യോഹ. 8
8
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ
1യേശു ഒലിവുമലയിലേക്ക് പോയി. 2അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു. 3അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്: 4“ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു. 5ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു.
6ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. 7അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു. 8വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
9അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു. 10യേശു നിവർന്നു അവളോട്:സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചു.
11അതിന്: “ഇല്ല കർത്താവേ“ എന്നു അവൾ പറഞ്ഞു.
ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.
യേശു ലോകത്തിന്‍റെ വെളിച്ചം
12യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
13പരീശന്മാർ അവനോട്: “നീ നിന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യമല്ല“ എന്നു പറഞ്ഞു.
14യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. 15നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. 16ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്‍റെ വിധി സത്യമാകുന്നു. 17രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. 18ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
19അവർ അവനോട്: “നിന്‍റെ പിതാവ് എവിടെ?“ എന്നു ചോദിച്ചു.
അതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. 20അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.
യേശു ഈ ലോകത്തിൽ നിന്നുള്ളവനല്ല
21അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
22 ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.
23അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. 24ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
25അവർ അവനോട്: “നീ ആർ ആകുന്നു?“ എന്നു ചോദിച്ചു.
അതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നെ. 26നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
27 പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല. 28ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും. 29എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്‌പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. 30അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്‍റെ ശിഷ്യന്മാരായി 32സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
33അവർ അവനോട്: “ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ?“ എന്നു ഉത്തരം പറഞ്ഞു.
34അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. 35അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
അബ്രാഹാമിന്‍റെ സന്തതികളോ? പിശാചിന്‍റെ സന്തതികളോ?
37 നിങ്ങൾ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. 38പിതാവിന്‍റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
39അവർ അവനോട്: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്“ എന്നു ഉത്തരം പറഞ്ഞു.
അതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്‍റെ മക്കൾ എങ്കിൽ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. 40എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. 41നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു.
അവർ അവനോട്: “ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നെ“ എന്നു പറഞ്ഞു.
42യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. 43എന്‍റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ. 44നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. 45ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? 47ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.
48യെഹൂദന്മാർ അവനോട്: “നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ?“ എന്നു പറഞ്ഞു.
49അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്‍റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. 50ഞാൻ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
അബ്രാഹാമിനുമുമ്പ് ഞാനുണ്ട് (യേശു)
51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാണുകയില്ല എന്നു ഉത്തരം പറഞ്ഞു.
52യെഹൂദന്മാർ അവനോട്: “നിനക്കു ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. 53ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു?“ എന്നു ചോദിച്ചു.
54അതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്‍റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. 55നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു. 56നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
57യെഹൂദന്മാർ അവനോട്: “നിനക്കു അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ?“ എന്നു ചോദിച്ചു.
58യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു. 59അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.
Айни замон обунашуда:
യോഹ. 8: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.