യോഹ. 15

15
സാക്ഷാൽ മുന്തിരിവള്ളിയും കൊമ്പുകളും
1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു. 2എന്നിലുള്ള കൊമ്പുകളിൽ ഫലം കായ്ക്കാത്തതിനെ ഒക്കെയും അവൻ നീക്കിക്കളയുന്നു; ഫലം കായ്ക്കുന്നതിനെ ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു. 3ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. 4എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല.
5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴിയുകയില്ല. 6ആരെങ്കിലും എന്നിൽ വസിക്കാതിരുന്നാൽ അവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; മനുഷ്യർ ആ കൊമ്പുകൾ ചേർത്ത് തീയിലേക്ക് എറിയുകയും; അത് വെന്തുപോകുകയും ചെയ്യുന്നു. 7നിങ്ങൾ എന്നിലും എന്‍റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും. 8അങ്ങനെ നിങ്ങൾ എന്‍റെ ശിഷ്യന്മാരാകും; നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്‍റെ പിതാവ് മഹത്വപ്പെടുന്നു;.
9 പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുന്നു; എന്‍റെ സ്നേഹത്തിൽ വസിക്കുവിൻ. 10ഞാൻ എന്‍റെ പിതാവിന്‍റെ കല്പനകൾ പ്രമാണിച്ചു അവന്‍റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്‍റെ കല്പനകൾ പ്രമാണിച്ചാൽ എന്‍റെ സ്നേഹത്തിൽ വസിക്കും. 11എന്‍റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 12ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്‍റെ കല്പന. 13തന്‍റെ സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. 14ഞാൻ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്‍റെ സ്നേഹിതന്മാർ തന്നെ 15യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി വിളിക്കുകയില്ല; ഞാൻ എന്‍റെ പിതാവിൽനിന്ന് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു. 16നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിനും നിങ്ങളെ നിയോഗിച്ചുമിരിക്കുന്നു; നിങ്ങൾ എന്‍റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്ക് തരുവാനായിട്ടു തന്നെ. 17നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണ്ടതിന് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു കല്പിക്കുന്നു.
ലോകം നിങ്ങളെ വെറുക്കും
18 ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ അത് നിങ്ങൾക്ക് മുമ്പെ എന്നെ വെറുത്തിരിക്കുന്നു എന്നു അറിയുവിൻ. 19നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമെന്നപോലെ നിങ്ങളെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരല്ലാത്തതുകൊണ്ടും, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടും ലോകം നിങ്ങളെ വെറുക്കുന്നു. 20ഒരു ദാസൻ അവന്‍റെ യജമാനനേക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവാക്ക് ഓർക്കുവിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. 21എങ്കിലും എന്നെ അയച്ചവനെ അവർ അറിയാത്തതുകൊണ്ട് എന്‍റെ നാമംനിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും. 22ഞാൻ വന്നു അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല. 23എന്നെ വെറുക്കുന്നവൻ എന്‍റെ പിതാവിനെയും വെറുക്കുന്നു. 24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ അവർ കാണുകയും എന്നെയും എന്‍റെ പിതാവിനെയും വെറുക്കുകയും ചെയ്തിരിക്കുന്നു. 25“അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന് തന്നെ.
26 ഞാൻ പിതാവിന്‍റെ അടുക്കൽനിന്ന് നിങ്ങൾക്ക് അയയ്ക്കുവാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം പറയും. 27നിങ്ങൾ ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ട് നിങ്ങളും സാക്ഷ്യം പറയും.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

യോഹ. 15: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún യോഹ. 15