1 CHRONICLE 12

12
ദാവീദിന്റെ അനുയായികൾ
1കീശിന്റെ മകൻ ശൗൽ നിമിത്തം ദാവീദ് സിക്ലാഗിൽ ഒളിച്ചു പാർത്തിരുന്നപ്പോൾ ദാവീദിന്റെ പക്ഷം ചേർന്നു യുദ്ധത്തിൽ സഹായിച്ചവർ ഇവരാണ്. 2ഇരുകരങ്ങൾകൊണ്ടും കല്ലെറിയുവാനും അമ്പെയ്യുവാനും സമർഥരായ ഈ വീരന്മാർ ബെന്യാമീൻഗോത്രക്കാരും ശൗലിന്റെ വംശജരും ആയിരുന്നു. 3അവരുടെ നേതാവായിരുന്നു അഹീയേസെർ; രണ്ടാമൻ യോവാശ്; ഇവർ ഗിബെയാക്കാരനായ ശേമായയുടെ പുത്രന്മാരായിരുന്നു. അസ്മാവെത്തിന്റെ പുത്രന്മാരായ യെസീയേൽ, പേലെത്ത്, ബെരാഖാ; അനാഥോത്തിലെ യേഹൂ. 4“മുപ്പതു” പേരിൽ ധീരനും അവരുടെ നായകനുമായ ഗിബെയോന്യൻ ഇശ്മയാ, യിരെമ്യാ, യെഹസീയേൽ, യോഹാനാൻ, ഗെദേരാക്കാരൻ യോസാബാദ്, 5എലൂസായി, യെരീമോത്ത്, ബെയല്യാ, ശെമര്യാ, 6ഹരൂഫ്യനായ ശെഫത്യാ, കോരഹ്യരായ എല്‌ക്കാനാ, ഇശ്ശിയാ, അസരേൽ, 7യോവേസെർ, യശൊബെയാം, ഗെദോറിലെ യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാ.
ഗാദ്ഗോത്രത്തിൽ നിന്നുള്ളവർ
8മരുഭൂമിയിലെ ദുർഗത്തിൽ ദാവീദ് ഒളിച്ചു പാർക്കുമ്പോൾ ഗാദ്ഗോത്രത്തിൽപ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കൾ ദാവീദിന്റെ പക്ഷം ചേർന്നു. അവർ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതിൽ സമർഥരായിരുന്നു. അവർ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു. 9അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെർ, തുടർന്ന് ഓബദ്യാ, 10എലീയാബ്, മിശ്മന്നാ, യിരെമ്യാ, അത്തായ്, 11-12എലിയേൽ, യോഹാനാൻ, എൽസബാദ്, യിരെമ്യാ, മക്ബന്നായി. 13-14ഗാദ്ഗോത്രത്തിൽപ്പെട്ട ഈ സേനാപതികളിൽ ചെറിയവർ ശതാധിപന്മാരും വലിയവർ സഹസ്രാധിപന്മാരും ആയിരുന്നു. 15യോർദ്ദാൻനദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തിൽ നദി കടന്നു മറുകരയിലെത്തി താഴ്‌വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്.
ബെന്യാമീൻ, യെഹൂദാ ഗോത്രങ്ങളിൽ നിന്നുള്ളവർ
16ബെന്യാമീൻ, യെഹൂദാ ഗോത്രക്കാരായ ചിലർ ദാവീദ് വസിച്ചിരുന്ന ഗുഹയിൽ ചെന്നു. 17അവരെ സ്വീകരിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “സുഹൃത്തുക്കളെന്ന നിലയിൽ എന്നെ സഹായിക്കാനാണ് നിങ്ങൾ വരുന്നതെങ്കിൽ വരിക; നിങ്ങൾക്കു സ്വാഗതം. മറിച്ച്, നിർദ്ദോഷിയായ എന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണ് വരുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.” 18‘മുപ്പതു’ പേരുടെ തലവനായിത്തീർന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു:
“ദാവീദേ, ഞങ്ങൾ അങ്ങയുടെ പക്ഷത്താണ്!
യിശ്ശായിപുത്രാ, ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്!
സമാധാനം, അങ്ങേക്കു സമാധാനം
അങ്ങയുടെ സഹായികൾക്കും സമാധാനം,
ദൈവമാണല്ലോ അങ്ങയുടെ സഹായി.”
ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്റെ നായകന്മാരാക്കി.
മനശ്ശെഗോത്രത്തിൽ നിന്നുള്ളവർ
19ദാവീദ് ഫെലിസ്ത്യരോടു ചേർന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ മനശ്ശെഗോത്രത്തിൽപ്പെട്ട ചിലരും ദാവീദിന്റെ കൂടെ ചേർന്നു. എന്നാൽ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാർ തമ്മിൽ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്റെ യജമാനന്റെ പക്ഷത്തു വീണ്ടും ചേരും; നമ്മൾ അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവർ അവനെ മടക്കി അയച്ചു. 20ദാവീദ് സിക്ലാഗിൽ മടങ്ങിയെത്തിയപ്പോൾ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാർ അവനോടു ചേർന്നു. 21ധീരന്മാരും സേനാനായകന്മാരുമായ അവർ കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു. 22ദാവീദിനെ സഹായിക്കാൻ ദിനംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ വലുതായിത്തീർന്നു.
ദാവീദിന്റെ സൈന്യം
23സർവേശ്വരന്റെ കല്പനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിനു ലഭിക്കുന്നതിനുവേണ്ടി, യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അദ്ദേഹത്തിന്റെ അടുക്കൽവന്ന സേനാവിഭാഗങ്ങളുടെ കണക്ക്: 24പരിചയും കുന്തവുമെടുത്തു യുദ്ധംചെയ്യാൻ പ്രാപ്തരായ യെഹൂദ്യർ ആറായിരത്തി എണ്ണൂറ്. 25ശിമെയോന്യരിൽ യുദ്ധവീരന്മാർ ഏഴായിരത്തി ഒരുനൂറ്. 26ലേവ്യർ നാലായിരത്തിഅറുനൂറ്. 27അഹരോന്റെ വംശജരിൽ പ്രമുഖനായ യെഹോയാദയും, കൂടെ മൂവായിരത്തി എഴുനൂറു പേരും. 28പരാക്രമശാലിയും യുവാവുമായ സാദോക്കും അയാളുടെ കുടുംബത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാരും. 29ശൗലിന്റെ ചാർച്ചക്കാരും ബെന്യാമീൻഗോത്രത്തിൽപ്പെട്ടവരുമായ മൂവായിരം പേർ. അവരിൽ ഭൂരിഭാഗവും അതുവരെ ശൗലിന്റെ കുടുംബത്തിന്റെ കൂടെ ആയിരുന്നു. 30എഫ്രയീംഗോത്രത്തിൽനിന്ന് ഇരുപതിനായിരത്തി എണ്ണൂറു പേർ; അവർ വീരപരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരുമായിരുന്നു. 31മനശ്ശെയുടെ പകുതി ഗോത്രക്കാർ പതിനെണ്ണായിരം പേർ; ദാവീദിനെ രാജാവായി വാഴിക്കുന്നതിന് ഇവരെ ആയിരുന്നു നിയോഗിച്ചത്. 32ഇസ്സാഖാർഗോത്രത്തിൽനിന്ന് ഇരുനൂറു നേതാക്കന്മാരും അവരുടെ നിയന്ത്രണത്തിലുള്ള ജനങ്ങളും. ഇവർ ജ്ഞാനികളും ഇസ്രായേൽ കാലാകാലങ്ങളിൽ എന്താണു ചെയ്യേണ്ടതെന്ന് അറിവുള്ളവരും ആയിരുന്നു. 33സെബൂലൂൻഗോത്രത്തിൽനിന്നു വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അമ്പതിനായിരം പേർ; സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിൽ അവർക്കു പരിശീലനം ലഭിച്ചിരുന്നു. 34നഫ്താലിഗോത്രത്തിൽനിന്ന് ആയിരം നേതാക്കന്മാരും പരിചയും കുന്തവും ധരിച്ച മുപ്പത്തി ഏഴായിരം പേരും. 35ദാൻഗോത്രത്തിൽനിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ. 36ആശേർഗോത്രത്തിൽനിന്നു യുദ്ധസന്നദ്ധരായ നാല്പതിനായിരം പേർ. 37യോർദ്ദാന്റെ കിഴക്കേ കരയിൽ നിന്നു രൂബേൻ, ഗാദ് ഗോത്രങ്ങളിലും മനശ്ശെയുടെ പകുതിഗോത്രത്തിലുംനിന്നു സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിനു പരിശീലനം ലഭിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേർ.
38ദാവീദിനെ മുഴുവൻ ഇസ്രായേലിന്റെയും രാജാവായി വാഴിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു പോയി; ഇസ്രായേലിലെ മറ്റു ജനങ്ങളും ദാവീദിനെ രാജാവാക്കുന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. 39തങ്ങളുടെ ചാർച്ചക്കാർ തയ്യാറാക്കിയിരുന്ന ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊണ്ട് അവർ മൂന്നു ദിവസം ദാവീദിന്റെ കൂടെ പാർത്തു. 40സമീപസ്ഥരും രാജ്യത്തിന്റെ വടക്കുഭാഗത്തു വസിച്ചിരുന്ന ഇസ്സാഖാർ, സെബൂലൂൻ, നഫ്താലിഗോത്രങ്ങളിൽപ്പെട്ട ജനങ്ങളും കഴുത, ഒട്ടകം, കോവർകഴുത, കാള ഇവയുടെമേൽ കയറ്റി ഭക്ഷണപദാർഥങ്ങൾ ധാരാളമായി കൊണ്ടുവന്നു. അവർ കൊണ്ടുവന്ന മാവ്, അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ എന്നീ സാധനങ്ങളും കാള, ആട് എന്നിവയും ഇസ്രായേൽജനത്തിന്റെ ആഹ്ലാദത്തിന്റെ സൂചകമായിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക