Logotipo da YouVersion
Ícone de Pesquisa

ഉൽപ്പത്തി 18

18
മൂന്നു സന്ദർശകർ
1ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി. 2അദ്ദേഹം തലയുയർത്തിനോക്കിയപ്പോൾ മൂന്നുപുരുഷന്മാർ അടുക്കൽ നിൽക്കുന്നതു കണ്ടു; അവരെ കണ്ടമാത്രയിൽ, അദ്ദേഹം കൂടാരവാതിൽക്കൽനിന്ന് തിടുക്കത്തിൽ ചെന്ന് സാഷ്ടാംഗം വീണുവണങ്ങി അവരെ എതിരേറ്റു.
3“എന്റെ കർത്താവേ, അങ്ങേക്ക് കൃപയുണ്ടെങ്കിൽ അടിയനോടൊപ്പം കുറച്ചു സമയം ചെലവഴിക്കണേ.#18:3 മൂ.ഭാ. കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. 4ഞാൻ കുറച്ചുവെള്ളം കൊണ്ടുവരട്ടെ, നിങ്ങൾക്ക് എല്ലാവർക്കും കാലുകഴുകി ഈ മരത്തിന്റെ തണലിൽ വിശ്രമിക്കാമല്ലോ. 5ഞാൻ നിങ്ങൾക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, വിശപ്പടക്കിയശേഷം നിങ്ങൾക്കു യാത്ര തുടരാം. അവിടന്ന് അടിയന്റെ അടുക്കൽ വന്നതാണല്ലോ” എന്ന് അബ്രാഹാം പറഞ്ഞു. അതിനുത്തരമായി അവർ, “വളരെ നന്ന്, നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു പറഞ്ഞു.
6അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ#18:6 ഏക. 16 കി. ഗ്രാം. നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു.
7പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു. 8പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.
9“നിന്റെ ഭാര്യയായ സാറാ എവിടെ?” അവർ ചോദിച്ചു.
“കൂടാരത്തിലുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
10അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു. 11അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. 12“ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.
13അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
15സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു.
എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.
അബ്രാഹാം സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു
16ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു. അവർ താഴേ സൊദോമിലേക്കു തിരിഞ്ഞു. അബ്രാഹാം അവരെ യാത്രയയയ്ക്കാൻ അവരോടുകൂടെ നടന്നു. 17അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ? 18അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും.#18:18 ഉൽ. 48:20 19അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”
20പിന്നെ യഹോവ അരുളിച്ചെയ്തു: “സൊദോമിന്റെയും ഗൊമോറായുടെയും പാപം ഘോരമായതും അവർക്കു വിരോധമായുള്ള നിലവിളി വലിയതുമാകുന്നു. 21എന്റെ അടുക്കൽ എത്തിയിരിക്കുന്ന നിലവിളിക്കു തക്കവണ്ണം അവരുടെ പ്രവൃത്തി ദോഷപൂർണമാണോ എന്നുനോക്കി മനസ്സിലാക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.”
22ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു. 23പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു. 24നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ?#18:24 അഥവാ, ക്ഷമിക്കുകയില്ലേ. 25നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?”
26അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
27അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ! 28അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?”
“അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു.
29വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?”
“ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു.
30അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു.
അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു.
31“കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു.
“ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു.
32അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?”
“പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു.
33യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.

Destaque

Compartilhar

Copiar

None

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login

Vídeo para ഉൽപ്പത്തി 18