1 LALTE 2

2
ദാവീദിന്റെ അന്ത്യോപദേശങ്ങൾ
1മരണസമയം അടുത്തപ്പോൾ ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞു: 2“എന്റെ മരണസമയം അടുത്തിരിക്കുന്നു; നീ ധൈര്യമായിരിക്കണം; പൗരുഷത്തോടെ പെരുമാറണം. 3നിന്റെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കണം. മോശയുടെ ധർമശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ സർവേശ്വരന്റെ വഴികളിൽ നടക്കുകയും അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും സാക്ഷ്യങ്ങളും പാലിക്കുകയും വേണം. അങ്ങനെ നീ എന്തു ചെയ്താലും എങ്ങോട്ടു തിരിഞ്ഞാലും വിജയം വരിക്കും. 4‘നിന്റെ സന്താനങ്ങൾ നേർവഴിയെ നടക്കുകയും സർവാത്മനാ എന്നോട് വിശ്വസ്തരായിരിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ വരികയില്ല’ എന്നു സർവേശ്വരൻ എന്നോട് അരുളിച്ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റും. 5സെരൂയായുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്റെ മകനായ അബ്നേർ യേഥെരിന്റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവൻ കൊലപ്പെടുത്തി. യുദ്ധസമയത്ത് അവർ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാൻ സമാധാനകാലത്ത് അവൻ അവരെ വധിച്ചു. അവൻ നിരപരാധികളെ കൊന്നതിന്റെ അപരാധം ഞാൻ വഹിക്കാൻ ഇടവരുത്തി. 6നീ തന്ത്രപൂർവം അവനോട് ഇടപെടുക; അവൻ സമാധാനമായി മരിക്കാൻ ഇടയാകരുത്; 7ഗിലെയാദ്യനായ ബർസില്ലയുടെ പുത്രന്മാരോടു നീ കാരുണ്യപൂർവം പെരുമാറണം; അവരും നിന്റെ മേശയിൽനിന്നു കഴിക്കട്ടെ. അബ്ശാലോമിനെ ഭയന്നു ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നെ ദയാപൂർവം സ്വീകരിച്ചു. 8ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ പുത്രൻ ശിമെയി നിന്റെ കൂടെ ഉണ്ടല്ലോ. ഞാൻ മഹനയീമിലേക്കു പോയപ്പോൾ അവൻ എന്റെമേൽ കഠിനമായ ശാപവർഷം ചൊരിഞ്ഞു. എങ്കിലും യോർദ്ദാൻ കരയിൽ വന്ന് അവൻ എന്നെ എതിരേറ്റു. അതുകൊണ്ട് ഞാൻ അവനെ കൊല്ലുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. 9എന്നാൽ നീ അവനെ നിരപരാധിയായി കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയും; നീ ബുദ്ധിമാനാണല്ലോ; അവന്റെ നരച്ച തല രക്തപങ്കിലമായി പാതാളത്തിൽ പതിക്കട്ടെ.”
ദാവീദിന്റെ മരണം
10ദാവീദു മരിച്ചു തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ സ്വന്തനഗരത്തിൽ അടക്കംചെയ്തു. 11അദ്ദേഹം ഏഴു വർഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വർഷം യെരൂശലേമിലും അങ്ങനെ ഇസ്രായേലിൽ നാല്പതു വർഷം ഭരിച്ചു. 12ദാവീദിന്റെ പിൻഗാമിയായി ശലോമോൻ സിംഹാസനാരൂഢനായി; അദ്ദേഹത്തിന് രാജസ്ഥാനം സുസ്ഥിരമാകുകയും ചെയ്തു.
അദോനിയായുടെ മരണം
13ഒരിക്കൽ ഹഗ്ഗീത്തിന്റെ പുത്രനായ അദോനിയാ ശാലോമോന്റെ മാതാവായ ബത്ത്-ശേബയുടെ അടുക്കൽ ചെന്നു. “നിന്റെ വരവു സൗഹാർദ്ദപരമാണോ” എന്നു ബത്ത്-ശേബ അദോനിയായോടു ചോദിച്ചു; “സൗഹൃദത്തോടെതന്നെ” അവൻ പറഞ്ഞു: 14“എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് അവൻ പറഞ്ഞപ്പോൾ “പറഞ്ഞുകൊൾക” എന്ന് ബത്ത്-ശേബ പറഞ്ഞു. 15“രാജസ്ഥാനം എനിക്കു കിട്ടേണ്ടതായിരുന്നു; ഇസ്രായേലിലുള്ളവരെല്ലാം പ്രതീക്ഷിച്ചതും അതുതന്നെ. എന്നാൽ മറ്റൊരു വിധത്തിലാണല്ലോ സംഭവിച്ചത്. എന്റെ സഹോദരൻ രാജാവായി; അതായിരുന്നു സർവേശ്വരന്റെ ഹിതം. 16എനിക്കിപ്പോൾ ഒരു അഭ്യർഥന ഉണ്ട്. അതു നിരസിക്കരുത്; 17“അതെന്താണ്” ബത്ത്-ശേബ ചോദിച്ചു. “ശൂനേംകാരി അബീശഗിനെ എനിക്കു ഭാര്യയായി തരണമെന്നു ശലോമോനോടു പറയണം. അയാൾ അമ്മയുടെ അഭ്യർഥന തള്ളിക്കളയുകയില്ല.” 18“ആകട്ടെ, ഞാൻ നിനക്കുവേണ്ടി രാജാവിനോടു പറയാം” എന്നു ബത്ത്-ശേബ സമ്മതിച്ചു.
19അദോനിയായ്‍ക്കുവേണ്ടി സംസാരിക്കാൻ ബത്ത്-ശേബ ശാലോമോൻരാജാവിനെ സമീപിച്ചു; അപ്പോൾ രാജാവു എഴുന്നേറ്റു മാതാവിനെ അഭിവാദനം ചെയ്തശേഷം സിംഹാസനത്തിൽ ഇരുന്നു. മാതാവിന് ഇരിപ്പിടം രാജസിംഹാസനത്തിന്റെ വലതുഭാഗത്ത് ഒരുക്കി. അവർ അവിടെ ഇരുന്നു. 20ബത്ത്-ശേബ പറഞ്ഞു: “ഞാൻ ഒരു ചെറിയ കാര്യം ചോദിക്കാനാണു വന്നത്; അതു നിരസിക്കരുത്.” രാജാവ് പറഞ്ഞു: “അമ്മേ, ചോദിക്കൂ, ഞാൻ അമ്മയുടെ അപേക്ഷ തള്ളിക്കളയുകയില്ല.” 21“ശൂനേംകാരി അബീശഗിനെ നിന്റെ സഹോദരനായ അദോനിയായ്‍ക്ക് ഭാര്യയായി കൊടുക്കണം” അവർ പറഞ്ഞു. 22അദ്ദേഹം അമ്മയോടു ചോദിച്ചു: “അദോനിയായ്‍ക്കുവേണ്ടി ശൂനേംകാരി അബീശഗിനെ എന്തുകൊണ്ടാണ് അമ്മ ചോദിക്കുന്നത്? രാജത്വവും അവനുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലേ? അബ്യാഥാർപുരോഹിതനും സെരൂയായുടെ മകൻ യോവാബും അവന്റെ പക്ഷത്താണല്ലോ.” 23പിന്നീട് ശലോമോൻ സർവേശ്വരന്റെ നാമത്തിൽ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യർഥന അവന്റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കിൽ സർവേശ്വരൻ എന്നെ സംഹരിക്കട്ടെ. 24എന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവിടുന്ന് എനിക്കു സ്ഥിരമാക്കിത്തന്നു. അവിടുത്തെ വാഗ്ദാനപ്രകാരം ഈ രാജ്യം എനിക്കും എന്റെ പിൻഗാമികൾക്കുമായി നല്‌കിയിരിക്കുന്നു. സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: അദോനിയാ ഇന്നുതന്നെ വധിക്കപ്പെടണം.” 25ശലോമോൻ രാജാവിന്റെ കല്പനപ്രകാരം യഹോയാദയുടെ പുത്രനായ ബെനായാ അദോനിയായെ വധിച്ചു.
അബ്യാഥാർ അനാഥോത്തിലേക്ക്
26ശലോമോൻ അബ്യാഥാർപുരോഹിതനോടു പറഞ്ഞു: “നിന്റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്‍ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ ദൈവമായ സർവേശ്വരന്റെ പെട്ടകം ചുമന്നു; എന്റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേർന്നു. അതിനാൽ ഞാൻ ഇപ്പോൾ നിന്നെ വധിക്കുന്നില്ല.” 27ശലോമോൻ അബ്യാഥാരിനെ സർവേശ്വരന്റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. അങ്ങനെ ശീലോവിൽവച്ചു പുരോഹിതനായ ഏലിയെയും അവന്റെ ഭവനത്തെയും കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തിരുന്നതു നിറവേറി.
യോവാബ് വധിക്കപ്പെടുന്നു
28യോവാബ് അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയായ്‍ക്കു പിന്തുണ നല്‌കിയിരുന്നു. അതുകൊണ്ടു സംഭവിച്ചതെല്ലാം യോവാബ് അറിഞ്ഞപ്പോൾ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിലേക്ക് ഓടി ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. 29യോവാബ് സർവേശ്വരന്റെ കൂടാരത്തിൽ ബലിപീഠത്തിനരികെ നില്‌ക്കുന്നു എന്നു കേട്ടു ശലോമോൻ യഹോയാദയുടെ പുത്രൻ ബെനായായെ അവിടേക്ക് അയച്ചു: “നീ പോയി അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. 30ബെനായാ സർവേശ്വരന്റെ കൂടാരത്തിൽ ചെന്നു; “പുറത്തുവരാൻ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാൻ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാൾ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു. 31രാജാവു കല്പിച്ചു: “അവൻ പറഞ്ഞതുപോലെ നീ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക. അങ്ങനെ യോവാബു കാരണം കൂടാതെ ചിന്തിയ രക്തത്തിനു ഞാനോ എന്റെ പിൻഗാമികളോ ഉത്തരവാദികൾ ആകാതിരിക്കട്ടെ; 32എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവൻ ചെയ്ത കൊലപാതകങ്ങൾക്ക് സർവേശ്വരൻ അവനെ ശിക്ഷിക്കും. ഇസ്രായേലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേരിനെയും യെഹൂദായുടെ സൈന്യാധിപനും യേഥെരിന്റെ പുത്രനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവൻ കൊന്നു. അവരിരുവരും അവനെക്കാൾ നീതിനിഷ്ഠരും നല്ലവരും ആയിരുന്നു. 33അവരുടെ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ യോവാബിന്റെയും അവന്റെ സന്താനങ്ങളുടെയുംമേൽ എന്നേക്കും ഉണ്ടായിരിക്കും. എന്നാൽ ദാവീദിനും അദ്ദേഹത്തിന്റെ സന്തതികൾക്കും കുടുംബത്തിനും അദ്ദേഹത്തിന്റെ സിംഹാസനത്തിലിരിക്കുന്ന പിൻഗാമികൾക്കും സർവേശ്വരനിൽനിന്ന് എന്നേക്കും സമാധാനം ലഭിക്കും.”
34യഹോയാദയുടെ പുത്രനായ ബെനായാ ചെന്നു യോവാബിനെ കൊന്നു; വിജനപ്രദേശത്തുള്ള അയാളുടെ ഭവനത്തിൽ അടക്കം ചെയ്തു. 35രാജാവ് അയാൾക്കു പകരം യഹോയാദയുടെ പുത്രനായ ബെനായായെ സൈന്യാധിപനായും അബ്യാഥാരിന്റെ സ്ഥാനത്തു സാദോക്ക്പുരോഹിതനെയും നിയമിച്ചു.
ശിമെയിയുടെ മരണം
36രാജാവ് ശിമെയിയെ ആളയച്ചു വരുത്തി അയാളോടു പറഞ്ഞു: യെരൂശലേമിൽതന്നെ ഒരു വീടു പണിതു പാർത്തുകൊള്ളുക; നീ അവിടം വിട്ടു പോകരുത്; 37യെരൂശലേം വിട്ടു കിദ്രോൻതോടു കടക്കുന്ന ദിവസം നീ മരിക്കും; അങ്ങനെ സംഭവിച്ചാൽ അതിനുത്തരവാദി നീ തന്നെ ആയിരിക്കും.” 38“അങ്ങനെയാകട്ടെ, അങ്ങു കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം” ശിമെയി രാജാവിനോടു പറഞ്ഞു. അങ്ങനെ അവൻ കുറെക്കാലം യെരൂശലേമിൽ പാർത്തു.
39മൂന്നു വർഷത്തിനുശേഷം ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ പുത്രനും ഗത്തിലെ രാജാവുമായ ആഖീശിന്റെ അടുക്കലേക്ക് ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി. 40അയാൾ അടിമകളെ അന്വേഷിച്ചു കഴുതപ്പുറത്തു കയറി ഗത്തിൽ ആഖീശിന്റെ അടുക്കൽ ചെന്നു. അവിടെനിന്ന് അയാൾ അടിമകളെ കൂട്ടിക്കൊണ്ടുവന്നു. 41ശിമെയി ഗത്തിൽ പോയി തിരിച്ചുവന്ന വിവരം ശലോമോൻ അറിഞ്ഞു. 42ഉടനെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി പറഞ്ഞു: “യെരൂശലേം വിട്ടുപോകുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ നിന്നെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചിരുന്നതല്ലേ? അതു ലംഘിച്ചാൽ നീ മരിക്കേണ്ടിവരും എന്നു മുന്നറിയിപ്പു നല്‌കുകയും, അങ്ങനെ ആകട്ടെ എന്ന് നീ സമ്മതിക്കുകയും ചെയ്തിരുന്നല്ലോ. 43പിന്നെന്തുകൊണ്ട് സർവേശ്വരന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചു? നീ എന്റെ കല്പന അനുസരിക്കാഞ്ഞത് എന്ത്? 44എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകൾ എന്തെല്ലാമെന്നു നിനക്കറിയാമല്ലോ. അതുകൊണ്ട് സർവേശ്വരന്റെ ശിക്ഷ നീ അനുഭവിക്കണം. 45സർവേശ്വരനാൽ ഞാൻ അനുഗൃഹീതനാകും; ദാവീദിന്റെ സിംഹാസനം അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കും.” 46പിന്നീട് യഹോയാദയുടെ പുത്രൻ ബെനായാ രാജാവിന്റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക