1 CHRONICLE 13

13
പെട്ടകം കൊണ്ടുവരുന്നു
(2 ശമൂ. 6:1-11)
1ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു. 2പിന്നീട് ഇസ്രായേൽസഭ മുഴുവനോടും പറഞ്ഞു: “ഞാൻ പറയുന്നതു നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ സർവേശ്വരനു ഹിതവുമെങ്കിൽ ഇസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചിൽസ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി 3നമ്മുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ മടക്കിക്കൊണ്ടുവരണം. ശൗലിന്റെ കാലത്തു നാം അതിനെ അവഗണിച്ചു.” 4ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു. 5അങ്ങനെ ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോർമുതൽ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി. 6കെരൂബുകളുടെമേൽ സിംഹാസനാരൂഢനായിരിക്കുന്ന സർവേശ്വരന്റെ നാമം ഉള്ള ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി. 7അബീനാദാബിന്റെ ഭവനത്തിൽനിന്നു ദൈവത്തിന്റെ പെട്ടകം എടുത്ത് അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്. 8ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമർപ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അവർ സർവശക്തിയോടുംകൂടി ദൈവസന്നിധിയിൽ ഗാനങ്ങൾ ആലപിച്ചു. 9അവർ കീദോൻ മെതിക്കളത്തിനു സമീപം എത്തിയപ്പോൾ കാളയുടെ കാലിടറിയതിനാൽ പെട്ടകം താങ്ങിപ്പിടിക്കാൻ ഉസ്സ കൈ നീട്ടി. 10അപ്പോൾ സർവേശ്വരന്റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാൻ ഒരുങ്ങിയതുകൊണ്ട് അവൻ ദൈവസന്നിധിയിൽ മരിച്ചുവീണു. 11ഉസ്സയെ സർവേശ്വരൻ ശിക്ഷിച്ചതിനാൽ ദാവീദിനു കോപം ഉണ്ടായി; ആ സ്ഥലം #13:11 പേരെസ്-ഉസ്സ = ഉസ്സായുടെമേൽ ശിക്ഷ.പേരെസ്-ഉസ്സ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.
12അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ കൂടെ കൊണ്ടുപോകും?” 13അതിനാൽ പെട്ടകം ദാവീദിന്റെ പട്ടണത്തിലേക്കു കൊണ്ടുപോകാതെ ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിൽ കൊണ്ടുചെന്നു വച്ചു. 14ദൈവത്തിന്റെ പെട്ടകം മൂന്നുമാസം ഓബേദ്-എദോമിന്റെ ഭവനത്തിലായിരുന്നു. സർവേശ്വരൻ അയാളുടെ കുടുംബത്തെയും അയാൾക്കുള്ള സകലതിനെയും അനുഗ്രഹിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക