GENESIS 18

18
പുത്രനെ വാഗ്ദാനം ചെയ്യുന്നു
1മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സർവേശ്വരൻ അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അബ്രഹാം കൂടാരവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. 2അദ്ദേഹം തല ഉയർത്തി നോക്കിയപ്പോൾ മൂന്ന് ആളുകൾ തനിക്കെതിരെ നില്‌ക്കുന്നതു കണ്ടു. ഉടനെ അവരെ സ്വീകരിക്കാൻ കൂടാരവാതില്‌ക്കൽനിന്ന് ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: 3“യജമാനന്മാരേ, നിങ്ങൾ എന്നിൽ പ്രസാദിക്കുന്നെങ്കിൽ ഈ ദാസനെ കടന്നുപോകരുതേ. ഞാൻ കുറച്ച് വെള്ളം കൊണ്ടുവരട്ടെ. 4കാലുകഴുകി ഈ മരത്തണലിൽ വിശ്രമിച്ചാലും; കുറെ അപ്പവും കൊണ്ടുവരാം. 5ക്ഷീണം ശമിച്ചിട്ട് യാത്ര തുടരാം. ഈ ദാസന്റെ അടുത്ത് നിങ്ങൾ എത്തിയിരിക്കുകയാണല്ലോ.” “ശരി അങ്ങനെ ആകട്ടെ” എന്ന് അവർ പറഞ്ഞു. 6അബ്രഹാം നേരെ കൂടാരത്തിൽ ചെന്നു സാറായോടു പറഞ്ഞു: “വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.” 7പിന്നീട് തൊഴുത്തിലേക്ക് ഓടി, കൊഴുത്തു തടിച്ച ഒരു കാളക്കുട്ടിയെ പിടിച്ച് ഭൃത്യനെ ഏല്പിച്ചു. അവൻ അതിനെ പെട്ടെന്ന് പാകപ്പെടുത്തി. 8അബ്രഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവർക്കു വിളമ്പി. അവർ ഭക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരത്തണലിൽ അവരെ പരിചരിച്ചുകൊണ്ടു നിന്നു. 9“നിന്റെ ഭാര്യ സാറാ എവിടെ” എന്ന് അവർ ചോദിച്ചു. “അവൾ കൂടാരത്തിലുണ്ട്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 10അവരിൽ ഒരുവൻ: “അടുത്ത വർഷം ഈ സമയം ഞാൻ ഇവിടെ തീർച്ചയായും മടങ്ങിവരും. അപ്പോൾ നിന്റെ ഭാര്യ സാറായ്‍ക്ക് ഒരു പുത്രൻ ജനിച്ചിരിക്കും.” സാറാ അദ്ദേഹത്തിന്റെ പിമ്പിൽ കൂടാരവാതില്‌ക്കൽ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു നിന്നിരുന്നു. 11അബ്രഹാമും സാറായും വയോവൃദ്ധരായിരുന്നു. സാറായ്‍ക്ക് ആർത്തവം നിലയ്‍ക്കുകയും ചെയ്തിരുന്നു. 12അതുകൊണ്ടു സാറാ ഉള്ളിൽ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ വൃദ്ധയായി; എന്റെ ഭർത്താവും വൃദ്ധനാണ്. ഇനി എനിക്കു സുഖഭോഗമുണ്ടാകുമെന്നോ?” 13സർവേശ്വരൻ അബ്രഹാമിനോടു ചോദിച്ചു: “വൃദ്ധയായ എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ എന്നു പറഞ്ഞ് സാറാ ഉള്ളിൽ ചിരിച്ചതെന്ത്? 14സർവേശ്വരന് അസാധ്യമായത് എന്തെങ്കിലുമുണ്ടോ? പറഞ്ഞതുപോലെ അടുത്ത വർഷം നിശ്ചിതസമയത്ത് ഞാൻ തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും.” 15സാറാ ഭയപ്പെട്ട് “ഞാൻ ചിരിച്ചില്ല” എന്നു പറഞ്ഞു. “അല്ല നീ ചിരിക്കുക തന്നെ ചെയ്തു” എന്ന് അവിടുന്ന് പറഞ്ഞു.
സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു
16ആ അതിഥികൾ അവിടെനിന്നു പുറപ്പെട്ട് സൊദോമിലേക്കുള്ള വഴിക്കു തിരിഞ്ഞു. യാത്ര അയയ്‍ക്കാൻ അബ്രഹാം അവരുടെകൂടെ പോയി. 17സർവേശ്വരൻ ചിന്തിച്ചു: “ഞാൻ ചെയ്യാൻ പോകുന്നത് അബ്രഹാമിൽനിന്നു മറച്ചുവയ്‍ക്കണമോ? 18അവന്റെ സന്തതി വലുതും ശക്തവുമായ ഒരു ജനതയായിത്തീരും. അവനിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. 19ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ വഴിയിൽ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കർഷിക്കാനാണ് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.” 20സർവേശ്വരൻ അരുളിച്ചെയ്തു: “സൊദോമിനും ഗൊമോറായ്‍ക്കും എതിരായുള്ള ആവലാതി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതു വലുതും അവരുടെ പാപം അതിഭയങ്കരവുമാകുന്നു. 21ആ ആവലാതിയെക്കുറിച്ച് നേരിട്ടന്വേഷിച്ച് ബോധ്യപ്പെടാൻ ഞാൻ അവിടേക്ക് പോകുകയാണ്.” 22അവർ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാൽ അബ്രഹാം സർവേശ്വരന്റെ സന്നിധിയിൽതന്നെ നിന്നു. 23അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? 24ആ നഗരത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെന്നിരിക്കട്ടെ. എങ്കിൽ അവർ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ? 25ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സർവലോകത്തിന്റെയും വിധികർത്താവായ ദൈവം നീതി പ്രവർത്തിക്കാതിരിക്കുമോ?” 26സർവേശ്വരൻ അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമിൽ കണ്ടെത്തിയാൽ അവർ നിമിത്തം ആ പട്ടണത്തെ ഞാൻ രക്ഷിക്കും.”
27അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാൻ സർവേശ്വരനോടു സംസാരിക്കുവാൻ മുതിർന്നല്ലോ; 28ഒരുവേള അമ്പതു നീതിമാന്മാരിൽ അഞ്ചു പേർ കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാൽ ഞാൻ അതിനെ നശിപ്പിക്കുകയില്ല.” 29അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു. 30അബ്രഹാം പറഞ്ഞു: “സർവേശ്വരാ, ഞാൻ ഇങ്ങനെ സംസാരിക്കുന്നതിൽ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കിൽ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. 31അബ്രഹാം തുടർന്നു പറഞ്ഞു: “സർവേശ്വരനോടു സംസാരിക്കാൻ ഞാൻ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. 32“സർവേശ്വരാ, കോപിക്കരുതേ, ഞാൻ ഒരിക്കൽക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാൽ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേർ നിമിത്തം ഞാൻ അതിനെ നശിപ്പിക്കയില്ല.” 33അബ്രഹാമിനോടു സംസാരിച്ചുതീർന്നപ്പോൾ സർവേശ്വരൻ അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി.

Kleurmerk

Deel

Kopieer

None

Wil jy jou kleurmerke oor al jou toestelle gestoor hê? Teken in of teken aan