1 LALTE 22
22
മീഖായായുടെ മുന്നറിയിപ്പ്
(2 ദിന. 18:2-27)
1സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വർഷക്കാലം കഴിച്ചുകൂട്ടി. 2മൂന്നാം വർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവിനെ സന്ദർശിച്ചു. 3ഇസ്രായേൽരാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവിൽനിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാൻ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.” 4ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്റെ കൂടെ നിങ്ങൾ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്റെ സൈന്യവും എന്റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേർന്നു യുദ്ധം ചെയ്യാൻ ഒരുക്കമാണ്; 5എന്നാൽ ആദ്യമായി നമുക്ക് സർവേശ്വരന്റെ ഹിതം അന്വേഷിക്കാം.”
6ഇസ്രായേൽരാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താൻ ഞാൻ പോകണമോ വേണ്ടയോ?” “പോകുക, സർവേശ്വരൻ അത് അങ്ങയുടെ കൈയിൽ ഏല്പിക്കും” അവർ പ്രതിവചിച്ചു. 7“സർവേശ്വരന്റെ ഹിതം ആരായാൻ അവിടുത്തെ പ്രവാചകന്മാരിൽ ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു. 8ഇസ്രായേൽരാജാവു പറഞ്ഞു; ഇംലായുടെ പുത്രൻ മീഖായാ എന്നൊരാൾ കൂടിയുണ്ട്; എനിക്കെതിരായല്ലാതെ അനുകൂലമായി ഒന്നും അയാൾ പറയുകയില്ല; അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു.” “അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു. 9ഇംലായുടെ മകൻ മീഖായായെ ഉടനെ കൂട്ടിക്കൊണ്ടു വരാൻ ഇസ്രായേൽരാജാവ് ഭൃത്യനെ അയച്ചു. 10ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രങ്ങളണിഞ്ഞ് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിസ്ഥലത്ത് തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ മുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. 11കെനാനയുടെ പുത്രൻ സിദെക്കിയാ ഇരുമ്പുകൊണ്ടു തനിക്കു കൊമ്പുകൾ നിർമ്മിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു. സിറിയാക്കാർ പൂർണമായി നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിപ്പിളർക്കും.” 12മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. “ഗിലെയാദിലെ രാമോത്തിലേക്കു പോയി വിജയം വരിക്കുക; സർവേശ്വരൻ അങ്ങയെ അത് ഏല്പിക്കും.” 13മീഖായായെ വിളിക്കാൻ പോയിരുന്ന ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തിൽ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരിൽ ഒരുവനെപ്പോലെ പറയണം.” 14മീഖായാ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നതേ ഞാൻ പറയൂ.”
15അയാൾ രാജസന്നിധിയിൽ എത്തിയപ്പോൾ രാജാവു ചോദിച്ചു: “മീഖായായേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിൽ യുദ്ധം ചെയ്യാൻ പോകണമോ വേണ്ടയോ, പറയൂ.” മീഖായാ പറഞ്ഞു: “പുറപ്പെടുക, നിങ്ങൾ വിജയം കൈവരിക്കും; സർവേശ്വരൻ അങ്ങേക്ക് വിജയം നല്‌കും.” 16ആഹാബ് മീഖായായോടു പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ സംസാരിക്കുമ്പോൾ സത്യമേ പറയാവൂ എന്ന് എത്ര തവണ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.” 17ഇതു കേട്ട് മീഖായാ പറഞ്ഞു: “ഇസ്രായേൽജനം ഇടയനില്ലാത്ത ആടുകളെപ്പോലെ മലകളിൽ ചിതറിക്കിടക്കുന്നതു ഞാൻ കാണുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇവർക്കു നേതാവില്ല, ഇവർ സ്വഭവനങ്ങളിലേക്കു സമാധാനത്തോടെ പോകട്ടെ.” 18ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മയായി ഒന്നും പ്രവചിക്കുകയില്ല. എന്നു ഞാൻ പറഞ്ഞില്ലേ?” 19മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരൻ സ്വർഗത്തിൽ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാൻ കണ്ടു; മാലാഖമാർ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.” 20“ആഹാബ് രാമോത്തിൽ പോയി അവിടെവച്ച് വധിക്കപ്പെടാൻ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവർ ഓരോരുത്തരും ഓരോ മറുപടി നല്‌കി. 21ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാൻ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സർവേശ്വരൻ ചോദിച്ചു. 22അപ്പോൾ ആത്മാവു പറഞ്ഞു: “ഞാൻ പോയി ആഹാബിന്റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സർവേശ്വരൻ പറഞ്ഞു. 23മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാർക്കു നല്‌കിയിരിക്കുന്നു; അങ്ങേക്ക് അനർഥം വരുത്താൻ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.”
