1 CHRONICLE 20

20
രബ്ബാ പിടിച്ചടക്കുന്നു
(2 ശമൂ. 12:26-31)
1രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള അടുത്ത വസന്തകാലത്ത്, യോവാബ് സൈന്യത്തോടുകൂടി പുറപ്പെട്ട് അമ്മോന്യരുടെ രാജ്യം ആക്രമിക്കുകയും രബ്ബാനഗരം വളയുകയും ചെയ്തു. ദാവീദ് യെരൂശലേമിൽതന്നെ പാർത്തു. യോവാബ് രബ്ബാ ആക്രമിച്ചു നശിപ്പിച്ചു. 2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അയാളുടെ തലയിൽ നിന്നെടുത്തു. അത് ഒരു താലന്ത് സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. വിലയേറിയ ഒരു രത്നവും അതിൽ പതിച്ചിരുന്നു. അതു ദാവീദ് തന്റെ ശിരസ്സിലണിഞ്ഞു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലുകളും ദാവീദ് കൊണ്ടുപോയി. 3അവിടെയുള്ള ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയോഗിച്ചു. അമ്മോന്യരുടെ സകല പട്ടണങ്ങളിലും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും കൂടെയുള്ള ജനവും യെരൂശലേമിലേക്കു മടങ്ങി.
ഫെലിസ്ത്യമല്ലന്മാരുമായുള്ള യുദ്ധങ്ങൾ
(2 ശമൂ. 21:15-22)
4പിന്നീട് ഗേസെരിൽവച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതിൽ #20:4 മല്ലന്മാരുടെ = രെഫായീമുകളുടെ.മല്ലന്മാരുടെ പിൻതലമുറക്കാരിൽ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യർ കീഴടങ്ങുകയും ചെയ്തു.
5ഫെലിസ്ത്യരുമായി പിന്നെയും യുദ്ധമുണ്ടായപ്പോൾ യായീരിന്റെ മകൻ എൽഹാനാൻ, ഗിത്യനായ ഗോല്യാത്തിന്റെ സഹോദരൻ ലഹ്‍മിയെ വധിച്ചു. അയാളുടെ കുന്തത്തിന്റെ പിടി നെയ്ത്തുതടിപോലെ വലുപ്പമുള്ളതായിരുന്നു.
6ഗത്തിൽവച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീർഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകൾ ഓരോന്നിലും ആറുവിരൽ വീതം അയാൾക്ക് ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തിൽപ്പെട്ടിരുന്നു. 7അയാൾ ഇസ്രായേലിനെ ധിക്കരിച്ചു സംസാരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ പുത്രൻ യോനാഥാൻ അയാളെ വധിച്ചു.
8ഗത്തിലെ മല്ലന്മാരുടെ പിൻതലമുറക്കാരായിരുന്ന ഇവർ ദാവീദിന്റെയും അനുയായികളുടെയും കൈകളാൽ കൊല്ലപ്പെട്ടു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 20: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക