യോഹ. 14

14
വഴിയും സത്യവും ജീവനും യേശു
1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. 3ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും 4ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.
5തോമസ് അവനോട്: “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?“ എന്നു ചോദിച്ചു.
6യേശു അവനോട്: ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല. 7നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
8ഫിലിപ്പൊസ് അവനോട്: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; ഞങ്ങൾക്കു അത് മതി“ എന്നു പറഞ്ഞു.
9യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ? 10ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പ്രത്യുത പിതാവ് എന്നിൽ വസിച്ചുകൊണ്ട് തന്‍റെ പ്രവൃത്തി ചെയ്യുന്നു. 11ഞാൻ പിതാവിലും പിതാവ് എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. 12ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. 13നിങ്ങൾ എന്‍റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് ഞാൻ ചെയ്തുതരും. 14നിങ്ങൾ എന്‍റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തുതരും.
പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു
15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്‍റെ കല്പനകളെ പ്രമാണിക്കും. 16എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്‍റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും. 17ഈ സത്യത്തിന്‍റെ ആത്മാവിനെ ലോകം കാണുകയോ അറിയുകയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴിയുകയില്ല; എന്നാൽ അവൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ടു അവനെ നിങ്ങൾ അറിയുന്നു. 18ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും. 19കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും. 20ഞാൻ എന്‍റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. 21എന്‍റെ കല്പനകൾ ലഭിച്ചു അവയെ പ്രമാണിക്കുന്നവനാകുന്നു എന്നെ സ്നേഹിക്കുന്നവൻ; എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവ് സ്നേഹിക്കും; ഞാനും അവനെ സ്നേഹിച്ച് അവനു എന്നെത്തന്നെ വെളിപ്പെടുത്തും.
22ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: “കർത്താവേ, എന്ത് സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത്?“ എന്നു ചോദിച്ചു.
23യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എന്‍റെ വചനം പ്രമാണിക്കും; എന്‍റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്‍റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. 24എന്നെ സ്നേഹിക്കാത്തവൻ എന്‍റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്‍റെതല്ല എന്നെ അയച്ച പിതാവിൻ്റേതത്രേ എന്നു ഉത്തരം പറഞ്ഞു.
25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയയ്ക്കുവാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
27 സമാധാനം ഞാൻ നിങ്ങൾക്ക് തന്നിട്ടുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ ഇത് നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്. 28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവ് എന്നേക്കാൾ വലിയവനല്ലോ. 29അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കുകയില്ല; ഈ ലോകത്തിന്‍റെ പ്രഭു വരുന്നു; അവനു എന്‍റെ മേൽ ഒരു അധികാരവുമില്ല. 31എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.
എഴുന്നേല്പിൻ; നമുക്ക് ഇവിടെനിന്ന് പോകാം.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

യോഹ. 14: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún യോഹ. 14