24ഉടൻതന്നെ കെനാനയുടെ പുത്രനായ സിദെക്കിയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്ത് അടിച്ചു: “സർവേശ്വരന്റെ ആത്മാവ് നിന്നോടു സംസാരിക്കാൻ തക്കവിധം എങ്ങനെയാണ് എന്നെ വിട്ടുപോയത്” എന്നു സിദെക്കിയാ ചോദിച്ചു. 25“ഒളിച്ചിരിക്കാൻ ഏതെങ്കിലും ഉള്ളറയിൽ പ്രവേശിക്കുന്ന ദിവസം നീ അതു മനസ്സിലാക്കും” എന്നു മീഖായാ പ്രതിവചിച്ചു.
26ആഹാബ്‍രാജാവ് കല്പിച്ചു: “മീഖായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെല്ലുക; 27ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്‌കി അവനെ കാരാഗൃഹത്തിൽ സൂക്ഷിക്കുക.” 28മീഖായാ പ്രതിവചിച്ചു: “അങ്ങ് സുരക്ഷിതനായി മടങ്ങിവന്നാൽ സർവേശ്വരൻ എന്നിലൂടെ സംസാരിച്ചിട്ടില്ല എന്നതു സ്പഷ്ടം; ഞാൻ പറഞ്ഞതു എല്ലാവരും കേട്ടല്ലോ?”
ആഹാബിന്റെ മരണം
(2 ദിന. 18:28-34)
29ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും കൂടി ഗിലെയാദിലെ രാമോത്തിലേക്കു പോയി. 30ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. അങ്ങു രാജവസ്ത്രം ധരിച്ചു കൊള്ളുക.” അങ്ങനെ ഇസ്രായേൽരാജാവു വേഷം മാറി പടക്കളത്തിലേക്കു പോയി. 31ഇസ്രായേൽരാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ മറ്റാരോടും യുദ്ധം ചെയ്യരുതെന്നു സിറിയാരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടും കല്പിച്ചിരുന്നു. 32അവർ യെഹോശാഫാത്തിനെ കണ്ടപ്പോൾ “ഇത് ഇസ്രായേൽരാജാവു തന്നെ” എന്നു പറഞ്ഞ് അയാളെ ആക്രമിച്ചു. 33യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാൾ ഇസ്രായേൽ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോൾ രഥനായകന്മാർ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു. 34ഒരു പടയാളി അവിചാരിതമായി എയ്ത അമ്പ് ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെയും കവചത്തിന്റെയും ഇടയിൽക്കൂടി തുളച്ചുകയറി. രാജാവ് തന്റെ സാരഥിയോടു പറഞ്ഞു: “എനിക്കു മുറിവ് ഏറ്റിരിക്കുന്നു; രഥം പിന്തിരിച്ച് എന്നെ പടക്കളത്തിൽനിന്നു കൊണ്ടുപോകുക.” 35ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാർക്കു നേരെ രഥത്തിൽ നിവർത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോൾ ആഹാബ് മരിച്ചു. 36സന്ധ്യയോടടുത്തപ്പോൾ ഓരോരുത്തനും അവന്റെ പട്ടണത്തിലേക്കോ ദേശത്തേക്കോ മടങ്ങിക്കൊള്ളട്ടെ എന്ന കല്പന മുഴങ്ങിക്കേട്ടു.
