1 PETERA 2

2
വിശുദ്ധജനത
1എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക. 2പിഞ്ചുശിശുക്കൾ പാൽ കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലർപ്പറ്റ പാൽ കുടിക്കുവാൻ പുതുതായി ജനിച്ച നിങ്ങൾ അഭിവാഞ്ഛിക്കണം. 3കർത്താവിന്റെ ദയാലുത്വം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
4അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യൻ പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്. 5ജീവിക്കുന്ന ശിലകൾ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവർഗമായും ഉയർത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങൾ അർപ്പിക്കും. 6വിശുദ്ധ ലിഖിതത്തിൽ ഇങ്ങനെ കാണുന്നു:
ഇതാ, ഞാൻ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനിൽ ഇടുന്നു.
ആ കല്ലാണ് അവിടുന്ന്;
അവിടുന്നിൽ വിശ്വസിക്കുന്നവന്
ഒരിക്കലും ലജ്ജിക്കുവാൻ ഇടയാകുകയില്ല.
7അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങൾക്ക് അവിടുന്നു വിലയേറിയവൻ ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ,
പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു.
8അത് അവർക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും
ഇടറി വീഴ്ത്തുന്ന തെന്നൽപാറയും ആയിരിക്കും.
വചനം അനുസരിക്കാത്തതിനാൽ അവർ തട്ടിവീഴുന്നു; അതിനുവേണ്ടി അവർ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
9നിങ്ങളാകട്ടെ, അന്ധകാരത്തിൽനിന്ന് തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവർഗവും, വിശുദ്ധജനതയും, ദൈവത്തിന്റെ സ്വന്തജനവും ആകുന്നു.
10മുമ്പ് നിങ്ങൾ ദൈവത്തിന്റെ ജനം ആയിരുന്നില്ല;
എന്നാൽ ഇപ്പോൾ നിങ്ങൾ
അവിടുത്തെ ജനം ആയിരിക്കുന്നു;
മുമ്പ് നിങ്ങൾക്കു കാരുണ്യം ലഭിച്ചിരുന്നില്ല;
എന്നാൽ ഇപ്പോൾ നിങ്ങൾക്കു കാരുണ്യം ലഭിച്ചിരിക്കുന്നു.
ദൈവത്തിന്റെ അടിമകൾ
11പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാൻ നിങ്ങളോടു ഞാൻ അഭ്യർഥിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾ അന്യരും പരദേശികളും ആണല്ലോ. 12വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങൾ ദുർവൃത്തരാണെന്നു പറയുന്നവർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടിട്ട് കർത്താവിന്റെ സന്ദർശന ദിവസത്തിൽ ദൈവത്തെ പ്രകീർത്തിക്കുവാൻ ഇടയാകട്ടെ.
13കർത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക. 14പരമാധികാരി ആയതുകൊണ്ട് ചക്രവർത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സൽപ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവർണർമാർക്കും കീഴടങ്ങുക. 15അജ്ഞതയിൽനിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സൽപ്രവൃത്തികൾകൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്റെ തിരുഹിതം. 16സ്വതന്ത്രരായി ജീവിക്കുക; എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായി ജീവിക്കണം. 17എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവർത്തിയെ സമാദരിക്കുകയും ചെയ്യുക.
ക്രിസ്തുവിന്റെ പീഡാനുഭവം മാതൃകയാക്കുക
18ദാസന്മാരേ, നിങ്ങളുടെ യജമാനന്മാർക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാർക്കു മാത്രമല്ല, കഠിനഹൃദയരായവർക്കുകൂടിയും കീഴടങ്ങിയിരിക്കുക. 19അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെ മുൻനിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കിൽ അവൻ അനുഗ്രഹിക്കപ്പെടുന്നു. 20നിങ്ങൾ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താൽ അതിൽ പ്രശംസിക്കുവാൻ എന്തിരിക്കുന്നു. നിങ്ങൾ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താൽ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. 21എന്തുകൊണ്ടെന്നാൽ ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാൽച്ചുവടുകൾ നിങ്ങൾ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു. 22അവിടുന്ന് ഒരു പാപവും ചെയ്തില്ല; അവിടുത്തെ അധരങ്ങളിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല. 23അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്റെ കൈയിൽ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്. 24നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു. 25വഴിതെറ്റി അലയുന്ന ആടുകളെപ്പോലെ ആയിരുന്നു നിങ്ങൾ. എന്നാൽ ഇപ്പോൾ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സംരക്ഷകനുമായവന്റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 PETERA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക