1 SAMUELA 13

13
ഫെലിസ്ത്യർക്കെതിരായുള്ള യുദ്ധം
1രാജാവായപ്പോൾ ശൗലിനു മുപ്പതു വയസ്സായിരുന്നു; #13:1 നാല്പത്തിരണ്ടു വർഷം = മൂലഭാഷയിൽ രണ്ടു വർഷം എന്നു കാണുന്നു.നാല്പത്തിരണ്ടു വർഷം അദ്ദേഹം ഇസ്രായേലിൽ ഭരണം നടത്തി. 2ശൗൽ ഇസ്രായേല്യരിൽനിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരിൽ രണ്ടായിരം പേർ തന്നോടൊപ്പം മിക്മാസിലും ബേഥേൽ മലനാട്ടിലും ആയിരം പേർ യോനാഥാന്റെ കൂടെ ബെന്യാമീൻഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു. 3യോനാഥാൻ ഗിബെയായിലെ ഫെലിസ്ത്യരുടെ കാവൽസൈന്യത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതറിഞ്ഞു; എബ്രായർ ഈ വിവരം അറിയട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെങ്ങും കാഹളം മുഴക്കി. 4ശൗൽ ഫെലിസ്ത്യരുടെ കാവൽഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫെലിസ്ത്യർ തങ്ങളെ വെറുക്കുന്നു എന്നും ഇസ്രായേൽജനം അറിഞ്ഞു. അതുകൊണ്ട് ജനം ഗില്ഗാലിൽ ശൗലിന്റെ അടുക്കൽ വന്നുകൂടി.
5ഫെലിസ്ത്യർ ഇസ്രായേല്യരോടു യുദ്ധത്തിന് ഒരുമിച്ചുകൂടി; അവർക്കു മുപ്പതിനായിരം രഥവും ആറായിരം കുതിരപ്പടയാളികളും കടൽക്കരയിലെ മണൽത്തരിപോലെ എണ്ണമറ്റ കാലാൾപ്പടയും ഉണ്ടായിരുന്നു; അവർ ബേത്ത്-ആവെനു കിഴക്കുള്ള മിക്മാസിൽ പാളയമടിച്ചു. 6തങ്ങൾ അപകടത്തിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേൽജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു. 7മറ്റുള്ളവർ യോർദ്ദാൻനദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലിൽത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു.
8ശമൂവേലിന്റെ നിർദ്ദേശമനുസരിച്ചു ശൗൽ ഏഴു ദിവസം കാത്തിരുന്നു. എന്നാൽ ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാൻ തുടങ്ങി. 9“ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കൾ കൊണ്ടുവരുവിൻ” എന്നു ശൗൽ പറഞ്ഞു; അദ്ദേഹം ഹോമയാഗം അർപ്പിച്ചു. 10ഹോമയാഗം അർപ്പിച്ചു കഴിഞ്ഞപ്പോൾ ശമൂവേൽ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാൻ ശൗൽ ഇറങ്ങിച്ചെന്നു. 11“നീ എന്താണ് ചെയ്തത്” എന്നു ശമുവേൽ ശൗലിനോടു ചോദിച്ചു. ശൗൽ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാൻ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യർ മിക്മാസിൽ അണി നിരക്കുന്നതും ഞാൻ കണ്ടു. 12ഗില്ഗാലിൽ വച്ചു ഫെലിസ്ത്യർ എന്നെ ആക്രമിക്കുമെന്നും സർവേശ്വരന്റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാൻ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി.” 13ശമൂവേൽ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്റെ ദൈവമായ സർവേശ്വരന്റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കിൽ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലിൽ ശാശ്വതമാക്കുമായിരുന്നു. 14എന്നാൽ ഇനി നിന്റെ രാജത്വം നീണ്ടുനില്‌ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്റെ ഹിതം അനുവർത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്റെ ജനത്തിനു രാജാവായിരിക്കാൻ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.”
15ശമൂവേൽ ഗില്ഗാലിൽനിന്നു ബെന്യാമീൻ ഗോത്രക്കാരുടെ ദേശമായ ഗിബെയായിലേക്കു പോയി. ശൗൽ തന്നോടൊപ്പമുള്ളവരുടെ എണ്ണമെടുത്തു. അറുനൂറോളം പേർ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. 16ശൗലും പുത്രനായ യോനാഥാനും അവരുടെ കൂടെയുള്ള ജനങ്ങളും ബെന്യാമീന്യരുടെ ദേശത്തുള്ള ഗിബെയായിൽ താമസിച്ചു. ഫെലിസ്ത്യർ മിക്മാസിൽ പാളയം അടിച്ചു. 17ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു മൂന്നു ഗണങ്ങൾ കവർച്ചയ്‍ക്കു പുറപ്പെട്ടു; ഒരു സംഘം ശൂവാൽദേശത്തെ ഒഫ്രായിലേക്കു തിരിച്ചു; 18മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കും മൂന്നാമത്തെ സംഘം മരുഭൂമിയുടെ ദിശയിൽ സെബോയീം താഴ്‌വരയ്‍ക്ക് അഭിമുഖമായി കിടക്കുന്ന അതിർത്തിപ്രദേശത്തേക്കും പോയി. 19അക്കാലത്ത് ഇസ്രായേലിൽ ഒരിടത്തും കൊല്ലപ്പണിക്കാരുണ്ടായിരുന്നില്ല; ഇസ്രായേല്യർ വാളും കുന്തവും ഉണ്ടാക്കാതിരിക്കാൻ ഫെലിസ്ത്യർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 20ഇസ്രായേല്യർക്ക് അവരുടെ കൊഴുവും തൂമ്പയും കോടാലിയും അരിവാളും മൂർച്ചവരുത്താൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു. 21കൊഴുവും തൂമ്പയും നന്നാക്കാൻ മൂന്നിൽ രണ്ടു ശേക്കെലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ശേക്കെലുമായിരുന്നു കൂലി. 22യുദ്ധസമയത്ത് ശൗലിനും യോനാഥാനുമല്ലാതെ കൂടെയുണ്ടായിരുന്ന മറ്റാർക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല. 23ഫെലിസ്ത്യരുടെ ഒരു സൈന്യവ്യൂഹം മിക്മാസ് ചുരത്തിലേക്കു നീങ്ങി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക