GENESIS 16
16
ഹാഗാറും ഇശ്മായേലും
1അബ്രാമിന്റെ ഭാര്യയായ സാറായിക്ക് ഇതുവരെ മക്കളുണ്ടായില്ല. അവൾക്കു ഹാഗാർ എന്ന ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു. 2സാറായി അബ്രാമിനോടു പറഞ്ഞു: “സർവേശ്വരൻ എനിക്കു സന്താനഭാഗ്യം നല്‌കിയില്ല. അങ്ങ് എന്റെ ദാസിയെ പ്രാപിക്കുക. അവളിൽനിന്ന് എനിക്കു മക്കളെ ലഭിച്ചേക്കും.” സാറായിയുടെ ഉപദേശം അബ്രാം സ്വീകരിച്ചു. 3കനാൻദേശത്ത് വാസം തുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴാണു സാറായി തന്റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭർത്താവിന് ഉപഭാര്യയായി നല്‌കിയത്. 4അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി; താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾമുതൽ അവൾ യജമാനത്തിയെ നിന്ദിക്കാൻ തുടങ്ങി. 5സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതൽ അവൾ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മിൽ ആരുടേതെന്നു സർവേശ്വരൻ വിധിക്കട്ടെ.” 6അബ്രാം പറഞ്ഞു: “നിന്റെ ദാസി നിന്റെ അധികാരത്തിൻ കീഴിൽത്തന്നെയാണ്. നിന്റെ ഇഷ്ടംപോലെ അവളോടു വർത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവൾ അവിടെനിന്ന് ഓടിപ്പോയി. 7മരുഭൂമിയിൽ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്റെ അരികിൽവച്ച് സർവേശ്വരന്റെ ദൂതൻ അവളെ കണ്ടു. 8ദൂതൻ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവൾ പറഞ്ഞു: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്നു ഓടിപ്പോവുകയാണ്.” 9ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവൾക്കു കീഴ്പെട്ടിരിക്കുക. 10നിന്റെ സന്തതികളെ എണ്ണിയാൽ തീരാത്തവിധം ഞാൻ വർധിപ്പിക്കും. 11ഇപ്പോൾ നീ ഗർഭിണിയാണ്. നിനക്കു ഒരു മകൻ ജനിക്കും. സർവേശ്വരൻ നിന്റെ രോദനം കേട്ടതിനാൽ അവന് #16:11 ഇശ്മായേൽ = ദൈവം കേൾക്കുന്നു. ഇശ്മായേൽ എന്നു പേരിടണം. 12അവൻ ഒരു കാട്ടുകഴുതയ്‍ക്കു സമനായിരിക്കും. അവൻ സകല മനുഷ്യർക്കും എതിരായും എല്ലാവരും അവന് എതിരായും പൊരുതും. സകല ചാർച്ചക്കാരിൽനിന്നും അവൻ അകന്നു ജീവിക്കും.” 13“എന്നെ കാണുന്നവനായ ദൈവത്തെ ഞാൻ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാർ തന്നോടു സംസാരിച്ച സർവേശ്വരനെ #16:13 എൽറോയി = കാണുന്നവനായ ദൈവം.എൽറോയി എന്നു വിളിച്ചു. 14അതുകൊണ്ടു കാദേശിനും ബേരെദിനും ഇടയ്‍ക്കുള്ള ആ കിണറിനു #16:14 ബേർ-ലഹയീ-രോയീ = എന്നെ കാണുന്ന, ജീവിക്കുന്ന ദൈവത്തിന്റെ കിണർ.ബേർ-ലഹയീ-രോയീ എന്നു പേരുണ്ടായി. 15ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. അബ്രാം അവനു ഇശ്മായേൽ എന്നു പേരു നല്‌കി. 16ഇശ്മായേൽ ജനിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.
Tans Gekies:
GENESIS 16: malclBSI
Kleurmerk
Deel
Kopieer
Wil jy jou kleurmerke oor al jou toestelle gestoor hê? Teken in of teken aan
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.