യോഹ. 7
7
യേശു കൂടാരപ്പെരുന്നാളിനുപോകുന്നു
1അതിന്‍റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. 2എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. 3അവന്‍റെ സഹോദരന്മാർ അവനോട്: “നീ ചെയ്യുന്ന പ്രവൃത്തികളെ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. 4പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക“ എന്നു പറഞ്ഞു. 5അവന്‍റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.
6യേശു അവരോട്: എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്‌പ്പോഴും സമയം തന്നെ. 7നിങ്ങളെ വെറുക്കാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്‍റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ച് സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ വെറുക്കുന്നു. 8നിങ്ങൾ പെരുന്നാളിന് പോകുവിൻ; ഞാൻ ഈ പെരുന്നാളിന് പോകുന്നില്ല; എന്തുകൊണ്ടെന്നാൽ എന്‍റെ നാഴിക ഇതുവരെയും വന്നിട്ടില്ല. 9ഇങ്ങനെ അവരോട് പറഞ്ഞിട്ട് ഗലീലയിൽ തന്നെ പാർത്തു.
10എന്നിരുന്നാലും അവന്‍റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യമായി തന്നെ പോയി. 11എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: “അവൻ എവിടെ?“ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. 12പുരുഷാരത്തിൽ അവനെക്കുറിച്ച് വളരെ വാദപ്രതിവാദങ്ങൾ ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റുചിലരും പറഞ്ഞു. 13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ച് സംസാരിച്ചില്ല.
യേശു പെരുന്നാൾ ദിനത്തിൽ ഉപദേശിക്കുന്നു
14പെരുന്നാൾ പകുതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുവാൻ തുടങ്ങി. 15വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ഇത്രയധികം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
16യേശു അവരോട് ഉത്തരം പറഞ്ഞത്: എന്‍റെ ഉപദേശം എന്‍റെതല്ല, എന്നെ അയച്ചവൻ്റേതത്രേ. 17ആരെങ്കിലും അവന്‍റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. 18സ്വയമായി പ്രസ്താവിക്കുന്നവനെല്ലാം സ്വന്തമഹത്വം അന്വേഷിക്കുന്നു; എന്നാൽ തന്നെ അയച്ചവൻ്റെ മഹത്വം അന്വേഷിക്കുന്നവനോ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. 19മോശെ നിങ്ങൾക്ക് ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്?
20അതിന് പുരുഷാരം: “നിനക്കു ഒരു ഭൂതം ഉണ്ട്; ആരാണ് നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത്?“ എന്നു ഉത്തരം പറഞ്ഞു.
21യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. 22മോശെ നിങ്ങൾക്ക് പരിച്ഛേദന നിയമിച്ചിരിക്കയാൽ അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്, നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. 23മോശെയുടെ ന്യായപ്രമാണത്തിന് നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ പൂർണ്ണമായി സൌഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? 24പുറമേയുള്ള കാഴ്ചപ്രകാരം വിധിക്കരുത്; നീതിയോടെ വിധിപ്പിൻ.
ഇവൻ ക്രിസ്തു ആകുന്നു
25യെരൂശലേമിൽനിന്നുള്ള ചിലർ: “അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? 26അവൻ പരസ്യമായി സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു അധികാരികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? 27എങ്കിലും ഈ മനുഷ്യൻ എവിടെനിന്ന് വരുന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് വരുന്നു എന്നു ആരും അറിയുകയില്ല“ എന്നു പറഞ്ഞു.
28യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. എന്നാൽ ഞാൻ സ്വയമായിട്ട് വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. 29ഞാൻ അവന്‍റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. 30അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്‍റെ നാഴിക വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവന്‍റെമേൽ കൈ വെച്ചില്ല.
31പുരുഷാരത്തിൽ പലരും: “ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളങ്ങൾ ചെയ്യുമോ?“ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
32പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ പിറുപിറുക്കുന്നു എന്നു പരീശന്മാർ കേട്ടപ്പോൾ അവനെ പിടിക്കേണ്ടതിന് മഹാപുരോഹിതന്മാരും പരീശന്മാരും പടയാളികളെ അയച്ചു. 33അപ്പോൾ യേശു: ഞാൻ ഇനി കുറച്ചുനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവൻ്റെ അടുക്കൽ പോകുന്നു. 34നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല; ഞാൻ പോകുന്നിടത്തേക്ക് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു പറഞ്ഞു. 35അത് കേട്ടിട്ടു യെഹൂദന്മാർ: “നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്ക് പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിക്കുവാൻ ഭാവമോ? 36നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ പോകുന്നിടത്ത് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു ഈ പറഞ്ഞവാക്ക് എന്ത്?“ എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
ജീവജലത്തിൻ്റെ നീരുറവകൾ
37ഉത്സവത്തിന്‍റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ. 38എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. 39അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപ്പെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു.
അധികാരികളുടെ അവിശ്വാസം
40പുരുഷാരത്തിൽ പലരും ആ വാക്ക് കേട്ടിട്ടു: “ഇതു തീർച്ചയായും ആ പ്രവാചകൻ ആകുന്നു“ എന്നു പറഞ്ഞു. 41മറ്റുചിലർ: “ഇവൻ ക്രിസ്തു ആകുന്നു“ എന്നു പറഞ്ഞു എന്നാൽ വേറെ ചിലർ: “ഗലീലയിൽ നിന്നാണോ ക്രിസ്തു വരുന്നത്?“ എന്നു പറഞ്ഞു. 42ദാവീദിന്‍റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്-ലേഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്ത് പറയുന്നില്ലയോ എന്നും പറഞ്ഞു. 43അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. 44അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്‍റെമേൽ കൈ വെച്ചില്ല.
45ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത്? എന്നു ചോദിച്ചതിന്: 46“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല“ എന്നു ചേവകർ ഉത്തരം പറഞ്ഞു.
47പരീശന്മാർ അവരോട്: “നിങ്ങളെയും വഴിതെറ്റിച്ചുവോ? 48അധികാരികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? 49ന്യായപ്രമാണം അറിയാത്ത ഈ പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു“ എന്നു ഉത്തരം പറഞ്ഞു. 50മുമ്പൊരിക്കൽ യേശുവിന്‍റെ അടുക്കൽ വന്നിരുന്നവനും പരീശന്മാരിൽ ഒരുവനുമായ നിക്കോദെമോസ് അവരോട്: 51“ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നത് എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ“ എന്നു പറഞ്ഞു.
52അവർ അവനോട്: “നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഒരു പ്രവാചകനും ഗലീലയിൽ നിന്നു വരുന്നില്ലല്ലോ“ എന്നു ഉത്തരം പറഞ്ഞു.
53അങ്ങനെ ഓരോരുത്തൻ താന്താന്‍റെ വീട്ടിൽപോയി.
Айни замон обунашуда:
യോഹ. 7: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.