യോഹ. 6
6
അഞ്ചപ്പവും രണ്ടുമീനും അയ്യായിരംപേർക്ക്
1അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിൻ്റെ അക്കരയ്ക്ക് പോയി. 2അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. 3യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. 4യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു.
5യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. 6ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7ഫിലിപ്പൊസ് അവനോട്: “ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല“ എന്നു ഉത്തരം പറഞ്ഞു.
8ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രോസിന്റെ സഹോദരനുമായ അന്ത്രെയാസ് അവനോട്: 9“ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടുമീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു?“ എന്നു പറഞ്ഞു.
10 ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. 11പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു.
12അവർക്ക് തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. 13അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
14അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: “ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം“ എന്നു പറഞ്ഞു.
യേശു കടലിന്മീതെ നടന്നു വരുന്നു
15അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി. 16സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി. 17അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. 18ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു. 19അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക#6:19 ഒരു നാഴിക എന്നാൽ 185 മീറ്റർ, 5-6 കിലോമീറ്റർ ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ടു പേടിച്ചു. 20അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 21അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
22പിറ്റെന്നാൾ കടലിനക്കരെ നിന്നിരുന്ന പുരുഷാരം, ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു. 23എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബര്യാസിൽനിന്ന് ചില പടകുകൾ എത്തിയിരുന്നു. 24യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടക് കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.
യേശു ജീവന്റെ അപ്പം
25കടലിനക്കരെ അവനെ കണ്ടെത്തിയപ്പോൾ: “റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു?“ എന്നു ചോദിച്ചു.
26അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. 27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
28അവർ അവനോട്: “ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ഞങ്ങൾ എന്ത് പ്രവൃത്തികളെ ചെയ്യേണം?“ എന്നു ചോദിച്ചു.
29യേശു അവരോട്: ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
30അവർ അവനോട്: “ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്ത് പ്രവർത്തിക്കുന്നു? 31നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നു; അവർക്ക് തിന്നുവാൻ സ്വർഗ്ഗത്തിൽനിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു.
32യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്ക് തന്നതു, എന്റെ പിതാവത്രെ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്ക് തരുന്നത്. 33ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.
34അവർ അവനോട്: “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ“ എന്നു പറഞ്ഞു.
35യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. 36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. 37പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. 38ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്. 39അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവൻ്റെ ഇഷ്ടം. 40പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
41 ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു: 42“ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ?“ എന്നു അവർ പറഞ്ഞു.
43യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; 44എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. 45എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. 46പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു.
47 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. 48ഞാൻ ജീവന്റെ അപ്പം ആകുന്നു. 49നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ. 50ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല. 51സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്റെ മാംസം ആകുന്നു.
52ആകയാൽ യെഹൂദന്മാർ ദേഷ്യത്തോടെ: “ഇവന്റെ മാംസം നമുക്കു തിന്നേണ്ടതിന് തരുവാൻ ഇവന് എങ്ങനെ കഴിയും?“ എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53യേശു അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും. 55എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവും ആകുന്നു. 56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. 57ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. 58സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. 59അവൻ കഫർന്നഹൂമിലെ പള്ളിയിൽവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു.
ശിഷ്യന്മാരിൽ പലരും യേശുവിനെ വിട്ടുപോകുന്നു
60അവന്റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ടു: “ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും“ എന്നു പറഞ്ഞു.
61ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നത് യേശു തന്നിൽതന്നേ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? 62മനുഷ്യപുത്രൻ മുമ്പെ ഇരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടാലോ? 63ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. 64എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു, കാരണം അവർ ആരെന്നും തന്നെ ഒറ്റികൊടുക്കുന്നവൻ ആരെന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു. 65ഇതുകൊണ്ടാണ് ഞാൻ നിങ്ങളോടു: പിതാവ് കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു.
66ഇതിനുശേഷം അവന്റെ ശിഷ്യന്മാരിൽ പലരും പിൻമാറിപ്പോയി, പിന്നീടൊരിക്കലും അവനോടുകൂടെ സഞ്ചരിച്ചില്ല. 67ആകയാൽ യേശു പന്തിരുവരോട്: നിങ്ങളും വിട്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ? എന്നു ചോദിച്ചു.
68ശിമോൻ പത്രൊസ് അവനോട്: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. 69നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു“ എന്നു ഉത്തരം പറഞ്ഞു.
70യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു പിശാച് ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിൻ്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. 71ഇവൻ പന്തിരുവരിൽ ഒരുവൻ എങ്കിലും അവനെ കാണിച്ചുകൊടുക്കുവാനുള്ളവൻ ആയിരുന്നു.
Айни замон обунашуда:
യോഹ. 6: IRVMAL
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.