പിന്നീട് ദാവീദുരാജാവ് അകത്തു പോയി സർവേശ്വരസന്നിധിയിൽ പ്രാർഥിച്ചു. സർവേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയിൽ എത്തിക്കത്തക്കവിധം ഞാൻ ആരാണ്? എന്റെ ഭവനത്തിന് എന്തു മേന്മ? ദൈവമേ, അവിടുത്തേക്ക് ഇതൊരു നിസ്സാരകാര്യമാണ്. ഈ ദാസന്റെ കുടുംബത്തിന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവിടുന്നു വെളിപ്പെടുത്തി; വരാനിരിക്കുന്ന തലമുറകളെ എനിക്കു കാണിച്ചുതന്നു. അവിടുത്തെ ദാസനെ അവിടുന്നു ബഹുമാനിച്ച വിധത്തെപ്പറ്റി ഇനി എന്താണു പറയാനുള്ളത്? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ. സർവേശ്വരാ, ഈയുള്ളവനെ ഓർത്ത് അവിടുത്തെ ഹിതമനുസരിച്ച് ഈ വൻകാര്യങ്ങളെല്ലാം അവിടുന്നു പ്രവർത്തിച്ചു; അവിടുന്ന് അവ പ്രസിദ്ധമാക്കുകയും ചെയ്തു. അവിടുത്തെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടില്ല; അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. അവിടുന്ന് ഈജിപ്തിൽനിന്നു വീണ്ടെടുത്ത് സ്വന്തജനമാക്കിയ ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവർ മുമ്പോട്ടു നീങ്ങിയപ്പോൾ അദ്ഭുതകരവും ഭീതിജനകവുമായ പ്രവൃത്തികൾ ചെയ്ത് മറ്റു ജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കി; അങ്ങനെ അവിടുന്ന് മഹത്ത്വം ആർജിച്ചു. സർവേശ്വരാ, സദാകാലത്തേക്കും അവിടുത്തെ ജനമായിരിക്കാൻ അവിടുന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തു. അവിടുന്ന് അവരുടെ ദൈവമായിത്തീർന്നു. “അതുകൊണ്ടു സർവേശ്വരാ, അടിയനെയും അടിയന്റെ കുടുംബത്തെയും പറ്റി അവിടുന്ന് അരുളിച്ചെയ്ത വചനം എന്നേക്കും നിലനില്‌ക്കട്ടെ; അവയെല്ലാം അവിടുന്നു നിറവേറ്റണമേ. സർവശക്തനായ സർവേശ്വരൻ ഇസ്രായേലിന്റെ ദൈവമാകുന്നു; അവിടുത്തെ നാമം എന്നേക്കും നിലനില്‌ക്കുകയും മഹത്ത്വപ്പെടുകയും ചെയ്യും. അവിടുത്തെ ദാസനായ ദാവീദിന്റെ കുടുംബം തിരുമുമ്പാകെ സുസ്ഥിരമായിരിക്കും. എന്റെ ദൈവമേ, അവിടുത്തെ ദാസന്റെ ഭവനം നിലനിർത്തുമെന്ന് അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തിരുസന്നിധിയിൽ ഇങ്ങനെ പ്രാർഥിക്കാൻ അടിയനു ധൈര്യമുണ്ടായി. സർവേശ്വരാ, അവിടുന്നുതന്നെ ദൈവം; ഈ നല്ല കാര്യങ്ങൾ അവിടുത്തെ ദാസനു വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് തിരുവുള്ളമുണ്ടായി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കണമേ. അങ്ങനെ അത് തിരുമുമ്പിൽ എന്നേക്കും നിലനില്‌ക്കട്ടെ. സർവേശ്വരാ, അവിടുന്ന് അനുഗ്രഹിച്ചിട്ടുള്ളത് എന്നും അനുഗൃഹീതമായിരിക്കും.”
1 CHRONICLE 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 17:16-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