GENESIS 17
17
പരിച്ഛേദനം
1സർവേശ്വരൻ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാൻ സർവശക്തനായ ദൈവമാകുന്നു. നീ എന്റെ സാന്നിധ്യത്തിൽ ജീവിച്ച് കുറ്റമറ്റവനായിരിക്കുക. 2നീയുമായി ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാൻ നല്കും.” 3അപ്പോൾ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. 4ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും. 5നിന്റെ പേര് ഇനിമേൽ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാൽ നിന്റെ പേര് ഇനി അബ്രഹാം എന്നായിരിക്കും. 6ഞാൻ നിന്നെ സന്താനപുഷ്ടി ഉള്ളവനാക്കും. അനേകം ജനതകൾ നിന്നിൽനിന്നുണ്ടാകും. അവരിൽനിന്നു രാജാക്കന്മാരും ഉയർന്നുവരും. 7ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിർത്തും. നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാൻ ദൈവമായിരിക്കും. 8ഞാൻ നിനക്കും അവർക്കും നീ ഇപ്പോൾ വന്നുപാർക്കുന്ന കനാൻദേശം മുഴുവൻ സ്ഥിരാവകാശമായി നല്കും. ഞാൻ അവരുടെ ദൈവവുമായിരിക്കും.” 9ദൈവം അബ്രഹാമിനോടു വീണ്ടും അരുളിച്ചെയ്തു: “നീയും നിന്റെ ഭാവിതലമുറകളും ഈ ഉടമ്പടി പാലിക്കണം. 10നീയും നിന്റെ സന്താനപരമ്പരകളും അനുസരിക്കേണ്ട ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏല്ക്കണം. 11ഈ അഗ്രചർമഛേദനം നാം തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആയിരിക്കും. 12നിന്റെ ഭവനത്തിൽ ജനിച്ചവനെന്നോ അന്യനിൽനിന്നു വിലയ്ക്കു വാങ്ങിയവനെന്നോ ഉള്ള ഭേദം കൂടാതെ നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം എട്ടാം ദിവസം പരിച്ഛേദനം ഏല്ക്കണം. 13ഭവനത്തിൽ ജനിച്ചവനും നീ വിലയ്ക്കുവാങ്ങിയവനും പരിച്ഛേദനം ഏറ്റേ തീരൂ. അങ്ങനെ എന്റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തിൽ ശാശ്വതമായ ഒരു അടയാളമായിരിക്കും. 14നിങ്ങളിൽ ആരെങ്കിലും പരിച്ഛേദനം ഏല്ക്കാതെയിരുന്നാൽ അയാളെ ഉടമ്പടി ലംഘനത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നു പുറത്താക്കണം.”
15ദൈവം പിന്നെയും അബ്രഹാമിനോട് അരുളിച്ചെയ്തു: “നിന്റെ ഭാര്യയെ ഇനിമേൽ സാറായി എന്നല്ല ‘സാറാ’ എന്നാണു വിളിക്കേണ്ടത്. 16ഞാൻ അവളെ അനുഗ്രഹിക്കും. അവളിൽനിന്ന് ഞാൻ നിനക്ക് ഒരു മകനെ നല്കും. അവൾ അനേകം ജനതകളുടെ മാതാവായിത്തീരും. രാജാക്കന്മാരും അവളിൽനിന്നു ജനിക്കും.” 17അബ്രഹാം സാഷ്ടാംഗം പ്രണമിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം ചിന്തിച്ചു: “നൂറു വയസ്സായ എനിക്ക് ഇനി ഒരു സന്തതി ഉണ്ടാകുമെന്നോ? തൊണ്ണൂറു വയസ്സായ എന്റെ ഭാര്യ സാറാ ഇനി ഗർഭിണിയാകുമോ?”
18അബ്രഹാം ദൈവത്തോടു പറഞ്ഞു: “അങ്ങനെയെങ്കിൽ തിരുമുമ്പിൽ ഇശ്മായേൽ ജീവിച്ചിരിക്കട്ടെ.” 19എന്നാൽ ദൈവം അരുളിച്ചെയ്തു: “അല്ല, സാറാതന്നെ നിനക്ക് ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ‘ഇസ്ഹാക്ക്’ എന്നു വിളിക്കണം. അവന്റെ ഭാവിതലമുറകൾക്കുവേണ്ടി സ്ഥിരമായ ഒരു ഉടമ്പടി അവനുമായി ഞാൻ സ്ഥാപിക്കും. 20ഇശ്മായേലിനെ സംബന്ധിച്ചുള്ള നിന്റെ അപേക്ഷ ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിക്കും; ഞാൻ അവനെ സന്താനപുഷ്ടിയുള്ളവനാക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാർക്കു പിതാവായിത്തീരും. ഞാൻ അവനിൽനിന്ന് ഒരു വലിയ ജനതയെ ഉളവാക്കും. 21എന്നാൽ അടുത്തവർഷം ഇതേ കാലത്ത് സാറാ പ്രസവിക്കുന്ന നിന്റെ പുത്രൻ ഇസ്ഹാക്കുമായിട്ടായിരിക്കും ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കുക.” 22അബ്രഹാമുമായുള്ള സംഭാഷണം തീർന്നപ്പോൾ ദൈവം അദ്ദേഹത്തെ വിട്ടുപോയി. 23അന്നുതന്നെ അബ്രഹാം പുത്രനായ ഇശ്മായേലിനെയും, സ്വഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങപ്പെട്ടവരുമായ അടിമകളും ഉൾപ്പെടെ തന്റെ ഭവനത്തിലെ എല്ലാ പുരുഷപ്രജകളെയും ദൈവം കല്പിച്ചതുപോലെ പരിച്ഛേദനം ചെയ്തു. 24-25പരിച്ഛേദനം ഏറ്റപ്പോൾ അബ്രഹാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സും ഇശ്മായേലിനു പതിമൂന്നു വയസ്സുമായിരുന്നു. 26-27ഒരേ ദിവസം തന്നെയാണ് അബ്രഹാമും ഇശ്മായേലും അബ്രഹാമിന്റെ ഭവനത്തിൽ ജനിച്ചവരും പരദേശികളിൽനിന്നു വിലയ്ക്കു വാങ്ങിയവരും ഉൾപ്പെടെ അദ്ദേഹത്തിന്റെ ഭവനത്തിലുള്ള എല്ലാവരും പരിച്ഛേദനം ഏറ്റത്.
Tans Gekies:
GENESIS 17: malclBSI
Kleurmerk
Deel
Kopieer
Wil jy jou kleurmerke oor al jou toestelle gestoor hê? Teken in of teken aan
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.