1 CHRONICLE 21
21
ദാവീദ് ജനസംഖ്യ എടുക്കുന്നു
(2 ശമൂ. 24:1-25)
1സാത്താൻ ഇസ്രായേലിനെതിരെ തിരിഞ്ഞ് അവരുടെ ജനസംഖ്യ എടുക്കാൻ ദാവീദിനെ പ്രേരിപ്പിച്ചു. 2ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: “നിങ്ങൾ പോയി ബേർ-ശേബമുതൽ ദാൻവരെയുള്ള സർവ ഇസ്രായേല്യരുടെയും ജനസംഖ്യയെടുക്കുക. അവരുടെ സംഖ്യ എനിക്ക് അറിയണം.” 3യോവാബ് പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ. എന്റെ യജമാനനായ രാജാവേ, അവരെല്ലാം അവിടുത്തെ ദാസന്മാരാണല്ലോ; പിന്നെ എന്തിന് അവിടുന്ന് ഇതാവശ്യപ്പെടുന്നു? ഇസ്രായേലിന്റെമേൽ എന്തിന് ഈ അപരാധം വരുത്തിവയ്ക്കുന്നു?” 4യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അയാൾ ഇസ്രായേൽ മുഴുവൻ ചുറ്റി സഞ്ചരിച്ചശേഷം യെരൂശലേമിൽ മടങ്ങിവന്നു. 5യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. അതനുസരിച്ചു പതിനൊന്നു ലക്ഷം യോദ്ധാക്കൾ ഇസ്രായേലിലും നാലുലക്ഷത്തി എഴുപതിനായിരം യോദ്ധാക്കൾ യെഹൂദ്യയിലും ഉണ്ടായിരുന്നു. 6രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാൽ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
7ദൈവത്തിന് ഇത് അനിഷ്ടമായിരുന്നതിനാൽ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു. 8ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ ഈ കാര്യം ചെയ്കയാൽ വലിയ പാപം ചെയ്തുപോയി; അടിയനോടു ക്ഷമിക്കണമേ; വലിയ ഭോഷത്തമാണ് ഞാൻ ചെയ്തത്.” 9സർവേശ്വരൻ ദാവീദിന്റെ പ്രവാചകനായ ഗാദിനോടു അരുളിച്ചെയ്തു: 10“ദാവീദിനോടു പറയുക: “ഞാൻ പറയുന്ന മൂന്നു കാര്യങ്ങളിൽ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാൻ നിന്നോടു പ്രവർത്തിക്കും.” 11ഗാദ് ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിനക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. 12ഒന്നുകിൽ മൂന്നു വർഷത്തെ ക്ഷാമം; അല്ലെങ്കിൽ നിന്റെ ശത്രുക്കളുടെ മൂന്നു മാസത്തെ ആക്രമണവും സമൂലനാശവും; അതുമല്ലെങ്കിൽ മൂന്നു ദിവസത്തേക്കു സർവേശ്വരന്റെ വാൾകൊണ്ടുള്ള സംഹാരം. ഈ മൂന്നു നാളുകളിൽ ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ സർവേശ്വരന്റെ ദൂതൻ മഹാമാരിയാകുന്ന വാൾകൊണ്ട് സംഹാരം നടത്തും. എന്നെ അയച്ചവന് എന്തു മറുപടി കൊടുക്കണമെന്നു തീരുമാനിക്കുക.” 13ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമസന്ധിയിൽപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളിൽ വീഴുന്നതിനെക്കാൾ സർവേശ്വരന്റെ കരങ്ങളിൽ വീഴുന്നതാണു ഭേദം. അവിടുത്തെ കാരുണ്യം വളരെ വലുതാണല്ലോ.”
14സർവേശ്വരൻ ഇസ്രായേലിൽ ഒരു മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യർ മരിച്ചുവീണു. 15യെരൂശലേമിനെ നശിപ്പിക്കാൻ ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോൾ സർവേശ്വരൻ മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്റെ കരം പിൻവലിക്കുക.” അവിടുത്തെ ദൂതൻ അപ്പോൾ യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിനടുത്തു നില്ക്കുകയായിരുന്നു.
16ദാവീദ് ശിരസ്സുയർത്തി നോക്കിയപ്പോൾ സർവേശ്വരന്റെ ദൂതൻ യെരൂശലേമിനെതിരെ വാളുയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തിനും ഭൂമിക്കും മധ്യേ നില്ക്കുന്നതു കണ്ടു. ഉടൻതന്നെ ദാവീദും ജനനേതാക്കളും ചാക്കുടുത്ത് സാഷ്ടാംഗം വീണു. 17ദാവീദു ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ജനസംഖ്യ എടുക്കാൻ കല്പിച്ചതു ഞാനല്ലയോ? തെറ്റു ചെയ്ത പാപി ഞാനാണ്. സാധുക്കളായ ഈ ജനം എന്തു തെറ്റു ചെയ്തു? എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ കരം എനിക്കും എന്റെ പിതൃഭവനത്തിനും എതിരായിക്കൊള്ളട്ടെ; അവിടുത്തെ ജനത്തെ ഈ മഹാമാരിയിൽനിന്നു മോചിപ്പിക്കണമേ.”
18സർവേശ്വരന്റെ ദൂതൻ ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ചെന്ന് അവിടെ സർവേശ്വരനു ഒരു യാഗപീഠം പണിയാൻ ദാവീദിനോടു പറയണം.” 19സർവേശ്വരന്റെ നാമത്തിൽ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി. 20ഒർന്നാൻ കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോൾ സർവേശ്വരന്റെ ദൂതനെ കണ്ടു; അപ്പോൾ അയാൾ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു. 21ദാവീദു വരുന്നതു കണ്ടപ്പോൾ മെതിക്കളത്തിൽനിന്നു ഒർന്നാൻ പുറത്തുവന്ന് അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
22ദാവീദ് ഒർന്നാനോടു പറഞ്ഞു: “സർവേശ്വരന് ഒരു യാഗപീഠം പണിയാൻ ഈ മെതിക്കളം എനിക്കു നല്കണം. അതിന്റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തിൽനിന്നു മഹാമാരി ഒഴിഞ്ഞുപോകാൻ അതാവശ്യമാണ്.”
23ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവർത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാൻ നല്കുന്നു. ഇതാ, ഇവയെല്ലാം ഞാൻ തരുന്നു.” 24ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാൻ മുഴുവൻ വിലയും നല്കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സർവേശ്വരനുവേണ്ടി ഞാൻ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാൻ ഹോമയാഗം അർപ്പിക്കുകയില്ല.” 25ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെൽ സ്വർണം ഒർന്നാനു കൊടുത്തു. 26ദാവീദ് അവിടെ സർവേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേൽ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു. 27സർവേശ്വരന്റെ കല്പനയനുസരിച്ച് ദൂതൻ വാൾ ഉറയിൽ ഇട്ടു.
28യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽവച്ചു സർവേശ്വരൻ തന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളർപ്പിച്ചു. 29മോശ മരുഭൂമിയിൽ വച്ചുണ്ടാക്കിയ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു. 30സർവേശ്വരദൂതന്റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്റെ അരുളപ്പാടു ചോദിക്കാൻ ദാവീദിനു കഴിഞ്ഞില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 CHRONICLE 21: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.