1 LALTE 1

1
1ദാവീദ്‍രാജാവു വൃദ്ധനായി; ഭൃത്യന്മാർ രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല. 2അവർ രാജാവിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവൾ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ. 3അവർ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേൽദേശത്തെല്ലാം അന്വേഷിച്ചു; അങ്ങനെ ശൂനേംകാരിയായ അബീശഗിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. 4അതിസുന്ദരിയായിരുന്ന അവൾ രാജാവിനെ ശുശ്രൂഷിച്ചു; എന്നാൽ രാജാവ് അവളെ പ്രാപിച്ചില്ല.
അദോനിയായുടെ അവകാശവാദം
5-6അബ്ശാലോമിന്റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്റെയും ഹഗ്ഗീത്തിന്റെയും പുത്രന്മാരിൽ മൂത്തവൻ. അവനും അതികോമളനായിരുന്നു; അവന്റെ തെറ്റായ പ്രവൃത്തികൾക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവൻ രാജാവാകാൻ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി. 7സെരൂയായുടെ പുത്രനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരോടും ഇതേപ്പറ്റി അയാൾ ആലോചിച്ചു; അയാൾക്കു പിന്തുണ നല്‌കാമെന്ന് അവർ സമ്മതിച്ചു. 8എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ പുത്രൻ ബെനായായും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ അംഗരക്ഷകരും അദോനിയായുടെ പക്ഷം ചേർന്നില്ല. 9അദോനിയാ ഒരു ദിവസം എൻ-രോഗെൽ അരുവിയുടെ സമീപത്തുള്ള സോഹേലത്ത് കല്ലിനരികെ ആടുമാടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും യാഗമർപ്പിച്ചു. അയാൾ ദാവീദുരാജാവിന്റെ പുത്രന്മാരായ തന്റെ എല്ലാ സഹോദരന്മാരെയും രാജസേവകരായ സകല യെഹൂദ്യരെയും അതിനു ക്ഷണിച്ചിരുന്നു. 10എന്നാൽ നാഥാൻപ്രവാചകനെയും ബെനായായെയും രാജാവിന്റെ അംഗരക്ഷകരെയും തന്റെ സഹോദരനായ ശലോമോനെയും അയാൾ ക്ഷണിച്ചില്ല.
ശലോമോൻ രാജാവാകുന്നു
11നാഥാൻപ്രവാചകൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു ചോദിച്ചു: “ഹഗ്ഗീത്തിന്റെ പുത്രനായ അദോനിയാ രാജാവായതു നീ അറിഞ്ഞില്ലേ? നമ്മുടെ യജമാനനായ ദാവീദുരാജാവും ആ വിവരം അറിഞ്ഞിട്ടില്ല; 12നിന്റെയും നിന്റെ പുത്രൻ ശലോമോന്റെയും ജീവരക്ഷയ്‍ക്കുവേണ്ടി എന്റെ ഉപദേശം കേൾക്കുക; 13ഉടൻതന്നെ നീ ചെന്നു ദാവീദുരാജാവിനോടു ചോദിക്കണം: ‘എന്റെ യജമാനനായ രാജാവേ, എന്റെ മകൻ ശാലോമോൻ അങ്ങയുടെ പിൻഗാമിയായി സിംഹാസനത്തിൽ ഇരുന്നു വാഴുമെന്ന് അങ്ങ് എന്നോടു പ്രതിജ്ഞ ചെയ്തിരുന്നതല്ലേ? പിന്നെ എങ്ങനെ അദോനിയാ രാജാവായി?’ 14നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വന്നു നിനക്കു പിന്തുണ നല്‌കിക്കൊള്ളാം.” 15ബത്ത്-ശേബ ശയനമുറിയിൽ രാജാവിന്റെ അടുക്കൽ ചെന്നു; ശൂനേംകാരി അബീശഗ് വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. 16ബത്ത്-ശേബ രാജാവിനെ താണുവണങ്ങി. “നിനക്ക് എന്തു വേണം” എന്നു രാജാവ് അവളോടു ചോദിച്ചു. 17അവൾ പറഞ്ഞു: “എന്റെ യജമാനനേ, എന്റെ മകൻ ശലോമോൻ അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തിൽ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ; 18എന്നാൽ ഇപ്പോൾ ഇതാ, അദോനിയാ രാജാവായിരിക്കുന്നു; അവിടുന്ന് ഇത് അറിയുന്നുമില്ല. 19അവൻ ഒട്ടു വളരെ കാളകളെയും ആടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും കൊന്നു വിരുന്നു നടത്തുന്നു. അവൻ എല്ലാ രാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരെയും സൈന്യാധിപനായ യോവാബിനെയും ക്ഷണിച്ചു. എന്നാൽ അങ്ങയുടെ പുത്രനായ ശലോമോനെ അവൻ ക്ഷണിച്ചിട്ടില്ല. 20എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിൻഗാമിയായി രാജ്യഭരണം നടത്തുന്നത് ആരായിരിക്കും എന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേൾക്കാൻ ഇസ്രായേൽജനം കാത്തിരിക്കുകയാണ്. 21അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോൾ എന്നെയും എന്റെ മകൻ ശലോമോനെയും അവർ രാജ്യദ്രോഹികളായി കണക്കാക്കും.”
22ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻപ്രവാചകൻ കൊട്ടാരത്തിൽ വന്നു. 23പ്രവാചകൻ വന്ന വിവരം രാജാവിനെ അറിയിച്ചു. നാഥാൻ രാജസന്നിധിയിൽ വന്ന് താണുവണങ്ങി. 24പ്രവാചകൻ രാജാവിനോടു ചോദിച്ചു: “എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിൻഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ? 25അവൻ ഇന്ന് അനേകം കാളകളെയും കൊഴുത്തു തടിച്ച ആടുമാടുകളെയും യാഗമർപ്പിച്ചു. വിരുന്നിന് എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാർപുരോഹിതനെയും ക്ഷണിച്ചു. അവർ ഭക്ഷിച്ചു പാനം ചെയ്യുകയും ‘അദോനിയാരാജാവേ ജയ, ജയ’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. 26എന്നാൽ അങ്ങയുടെ ദാസനായ എന്നെയും സാദോക്ക്പുരോഹിതനെയും യഹോയാദയുടെ പുത്രൻ ബെനായായെയും അങ്ങയുടെ പുത്രനായ ശലോമോനെയും അവൻ ക്ഷണിച്ചിട്ടില്ല. 27അങ്ങയുടെ പിൻഗാമിയായി രാജ്യഭരണം നടത്തേണ്ടത് ആരാണെന്ന് അങ്ങു ഞങ്ങളെ അറിയിച്ചിട്ടില്ലല്ലോ. അങ്ങയുടെ കല്പന അനുസരിച്ചാണോ ഇതു നടന്നത്?”
28ബത്ത്-ശേബയെ വിളിക്കാൻ രാജാവു കല്പിച്ചു; അവൾ രാജസന്നിധിയിൽ എത്തി. 29അദ്ദേഹം അവളോടു പറഞ്ഞു: “എന്റെ സകല കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ നിന്നോടു സത്യം ചെയ്യുന്നു; 30നിന്റെ മകൻ ശലോമോൻ എന്റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാൻ നിറവേറ്റും.” 31ഇതു കേട്ട് ബത്ത്-ശേബ രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവു നീണാൾ വാഴട്ടെ” എന്ന് ആശംസിച്ചു.
32ദാവീദുരാജാവ് സാദോക്ക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ പുത്രൻ ബെനായായെയും വിളിക്കാൻ കല്പിച്ചു; അവർ രാജസന്നിധിയിൽ എത്തി. 33രാജാവ് അവരോടു കല്പിച്ചു: “നിങ്ങൾ എന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശലോമോനെ എന്റെ കോവർകഴുതപ്പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോകുക. 34അവിടെവച്ചു സാദോക്ക്പുരോഹിതനും നാഥാൻപ്രവാചകനും കൂടി അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം. പിന്നീട് കാഹളം ഊതി ‘ശലോമോൻരാജാവ് നീണാൾ വാഴട്ടെ’ എന്ന് ആർത്തുഘോഷിക്കണം. 35അതിനുശേഷം നിങ്ങൾ അവന്റെ പിന്നാലെ വരണം. അവൻ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാൻ അവനെ നിയമിച്ചിരിക്കുന്നു.” 36അപ്പോൾ യഹോയാദയുടെ പുത്രൻ ബെനായാ പറഞ്ഞു: “അങ്ങനെയാകട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ സർവേശ്വരനും അപ്രകാരംതന്നെ കല്പിക്കട്ടെ. 37അവിടുന്നു യജമാനനായ രാജാവിന്റെകൂടെ ഇരുന്നതുപോലെ ശാലോമോന്റെകൂടെയും ഇരിക്കട്ടെ. അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതായിരിക്കട്ടെ.”