37ആഹാബ്‍രാജാവു മരിച്ചു; മൃതശരീരം ശമര്യയിൽ കൊണ്ടുവന്നു സംസ്കരിച്ചു. 38രഥം ശമര്യയിലെ കുളത്തിൽ കൊണ്ടുവന്നു കഴുകിയപ്പോൾ സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ നായ്‍ക്കൾ രാജാവിന്റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്‍ത്രീകൾ ആ വെള്ളത്തിൽ കുളിക്കുകയും ചെയ്തു. 39ആഹാബിന്റെ മറ്റു പ്രവർത്തനങ്ങൾ ദന്തഹർമ്യം പണിയിച്ചതും, പട്ടണങ്ങൾ സ്ഥാപിച്ചതുമെല്ലാം ഇസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; 40ആഹാബിന്റെ മരണശേഷം പുത്രൻ അഹസ്യാ രാജ്യഭാരമേറ്റു.
യെഹൂദ്യയിലെ യെഹോശാഫാത്ത് രാജാവ്
(2 ദിന. 20:31—21:1)
41ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാം ഭരണവർഷം ആസായുടെ പുത്രൻ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി. 42അപ്പോൾ അയാൾക്കു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഇരുപത്തിയഞ്ചു വർഷം യെരൂശലേമിൽ അയാൾ ഭരണം നടത്തി. ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു അയാളുടെ മാതാവ്; 43പിതാവായ ആസായെപ്പോലെ സർവേശ്വരനു പ്രീതികരമായവിധം അയാൾ ജീവിച്ചു; എങ്കിലും പൂജാഗിരികൾ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ പൂജയും ധൂപാർപ്പണവും നടത്തിവന്നു; 44യെഹോശാഫാത്ത് ഇസ്രായേൽരാജാവുമായി സമാധാനബന്ധം പുലർത്തി. 45യെഹോശാഫാത്തിന്റെ മറ്റു പ്രവർത്തനങ്ങളും വീരകൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുള്ള യുദ്ധങ്ങളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 46തന്റെ പിതാവായ ആസായുടെ കാലത്ത് വിജാതീയാരാധനകളോടു ബന്ധപ്പെട്ടു തുടർന്നുപോന്ന പുരുഷവേശ്യാസമ്പ്രദായം അദ്ദേഹം അവസാനിപ്പിച്ചു. 47അക്കാലത്ത് എദോമിന് ഒരു രാജാവില്ലായിരുന്നു. ഒരു പ്രവിശ്യാധിപനാണു പകരം രാജസ്ഥാനം വഹിച്ചിരുന്നത്. 48ഓഫീർദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തർശ്ശീശ് കപ്പലുകൾ നിർമ്മിച്ചു. എങ്കിലും എസ്യോൻ-ഗേബെരിൽ വച്ച് തകർന്നുപോയതുകൊണ്ട് അവയ്‍ക്കു മുമ്പോട്ടു പോകാൻ കഴിഞ്ഞില്ല. 49അപ്പോൾ ആഹാബിന്റെ പുത്രൻ അഹസ്യായ്‍ക്ക് തന്റെ ദാസന്മാരെ യെഹോശാഫാത്തിന്റെ ദാസന്മാരുടെ കൂടെ അയയ്‍ക്കാൻ ഒരുക്കമായിരുന്നു; എങ്കിലും യെഹോശാഫാത്ത് അതു സമ്മതിച്ചില്ല. 50യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിലുള്ള പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്റെ പുത്രൻ യെഹോരാം പകരം രാജാവായി.
ഇസ്രായേലിലെ അഹസ്യാരാജാവ്
51യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ഭരണവർഷം ആഹാബിന്റെ പുത്രൻ അഹസ്യാ ശമര്യയിൽ ഭരണഭാരം ഏറ്റു; രണ്ടു വർഷം അദ്ദേഹം ഭരിച്ചു.
52ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവനും നെബാത്തിന്റെ പുത്രനുമായ യെരോബെയാമിന്റെയും തന്റെ മാതാപിതാക്കന്മാരുടെയും മാർഗത്തിൽ നടന്ന് സർവേശ്വരന് അനിഷ്ടമായത് അയാൾ ചെയ്തു.
53ബാലിനെ അയാൾ ആരാധിച്ചു. തന്റെ പിതാവിനെപ്പോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ എല്ലാ വിധത്തിലും അയാൾ പ്രകോപിപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 LALTE 22: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.