1 PETERA 3

3
ഭാര്യാഭർത്താക്കന്മാരോട്
1-2ഭാര്യാമാരേ, ഭർത്താക്കന്മാർക്ക് നിങ്ങൾ വിധേയരായിരിക്കുക. അവരിൽ ദൈവവചനം അനുസരിക്കാത്തവർ ഉണ്ടെങ്കിൽ, പതിഭക്തിയോടും സ്വഭാവനൈർമ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാൻ കഴിയും. 3പിന്നിയ മുടി, സ്വർണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാർഥഭൂഷണം. 4സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്റെ ദൃഷ്‍ടിയിൽ വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്. 5ദൈവത്തിൽ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്‍ത്രീകൾ മുൻകാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭർത്താക്കന്മാർക്കു വിധേയരായിരുന്നത്. 6സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവർത്തിക്കുന്നതുകൊണ്ട് നിങ്ങൾ സാറായുടെ സന്തതികളായിത്തീരുന്നു.
7അതുപോലെതന്നെ ഭർത്താക്കന്മാരേ, സ്‍ത്രീകൾ ബലഹീനപാത്രമാണെന്നുള്ളതു മനസ്സിലാക്കി അവരോടൊത്തു വിവേകപൂർവം ജീവിക്കുക. ദൈവത്തിന്റെ ദാനമായ ജീവന് നിങ്ങളെപ്പോലെതന്നെ അവർക്കും അവകാശം ഉള്ളതുകൊണ്ട് അവരെ ബഹുമാനിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ പ്രാർഥനയ്‍ക്കു പ്രതിബന്ധം ഉണ്ടാവുകയില്ല.
നീതിക്കുവേണ്ടി കഷ്ടം സഹിക്കുക
8ചുരുക്കത്തിൽ നിങ്ങൾക്കെല്ലാവർക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം. 9തിന്മയ്‍ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങൾ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ.
10സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും
സന്തോഷം നല്‌കുന്ന ദിവസങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ തിന്മയിൽനിന്നു തന്റെ നാവിനെയും വഞ്ചന സംസാരിക്കുന്നതിൽനിന്നു തന്റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ. 11അവൻ തിന്മ വിട്ടകന്ന് നന്മ പ്രവർത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. 12എന്തെന്നാൽ സർവേശ്വരൻ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാർഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ തിന്മ പ്രവർത്തിക്കുന്നവർക്ക് അവിടുന്ന് എതിരായിരിക്കും.
13നന്മ ചെയ്യുന്നതിൽ നിങ്ങൾ ഉത്സുകരാണെങ്കിൽ ആരു നിങ്ങളെ ദ്രോഹിക്കും? 14എന്നാൽ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാൽത്തന്നെയും നിങ്ങൾ ഭാഗ്യവാന്മാർ! നിങ്ങൾ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. 15നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാൻ സന്നദ്ധരായിരിക്കുക. 16ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സൽപ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവർ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങൾ നിർമ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം. 17നിങ്ങൾ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കിൽ, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാൾ നല്ലതാണ് അത്. 18ക്രിസ്തുവും എല്ലാവരുടെയും പാപങ്ങൾക്കുവേണ്ടി #3:18 ‘ഒരിക്കൽമാത്രം മരിച്ചു’ - ചില കൈയെഴുത്തു പ്രതികളിൽ ‘ഒരിക്കൽ മാത്രമായി കഷ്ടത സഹിച്ചു’ എന്നാണ്.ഒരിക്കൽമാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവർക്കുവേണ്ടി നീതിമാൻ ശരീരത്തിൽ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവിൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തു; 19ആ അവസ്ഥയിൽ അവിടുന്ന് തടവിൽ കിടന്നിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു. 20പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവർ. നോഹ കപ്പൽ നിർമിക്കുകയും വളരെ കുറച്ചുപേർ, അതായത് എട്ടു പേർ മാത്രം, പ്രളയത്തിൽനിന്നു രക്ഷപെടുകയും ചെയ്തു. 21അവർ വെള്ളത്തിലൂടെ രക്ഷപ്രാപിച്ചതിനു സമാനമാകുന്നു സ്നാപനം; അത് പുറമേയുള്ള അഴുക്കു കഴുകിക്കളയുന്നതിന് ഉള്ളതല്ല, പിന്നെയോ, യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ എന്ന നിലയിൽ ഇപ്പോൾ നിങ്ങളെ രക്ഷിക്കുന്നു. 22യേശുക്രിസ്തു സ്വർഗാരോഹണം ചെയ്ത്, ദൂതന്മാർക്കും അധികാരങ്ങൾക്കും ശക്തികൾക്കും അധീശനായി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 PETERA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

1 PETERA 3 - നുള്ള വീഡിയോ