യോഹ. 9
9
കുരുടന് കാഴ്ച ലഭിക്കുന്നു
1യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു. 2അവന്‍റെ ശിഷ്യന്മാർ അവനോട്: “റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്‍റെ മാതാപിതാക്കളോ?“ എന്നു ചോദിച്ചു.
3അതിന് യേശു: അവനോ അവന്‍റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ. 4എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. 5ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്‍റെ കണ്ണിന്മേൽ തേച്ചു: 7നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു. ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
8അവന്‍റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: “ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ?“ എന്നു പറഞ്ഞു. 9“അവൻ തന്നെ“ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ “അത് ഞാൻ തന്നെ“ എന്നു അവൻ പറഞ്ഞു.
10അവർ അവനോട്: “നിന്‍റെ കണ്ണ് തുറന്നത് എങ്ങനെ?“ എന്നു ചോദിച്ചു.
11അതിന് അവൻ: “യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു“ എന്നു ഉത്തരം പറഞ്ഞു.
12“അവൻ എവിടെ?“ എന്നു അവർ അവനോട് ചോദിച്ചതിന്: “എനിക്കറിയില്ല“ എന്നു അവൻ പറഞ്ഞു.
13കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു. 15അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: “അവൻ എന്‍റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു“ എന്നു പറഞ്ഞു.
16പരീശന്മാരിൽ ചിലർ: “ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല“ എന്നു പറഞ്ഞു.
മറ്റുചിലർ: “പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും“ എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
17അവർ പിന്നെയും കുരുടനോട്: “നിന്‍റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു.
അതിന്: “അവൻ ഒരു പ്രവാചകൻ ആകുന്നു“ എന്നു അവൻ പറഞ്ഞു.
18കാഴ്ച പ്രാപിച്ചവൻ്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. 19“കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ?“ എന്നു അവർ അവരോട് ചോദിച്ചു. 20അതിന് അവന്‍റെ മാതാപിതാക്കൾ: “ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം. 21എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്‍റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവനു പ്രായം ഉണ്ടല്ലോ; അവൻ തന്നെ പറയും“ എന്നു ഉത്തരം പറഞ്ഞു. 22യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു 23അതുകൊണ്ടാണ് അവന്‍റെ മാതാപിതാക്കൾ അവനു പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: “ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു“ എന്നു പറഞ്ഞു.
25അതിന് അവൻ: “അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു“ എന്നു ഉത്തരം പറഞ്ഞു.
26അവർ അവനോട്: “അവൻ നിനക്കു എന്ത് ചെയ്തു? നിന്‍റെ കണ്ണ് എങ്ങനെ തുറന്നു?“ എന്നു ചോദിച്ചു.
27അതിന് അവൻ: “ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്‍റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ?“ എന്നു ഉത്തരം പറഞ്ഞു.
28അപ്പോൾ അവർ അവനെ ശകാരിച്ചു: “നീ അവന്‍റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. 29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല“ എന്നു പറഞ്ഞു.
30ആ മനുഷ്യൻ അവരോട്: “എന്‍റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്. 31പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. 32കുരുടനായി പിറന്നവൻ്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. 33ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവനു ഒന്നും ചെയ്‌വാൻ കഴിയുകയില്ല“ എന്നു ഉത്തരം പറഞ്ഞു.
34അവർ അവനോട്: “നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ?“ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
35അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36അതിന് അവൻ: “യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം“ എന്നു ഉത്തരം പറഞ്ഞു. 37യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നെ അവൻ എന്നു പറഞ്ഞു.
38അപ്പോൾ അവൻ: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു“ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
40അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: “ഞങ്ങളും കുരുടരോ?“ എന്നു ചോദിച്ചു.
41യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.
Айни замон обунашуда:
യോഹ. 9: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.