലിന്റെ പുത്രന്മാരായിരുന്നു.
52ശൗൽ തന്റെ ജീവിതകാലം മുഴുവൻ ഫെലിസ്ത്യരോടു കഠിനമായി പോരാടിക്കൊണ്ടിരുന്നു. ശക്തന്മാരെയും ധീരന്മാരെയുമെല്ലാം തന്റെ സൈന്യത്തിൽ അദ്ദേഹം ചേർത്തുകൊണ്ടുമിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 14: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക