ഉൽപ്പത്തി 17
17
പരിച്ഛേദനം: ഉടമ്പടിയുടെ ചിഹ്നം
1അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം;#17:1 മൂ.ഭാ. സർവശക്തനായ ദൈവം; എൽ-ഷദ്ദായി. നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക. 2എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
3അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു, 4“നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും. 5ഇനിയൊരിക്കലും നീ അബ്രാം#17:5 കീർത്തിയേറിയ പിതാവ് എന്നർഥം. എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം#17:5 അനേകർക്കു പിതാവ് എന്നർഥം. എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: 6ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. 7എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. 8നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”
9ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. 10നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം#17:10 അതായത്, സുന്നത്ത് ചെയ്യണം. 11നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 12തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. 13നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. 14പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
15ദൈവം പിന്നെയും അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ ഭാര്യയായ സാറായിയെ ഇനിയൊരിക്കലും ‘സാറായി’ എന്നു വിളിക്കരുത്; അവളുടെ പേര് ‘സാറാ’ എന്നായിരിക്കും. 16ഞാൻ അവളെ അനുഗ്രഹിക്കും; അവളിൽ നിനക്കൊരു മകനെ നൽകും. അവൾ അനേകം ജനതകൾക്കു മാതാവായിത്തീരും. അതേ, ഞാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കും; ജനങ്ങളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉത്ഭവിക്കും.”
17അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു; അദ്ദേഹം ചിരിച്ചുകൊണ്ടു ഹൃദയത്തിൽ പറഞ്ഞു, “നൂറു വയസ്സായ മനുഷ്യനു മകൻ ജനിക്കുമോ? തൊണ്ണൂറാം വയസ്സിൽ സാറാ പ്രസവിക്കുമോ?” 18അബ്രാഹാം ദൈവത്തോട്: “അവിടത്തെ അനുഗ്രഹത്താൽ യിശ്മായേൽ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു.
19അപ്പോൾ ദൈവം അരുളിച്ചെയ്തത്: “അങ്ങനെയല്ല, നിന്റെ ഭാര്യയായ സാറാ നിനക്കൊരു മകനെ പ്രസവിക്കും; അവന് യിസ്ഹാക്ക്#17:19 അവൻ ചിരിക്കുന്നു എന്നർഥം. എന്നു നാമകരണം ചെയ്യണം. ഞാൻ അവനോടും അവനുശേഷം അവന്റെ സന്തതികളോടുമായി എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി ഉറപ്പിക്കും. 20യിശ്മായേലിനെ സംബന്ധിച്ച്, ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; നിശ്ചയമായും ഞാൻ അവനെ അനുഗ്രഹിക്കും; അവനെ സന്താനസമൃദ്ധിയുള്ളവനാക്കി അവന്റെ സംഖ്യ അത്യധികമായി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പിതാവായിത്തീരും; അവനെ ഒരു വലിയ ജനതയാക്കും. 21എന്നാൽ അടുത്തവർഷം, ഇതേ സമയത്ത് സാറാ നിനക്കു പ്രസവിക്കുന്ന മകൻ യിസ്ഹാക്കുമായിട്ടാണ് ഞാൻ എന്റെ ഉടമ്പടി സ്ഥിരപ്പെടുത്തുന്നത്.” 22ഇതു സംസാരിച്ചുതീർന്നപ്പോൾ ദൈവം അബ്രാഹാമിനെവിട്ട് ആരോഹണംചെയ്തു.
23ആ ദിവസംതന്നെ അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ ഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങിയവരുമായി, തന്റെ ഭവനത്തിൽ ഉണ്ടായിരുന്ന സകലപുരുഷപ്രജകളെയും കൂട്ടിക്കൊണ്ടുപോയി, ദൈവം തന്നോടു കൽപ്പിച്ചതിൻപ്രകാരം, അവർക്കു പരിച്ഛേദനം നടത്തി. 24പരിച്ഛേദനം ഏൽക്കുമ്പോൾ അബ്രാഹാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായിരുന്നു; 25അദ്ദേഹത്തിന്റെ മകൻ യിശ്മായേലിന് അപ്പോൾ പതിമ്മൂന്നുവയസ്സും ആയിരുന്നു. 26അബ്രാഹാമും അദ്ദേഹത്തിന്റെ മകനായ യിശ്മായേലും പരിച്ഛേദനം ഏറ്റത് ഒരേദിവസമായിരുന്നു. 27അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും വിദേശിയോടു വാങ്ങിയവരും ഉൾപ്പെടെ അബ്രാഹാമിന്റെ വീട്ടിൽ ഉണ്ടായിരുന്ന, എല്ലാ പുരുഷപ്രജകളും അദ്ദേഹത്തോടുകൂടെ പരിച്ഛേദനം ഏറ്റു.
Atualmente Selecionado:
ഉൽപ്പത്തി 17: MCV
Destaque
Compartilhar
Copiar
Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.