38അങ്ങനെ സാദോക്ക്പുരോഹിതനും നാഥാൻപ്രവാചകനും യഹോയാദയുടെ പുത്രൻ ബെനായായും ക്രേത്യരും പെലേത്യരുമായ അംഗരക്ഷകരും ശലോമോനെ ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തിരുത്തി ഗീഹോനിലേക്ക് ആനയിച്ചു. 39സാദോക്ക്പുരോഹിതൻ തിരുസാന്നിധ്യകൂടാരത്തിൽനിന്നു തൈലക്കൊമ്പെടുത്തു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി; ‘ശലോമോൻരാജാവു നീണാൾ വാഴട്ടെ’ എന്നു ജനം ആർത്തുവിളിച്ചു; 40അവർ കുഴലൂതിയും ഭൂമി പിളരുംവിധം ഹർഷാരവം മുഴക്കിയുംകൊണ്ട് ശലോമോനെ അനുഗമിച്ചു.
41വിരുന്നു കഴിഞ്ഞപ്പോഴേക്ക് അദോനിയായും കൂടെയുണ്ടായിരുന്ന അതിഥികളും ആ ശബ്ദകോലാഹലം കേട്ടു; പട്ടണത്തിൽനിന്ന് ഉയരുന്ന ആരവം എന്ത് എന്ന് യോവാബ് അന്വേഷിച്ചു; 42അയാൾ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാർപുരോഹിതന്റെ പുത്രൻ യോനാഥാൻ അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്‍വാർത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.” 43യോനാഥാൻ അദോനിയായോടു പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു; 44രാജാവ് സാദോക്ക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്റെ കൂടെ അയച്ചു; അവർ അദ്ദേഹത്തെ രാജാവിന്റെ കോവർകഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്. 45സാദോക്ക്പുരോഹിതനും നാഥാൻ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനിൽ വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകത്തക്കവിധം ആർത്തട്ടഹസിച്ചുകൊണ്ട് അവർ മടങ്ങിപ്പോയി. നിങ്ങൾ കേട്ട ആരവം അതാണ്. 46ശലോമോൻ ഇപ്പോൾ സിംഹാസനാരൂഢനായിരിക്കുന്നു. 47രാജഭൃത്യന്മാർ നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാൻ പോയിരുന്നു.” അങ്ങയുടെ ദൈവം ശലോമോന്റെ നാമത്തെ അങ്ങയുടേതിലും മഹനീയവും അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതുമാക്കട്ടെ എന്ന് അവർ ആശംസിച്ചു. 48രാജാവ് കിടക്കയിൽ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാർഥിച്ചു. എന്റെ സന്തതികളിലൊരുവൻ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാൻ ഇടയാക്കിയ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടുമാറാകട്ടെ.”
49അപ്പോൾ അദോനിയായുടെ അതിഥികൾ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു; 50ശലോമോനെ ഭയപ്പെട്ട അദോനിയാ ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. 51തന്നെ കൊല്ലുകയില്ലെന്നു ശലോമോൻ സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചിരിക്കുന്ന വിവരം ശലോമോൻ അറിഞ്ഞു. 52ശലോമോൻ പറഞ്ഞു: “അവൻ വിശ്വസ്തനെങ്കിൽ അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. കുറ്റക്കാരനെങ്കിൽ മരിക്കുകതന്നെ വേണം.” 53ശലോമോൻരാജാവ് ആളയച്ച് അയാളെ യാഗപീഠത്തിങ്കൽനിന്നു വരുത്തി. അയാൾ രാജാവിനെ താണുവണങ്ങി; “വീട്ടിൽ പൊയ്‍ക്കൊള്ളാൻ” ശലോമോൻ അയാളോടു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക